ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 51 ആയി. ദേശീയ മലേറിയ ഗവേഷണ കേന്ദ്രത്തില്‍ നിന്നെത്തിയ സംഘം ജയ്പൂരില്‍ നിന്നു ശേഖരിച്ച പുതിയ കൊതുക് സാമ്പിളുകളുടെ പരിശോധനയില്‍ 50 ലേറെ പേര്‍ക്ക് സിക്ക ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 11 പേര്‍ ഗര്‍ഭിണികളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
ശാസ്ത്രി നഗര്‍ മേഖലയിലെ രാജ്പുട്ട് ഹോസ്റ്റലിലെ മൂന്നു വിദ്യാര്‍ഥികള്‍ക്കു കൂടി വൈറസ് സ്ഥിരീകരിച്ചതായും അവര്‍ പറഞ്ഞു. സിന്ധി ക്യാംപില്‍ നിന്നും ശേഖരിച്ച കൊതുകു സാമ്പിളുകളിലും സിക്ക വൈറസ് കണ്ടെത്തിയിട്ടുണ്ട്. ജനസാന്ദ്രത കൂടിയ ശാസ്ത്രി നഗറില്‍ നിന്നു ശേഖരിച്ച കൊതുകുകളാണ് രോഗം പടര്‍ത്തിയതെന്നാണ് സംശയിക്കുന്നത്. സെപ്തംബര്‍ 22ന് 85 വയസ്സുള്ള വയോധികയ്ക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികില്‍സയ്ക്കു ശേഷം 30 രോഗികളുടെ നില മെച്ചപ്പെട്ടതായും ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു.