സൗദിയിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പാസ്; നടപടി സ്വീകരിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി

Update: 2020-04-24 11:19 GMT

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കു ആവശ്യമായ പാസ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എംപി ഇന്ത്യന്‍ അംബാസിഡര്‍ക്ക് കത്തയച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര വകുപ്പും സാക്ഷ്യപ്പെടുത്തിയ പാസില്ലാതെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അതുപോലെ തന്നെ സൗദിയില്‍ ലഭ്യമല്ലാത്ത അവശ്യമരുന്നുകള്‍ ഇന്ത്യയില്‍ നിന്നെത്തിക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ടും ശ്രദ്ധയില്‍പ്പെടുത്തി.

    വന്‍ തുക കാര്‍ഗോ ചാര്‍ജ് നല്‍കി ഇന്ത്യയില്‍ നിന്നയക്കുന്ന മരുന്നുകള്‍ എയര്‍പോര്‍ട്ടിലെത്തി നേരിട്ടുവാങ്ങണം. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ മൂലം ഇത് വളരെ പ്രയാസമാണ്. ഇങ്ങനെ അയക്കുന്ന അത്യാവശ്യമരുന്നുകള്‍ എയര്‍പോര്‍ട്ടില്‍ നിന്നു വാങ്ങി രോഗികള്‍ക്ക് എത്തിക്കാന്‍ എംബസി സംവിധാനം ഉണ്ടാക്കണം. സൗദിയിലെ പ്രവാസി സംഘടന ഭാരവാഹികള്‍ അടൂര്‍ പ്രകാശ് എംപിയുടെ ശ്രദ്ധയില്‍പെടുത്തിയ ഈ ആവശ്യങ്ങള്‍ക്ക് അടിയന്തിര പരിഹാരം വേണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.




Tags:    

Similar News