മോദി ഭരണത്തിന്‍ കീഴില്‍ സമ്പദ്ഘടന തകര്‍ന്നടിഞ്ഞു: ബിനോയ് വിശ്വം എംപി
മോദി ഗവണ്മെന്റിന്റെ ആദ്യത്തെ നാല് വര്‍ഷങ്ങളില്‍ 3,51,885 കോടിയാണ് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി എഴുതി തള്ളിയത്.
ന്യൂഡല്‍ഹി: മോദി ഭരണത്തിന്‍ കീഴില്‍ സമ്പദ്ഘടന തകര്‍ന്നടിഞ്ഞുവെന്ന് ബിനോയ് വിശ്വം എംപി. ഇന്നത്തെ നയങ്ങളും ഭരണവും മാറാതെ രാജ്യം രക്ഷപ്പെടില്ലെന്നും അതിനു സജ്ജമാകാന്‍ സമയമായെന്നും സമ്പദ് വ്യവസ്ഥയെക്കുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ബിനോയ് വിശ്വം പറഞ്ഞു.
നോട്ട് നിരോധനവും,ചരക്ക് സേവന നികുതിയും വിദേശ നിക്ഷേപവും മുഖേന രാജ്യത്തെ രക്ഷിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം പൊള്ളയാണ്. വാഗ്ദാനങ്ങളുടെ ശവപ്പറമ്പിലൂടെയാണ് ഇന്ന് രാജ്യം സഞ്ചരിക്കുന്നത്. വിദേശ നിക്ഷേപത്തിന്റെ ചിറകിലേറി സമ്പദ് വ്യവസ്ഥ രക്ഷപ്രാപിച്ച ഒരു രാജ്യത്തിന്റെ പേര് പറയാന്‍ ബിനോയ് വിശ്വം ധനമന്ത്രിയെ വെല്ലുവിളിച്ചു.
കോര്‍പ്പറേറ്റുകള്‍ക്ക് ചുമത്തിയ സര്‍ചാര്‍ജ് പിന്‍വലിച്ചതിലൂടെ സര്‍ക്കാര്‍ അതിന്റെ വര്‍ഗ നയമാണ് കാണിച്ചത്. മോദി ഗവണ്മെന്റിന്റെ ആദ്യത്തെ നാല് വര്‍ഷങ്ങളില്‍ 3,51,885 കോടിയാണ് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി എഴുതി തള്ളിയത്. 2018ല്‍ പൊതുമേഖലാ ബാങ്കുകള്‍ 1,49,800 കോടി രൂപ ലാഭമുണ്ടാക്കിയപ്പോള്‍ 2,16,400 കോടിയാണ് ചീത്ത കടങ്ങള്‍ എഴുതി തള്ളാനായി സര്‍ക്കാര്‍ മാറ്റിവയ്പിച്ചത്.ബാങ്കള്‍ക്കുണ്ടായ 66,600 കോടി രൂപയുടെ നഷ്ടത്തിന് സര്‍ക്കാര്‍ ഉത്തരം പറയണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.