കാര്‍ഡിഫ്: സൂപ്പര്‍ താരം ഗാരെത് ബെയ്ല്‍ ഗോളടിച്ച നാഷന്‍സ് ലീഗിലെ ബി ഗ്രൂപ്പ് മല്‍സരത്തില്‍വെയില്‍സിന് തകര്‍പ്പന്‍ ജയം. അയര്‍ലണ്ടിനെ അവരുടെ തട്ടകത്തില്‍ വച്ച് ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ടീം പരാജയപ്പെടുത്തിയത്. ക്ലബ് ഫുട്‌ബോളിലെ തന്റെ ഫോം രാജ്യത്തിനും വേണ്ടി തുടരുകയായിരുന്നു ഗാരെത് ബെയ്ല്‍. മല്‍സരത്തില്‍ ഒരു ഗോള്‍ സ്വന്തമാക്കുകയും ഒരു ഗോളിന് വഴിയൊരുക്കിയുമാണ് ബെയില്‍ ആരാധകരുടെ അഭിമാന താരമായത്.
മല്‍സരത്തിലെ ആറാം മിനിറ്റില്‍ ടോം ലോറന്‍സിലൂടെയാണ് ബെയില്‍ മുന്നിലെത്തിയത്. തുടര്‍ന്നുള്ള 18ാം മിനിറ്റിലാണ് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരത്തിന്റെ ഗോള്‍ നേട്ടം. 37ാം മിനിറ്റില്‍ ആഴ്‌സനല്‍ സൂപ്പര്‍ താരം ആരോണ്‍ റംസിയുടെ ഗോളും വന്നുവീണതോടെ വെയില്‍സ് വമ്പന്‍ ജയം തന്നെ മുന്നില്‍ കണ്ടു. വെയില്‍സ് 3-0ന് മുന്നില്‍. രണ്ടാം പകുതിയില്‍ സ്വാന്‍സി താരം കോണോര്‍ റോബര്‍ട്ട് കൂടി ഗോള്‍ കണ്ടെത്തിയതോടെ വെയില്‍സിന്റെ അക്കൗണ്ടില്‍ നാലാം ഗോളും ചേര്‍ക്കപ്പെട്ടു. എന്നാല്‍ വന്‍ പരാജയം മുന്നില്‍ കണ്ട അയര്‍ലന്‍ഡ് കോച്ച് മാര്‍ട്ടിന്‍ ഒ നീല്‍ പ്രതിരോധവും മുന്നേറ്റവും ശക്തിപ്പെടുത്താനായി മധ്യനിര താരം ഷോണ്‍ വില്യംസിനെ കളത്തിലിറക്കി. 10 മിനിറ്റുകള്‍ക്കുള്ളില്‍ ഗോള്‍ കണ്ടെത്തിയ വില്യംസ് അയര്‍ലന്‍ഡിന് ആശ്വാസ ഗോളും സമ്മാനിച്ചു. അയര്‍ലണ്ടിനെതിരായ വെയില്‍സിനെ ഏറ്റവും വലിയ വിജയമാണിത്. 1981ലെ 3-1 വിജയമായിരുന്നു ഇതുവരെ വെയില്‍സിന്റെ അയര്‍ലണ്ടിനെതിരായ മികച്ച ജയം. ജയത്തോടെ വെയില്‍സ് ബി ലീഗിലെ നാലാം ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി ഒന്നാമതെത്തി.