പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്ന് ഹൈബി ഈഡന്‍ എംപി

Update: 2020-03-20 12:26 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 ലോക സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചിരിക്കുകയാണെന്നും ജനങ്ങളുടെ ജീവനും ജീവിത മാര്‍ഗ്ഗവും അപകടത്തിലാണെന്നും ഈ പ്രത്യേക സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും മേലുള്ള തീരുവകളും റോഡ് സെസ്സും വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് ഹൈബി ഈഡന്‍ എംപി ലോക് സഭയില്‍ ആവശ്യപ്പെട്ടു.

ഒരു ഡസനോളം തവണയാണ് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുവ വര്‍ദ്ധനയിലൂടെ ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണ വില കുറയുമ്പോള്‍ അതിന്റെ ഒരാനുകൂല്യവും ജനങ്ങള്‍ക്ക് നേരിട്ട് ലഭിക്കാത്ത സാഹചര്യം സൃഷ്ടിച്ചത്. ഏറ്റവുമൊടുവില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 25 ഡോളറിലേക്കാണ് കൂപ്പു കുത്തിയത്.

എക്‌സൈസ് നികുതിയില്‍ പെട്രോള്‍, ഡീസല്‍ ലിറ്ററിന് മൂന്നു രൂപ വീതമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിന്റെ പ്രത്യേക എക്‌സൈസ് നികുതി രണ്ടു രൂപ വര്‍ധിപ്പിച്ചു എട്ട് രൂപയാക്കി. ഡീസലിന്റേത് നാല് രൂപയായും വര്‍ധിപ്പിച്ചു. റോഡ് സെസും ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്.

അസംസ്‌കൃത എണ്ണയുടെ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാത്തതിലൂടെ 3.4 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്നതെന്ന് പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ കാലത്ത് 5.73 ലക്ഷം കോടി രൂപയാണ് എണ്ണ സബ്‌സിഡി ഇനത്തില്‍ നല്കിയിരുന്നതെന്നും എംപി ചൂണ്ടിക്കാട്ടി.

Tags:    

Similar News