ഇന്ത്യക്കെതിരേ വിന്‍ഡീസ് കരകയറുന്നു

Update: 2018-10-12 17:55 GMT
ഹൈദരാബാദ്: ജയത്തോടെ സമനില സ്വന്തമാക്കാനുറച്ച് ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇറങ്ങിയ വിന്‍ഡീസ് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കരകയറുന്നു.റോസ്റ്റന്‍ ചേസിന്റെ(98*) അപരാജിത ഇന്നിങ്‌സ് മികവില്‍ വിന്‍ഡീസ് ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 295 റണ്‍സെന്ന നിലയിലാണ്. കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്നും അല്‍പമെങ്കിലും മോചിതനായി കളിക്കളത്തില്‍ ഇറങ്ങിയ ജേസന്‍ ഹോള്‍ഡറിന്റെ നായകത്വത്തിലാണ് വിന്‍ഡീസ് ഇന്ത്യക്കെതിരേ പാഡണിഞ്ഞത്. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവും ഉമേഷ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ അശ്വിന്‍ ഒരു വിക്കറ്റും നേടി. നായകന്‍ ജേസന്‍ ഹോള്‍ഡര്‍ അര്‍ധ സെഞ്ച്വറി(52) നേടി തിരിച്ചു വരവ് ഗംഭീരമാക്കി.


ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു. ഓപണിങിനിറങ്ങിയ ക്രെയ്ഗ് ബ്രാത് വെയ്റ്റും കഴിഞ്ഞ കളിയില്‍ വിന്‍ഡീസിനായി അര്‍ധ ശതകം കുറിച്ച കീറന്‍ പവലും ചേര്‍ന്ന് മികച്ച തുടക്കത്തിന് ശ്രമിച്ചു. എങ്കിലും 12ാം ഓവറില്‍ സ്‌കോര്‍ 32ല്‍ നില്‍ക്കേ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയിരുന്ന കീറന്‍ പവലിനെ (22) ജഡേജയുടെ കൈകളിലെത്തിച്ച് അശ്വിന്‍ കാരീബിയന്‍സിന് ആദ്യ പ്രഹരം സമ്മാനിച്ചു. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സ് കൂടി വീഴുന്നതിനിടെ ബ്രാത്‌വെയ്റ്റ് കൂടി മടങ്ങിയതോടെ വിന്‍ഡീസ് ആദ്യ ടെസ്റ്റിലെ സമാന ദുരന്തം മുന്നില്‍ കണ്ടു. 14 റണ്‍സെടുത്ത ബ്രാത്‌വെയ്റ്റ് കുല്‍ദീപിന്റെ എല്‍ ബിയില്‍ കുരുങ്ങുകയായിരുന്നു.
പിന്നീട് 32ാം ഓവറില്‍ ഉമേഷ് യാദവിന്റെ ഊഴമായിരുന്നു. അതുവരെ മികച്ച രീതിയില്‍ ബാറ്റേന്തിയിരുന്ന ഹോപ്പിനെ (36) ഉമേഷ് വിക്കറ്റിന് മുന്നില്‍ കുരുക്കിയതോടെ മൂന്നിന് 86 എന്ന നിലയില്‍. തുടര്‍ന്ന് ആറ് റണ്‍സ് കൂടി ടീം സ്‌കോര്‍ബോര്‍ഡില്‍ ചേരുന്നതിനിടെ ഹിറ്റ്‌മെയറെയും(12) പുറത്താക്കി കുല്‍ദീപ് വിക്കറ്റ് നേട്ടം രണ്ടാക്കി. തുടര്‍ന്നെത്തിയ അംബിസിനും(18) അധികം ആയുസുണ്ടായിരുന്നില്ല. അഞ്ചിന് 113 എന്ന നിലയില്‍ നിന്നാണ് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചെയ്‌സും ഡൗറിച്ചും ചേര്‍ന്ന് വിന്‍ഡീസ് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. എന്നാല്‍ ടീം രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ഇവരുടെ കൂട്ടുകെട്ട് പൊളിച്ച് ഉമേഷ് യാദവ് വീണ്ടും മല്‍സരം ഇന്ത്യയുടെ ഭാഗത്താക്കി. 30 റണ്‍സടിച്ച ഡൗറിച്ചിനെ ഉമേഷ് വിക്കറ്റിന് മുന്നില്‍ കുരുക്കി. തുടര്‍ന്നെത്തിയ ജേസന്‍ ഹോള്‍ഡറും റോസ്റ്റന്‍ ചേസും ചേര്‍ന്ന് വീണ്ടും വിന്‍ഡീസിനെ കൈപിടിച്ചുയര്‍ത്തി. ഇരുവരും ചേര്‍ന്ന് 104 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിന്‍ഡീസിന് വേണ്ടി കെട്ടിപ്പടുത്തത്.
Tags:    

Similar News