കളരിപ്പയറ്റിന് പ്രത്യേക പരിഗണന ധനസഹായം, സ്‌കോളര്‍ഷിപ്പ്

Update: 2020-03-20 12:34 GMT

ന്യൂഡല്‍ഹി: കളരിപ്പയറ്റ് അടക്കമുള്ള തദ്ദേശീയ അയോധന കലകളെ യുവജന ക്ഷേമ കായിക മന്ത്രാലയത്തിന്റെ പ്രത്യേക പരിഗണനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ലോകസഭയില്‍ രേഖാമൂലം അറിയിച്ചു. കളരിപ്പയറ്റുമായി ബന്ധപ്പെട്ട ഗവേഷണ പഠനങ്ങള്‍ക്ക് ഒരു ആസ്ഥാനം കേരളത്തില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടി എന്‍ പ്രതാപന്‍ എംപി ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ഇന്ത്യന്‍ കളരിപ്പയറ്റ് അസോസിയേഷനെ പ്രാദേശിക പരമ്പരാഗത കായിക കല ഫെഡറേഷനായി കായിക മന്ത്രാലയം പ്രത്യേക പരിഗണിക്കുന്നതിന് പുറമെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ തദ്ദേശീയ കായിക വിനോദ, ആയോധന കലാ പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ ദേശീയ തലത്തില്‍ മത്സരങ്ങളും സംഘടിപ്പിചു വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഖേലോ ഇന്ത്യയുടെ ഭാഗമായി പരിഗണിക്കുന്ന കായിക ഇനങ്ങളില്‍ കളരിപ്പയറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളരിപ്പയറ്റ് പരിശീലനത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ക്കും, പരിശീലകര്‍ക്കും പ്രത്യേക ധാനസഹായമ നല്‍കാനും കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പദ്ധതികളുണ്ട്.

തിരുവന്തപുരത്തും ആറന്മുളയിലും രണ്ട് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലേക്ക് 80 ലക്ഷം രൂപയും ഈ കേന്ദ്രങ്ങളില്‍ പരിശീലകരെ നിയമിക്കുന്നതിനായി ഒരാള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ കണക്കാക്കി മൂന്ന് സാമ്പത്തിക വര്‍ഷത്തിലേക്കായി 60 ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ട്. ഇത് 20202021 സാമ്പത്തിക വര്ഷം വരെയാണ് കണക്കാക്കിയിരിക്കുന്നത്. കൂടാതെ, ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ നടത്തുന്ന മത്സരങ്ങളില്‍ ജേതാക്കളാകുന്ന 73 പേര്‍ക്ക് പതിനായിരം രൂപയുടെ പ്രത്യേക സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

Tags:    

Similar News