ന്യൂഡല്‍ഹി: രാജ്യം കൊവിഡിന്റെ പിടിയില്‍ നില്‍ക്കുന്ന കാലത്തെങ്കിലും കേന്ദ്രസര്‍ക്കാര്‍ കേരളത്തോടുള്ള വിവേചനം അവസാനിപ്പിച്ച് സംസ്ഥാനത്തിന് ആവശ്യമായ പണം നല്‍കാന്‍ അടിയന്തരമായി തയ്യാറാവണമെന്ന് എ എം ആരിഫ് എംപി. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും കത്തെഴുതുകയും സന്ദേശം അയക്കുകയും ചെയ്തു. കൊവിഡ് നേരിടുന്നതിന് സംസ്ഥാനങ്ങള്‍ക്കായി 11092 കോടി രൂപയാണ് ആഭ്യന്തരമന്ത്രാലയം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടായി അനുവദിച്ചത്. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരായായിട്ടുള്ള മഹാരാഷ്ട്രയ്ക്ക് 1611 കോടി രൂപയും രണ്ടാമതുള്ള കേരളത്തിന് 157 കോടിയുമാണ് അനുവദിച്ചത്.
കേരളത്തിന്റെ അത്രത്തോളം പ്രശ്‌നബാധിത സംസ്ഥാനങ്ങളല്ലാത്ത ഉത്തര്‍പ്രദേശിന് 966 കോടിയും ഒഡീഷയ്ക്ക് 802 കോടിയും രാജസ്ഥാന് 740 കോടിയും ബീഹാറിന് 708 കോടിയും ഗുജറാത്തിന് 662 കോടിയും മധ്യപ്രദേശിന് 910 കോടിയുമാണ് അനുവദിച്ചത്. ഇതില്‍ നിന്നു വ്യക്തമാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് പക്ഷഭേദമായാണ് ഫണ്ട് വിതരണം നടത്തിയതെന്ന് കത്തില്‍ സൂചിപ്പിച്ചു. പ്രളയകാലത്ത് കേരളത്തിന് അരി നല്‍കിയ വകയില്‍ കേന്ദ്രസര്‍ക്കാര്‍ 205.81 കോടി രൂപയാണ് കേരള സര്‍ക്കാരിനോട് കേന്ദ്രം ഈ കൊവിഡ് കാലത്തും എഫ്‌സിഐയ്ക്ക് നല്‍കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. കൊവിഡ് കാലത്തെങ്കിലും കേരളത്തോടും കേരളീയരോടും അനുഭാവം കാണിക്കണമെന്നും കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ തുക നല്‍കാനും ഭക്ഷ്യധാന്യങ്ങള്‍ക്കായി സംസ്ഥാനത്തോട് ആവശ്യപ്പെട്ട തുക എഴുതിത്തള്ളാന്‍ തയ്യാറാവണമെന്ന് എ എം ആരിഫ് എംപി ആവശ്യപ്പെട്ടു.