Big stories

ട്രംപിന്റെ വരട്ടുവാദങ്ങളും ഇവാഞ്ചലിസ്റ്റുകളുടെ അതിമോഹങ്ങളും

ട്രംപിന്റെ വരട്ടുവാദങ്ങളും ഇവാഞ്ചലിസ്റ്റുകളുടെ അതിമോഹങ്ങളും
X

അബ്ദുല്ല അന്‍സാരി

കാലം മാറിയപ്പോള്‍, ഡീപ് സ്‌റ്റേറ്റ് എന്ന യാഥാര്‍ഥ്യത്തിനും പരിണാമം സംഭവിച്ചിരിക്കുന്നു. ഡീപ് സ്‌റ്റേറ്റിന് പല നിര്‍വചനങ്ങളുമുണ്ട്. നിക്ഷിപ്ത ലക്ഷ്യങ്ങളും അജണ്ടയുമായി, അധികാര കേന്ദ്രങ്ങളുടെ പിന്നാമ്പുറങ്ങളില്‍ വളരെ നിഗൂഢവും അനധികൃതവുമായി സമാന്തര അധികാര ശൃംഖലകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തിക്കുന്ന, അദൃശ്യ അധോലോക ഗവണ്‍മെന്റാണ് ഡീപ് സ്‌റ്റേറ്റ് എന്ന് ചുരുക്കത്തില്‍ പറയാം. അധികാരത്തില്‍ ഇരിക്കുന്നവരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളും അകമഴിഞ്ഞ നിഗൂഢ പിന്തുണയാണ് അതിന്റെ ജീവവായു. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ കോര്‍പറേറ്റ് കുത്തകകളും വന്‍കിട മാഫിയകളും തുടങ്ങി പ്രാദേശിക, പ്രവിശ്യാ തലങ്ങളില്‍ എത്തുമ്പോള്‍ നമ്മുടെ നാട്ടിലെ സംവരണ സംവിധാനത്തെ നിരന്തരമായി അട്ടിമറിച്ചുകൊണ്ടിരിക്കുന്ന സവര്‍ണ ഒളിഗാര്‍ക്കി മുതല്‍ പിന്‍വാതില്‍ നിയമനം, ഇടതുപക്ഷ സര്‍ക്കാരിലെ സംഘപരിവാര്‍ സ്വാധീനം തുടങ്ങിയവ വരെ ഇതിന്റെ പരിധിയില്‍ പെടും. അടുത്ത കാലം വരെ നിരവധി മറകള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്ന ഡീപ് സ്‌റ്റേറ്റ്, ഇപ്പോള്‍ എല്ലാവിധ മറകളും ഭേദിച്ച്, സാവകാശം സാക്ഷാല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. 2019 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുടനെ എന്‍സിപി നേതാവ് ശരദ് പവാര്‍, ഗൗതം അദാനിയുടെ മധ്യസ്ഥതയില്‍ ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്ന, അജിത് പവാറിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാണ്. ട്രംപിന്റെ ഭരണത്തില്‍ കേവല ഉപദേശകന്‍ മാത്രമല്ല, നിര്‍ണായക സ്വാധീനമുള്ള വ്യക്തി കൂടിയാണ് കുത്തക ഭീമന്‍ ഇലോണ്‍ മസ്‌ക്. ജര്‍മന്‍ തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ കക്ഷിയായ എഎഫ്ഡിക്ക് അയാള്‍ പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നതു കൂടി ഓര്‍ക്കണം. അമേരിക്കയുടെ ദേശീയ അന്തര്‍ദേശീയ നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഇവാഞ്ചലിസ്റ്റുകള്‍ക്കുള്ള പങ്ക് ഏറെ വലുതാണ്.


ഇലക്ഷൻ കാമ്പയിൻ വ്യാപകമായി ഉപയോഗിച്ചിരുന്ന തൊപ്പി

അവശേഷിക്കുന്ന 20 ലക്ഷം വരുന്ന ഫലസ്തീന്‍ ജനതയെ നാടുകടത്തി, ഗസ തുരുത്തിനെ തങ്ങളുടെ പശ്ചിമേഷ്യയിലെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റാന്‍, സേനയെ അയക്കാന്‍ ഒരുക്കമാണെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നു. തകര്‍ന്നുതരിപ്പണമായ ഗസയില്‍, തദ്ദേശീയ ജനതയ്ക്ക് ഇനിയും ജീവിതം സാധ്യമല്ല. അവര്‍ക്ക് സമാധാനവും സന്തോഷവും വേണമെന്നുള്ളവര്‍, അവരെ മറ്റെവിടെയെങ്കിലും കുടിയിരുത്തുകയാണ് വേണ്ടത്. ഇങ്ങനെ പോകുന്നു കുപ്രസിദ്ധ റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയായ ട്രംപിന്റെ പുതിയ വരട്ടുവാദങ്ങള്‍. മരുമകന്‍ ജാരെഡ് കുഷ്‌നര്‍ (Jared Kushner) കഴിഞ്ഞവര്‍ഷം അവതരിപ്പിച്ച 'ഗസ സുഖവാസ കേന്ദ്ര' പദ്ധതിയാണ് പൊടിതട്ടിയെടുത്ത്, വൈറ്റ്ഹൗസില്‍ നെതന്യാഹുവിനെ സാക്ഷി നിര്‍ത്തി, നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ട്രംപ് പ്രഖ്യാപിച്ചത്.

അയല്‍പക്കത്തെ ഗ്രീന്‍ലന്‍ഡ് ദ്വീപും പാനമ കനാലും പിടിച്ചടക്കുമെന്നും കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കി മാറ്റുമെന്നും കൂടി ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ജോര്‍ദാനും ഈജിപ്തും മറ്റ് അറബ് രാജ്യങ്ങളും ചേര്‍ന്ന് 20 ലക്ഷം ഗസക്കാരെ ഏറ്റെടുത്ത് സ്ഥലം കാലിയാക്കി തരണം. പൊട്ടാതെ കിടക്കുന്ന ബോംബുകള്‍ നിര്‍വീര്യമാക്കി ലോകത്തുടനീളമുള്ള ജനങ്ങളുടെ ഇഷ്ട വിനോദകേന്ദ്രമാക്കി തുരുത്തിനെ പരിവര്‍ത്തിപ്പിക്കും. ട്രംപിന്റെ സ്വപ്‌ന പദ്ധതി തരക്കേടില്ല. നെതന്യാഹുവും പുതിയ സ്‌റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ (Marco Rubio) യും ട്രംപിനെ സമൂഹമധ്യത്തില്‍ വാഴ്ത്താന്‍ മറ്റെന്തു വേണം. 'ഗസയെ വീണ്ടും സുന്ദരമാക്കാം' ദൗത്യം ഏറ്റെടുക്കാന്‍ യുഎസ് സന്നദ്ധമാണെന്നും, പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനമാണ് ഏവരുടെയും ലക്ഷ്യമെന്നും റൂബിയോ എക്‌സില്‍ കുറിച്ചു. ഗസ ഏറ്റെടുക്കാന്‍ സൈനിക നീക്കമടക്കം ആവശ്യമായതെന്തും ചെയ്യുമെന്ന് ട്രംപ് ആവര്‍ത്തിക്കുന്നുണ്ട്. പശ്ചിമേഷിയില്‍ സമാധാനം നിലനിര്‍ത്താന്‍ വേണ്ടി എന്തും ചെയ്യാനും അയാള്‍ ഒരുക്കമാണത്രേ. 'ഗസ ഏറ്റെടുക്കാന്‍ യു.എസ് സൈനികരുടെ ആവശ്യം വേണ്ടിവരില്ല; ഇസ്രായേല്‍, പ്രദേശം തങ്ങള്‍ക്ക് ദാനമായി നല്‍കും' പിന്നീട് ട്രംപ് തിരുത്തി.

ഫലസ്തീനികളില്ലാത്ത ഗസയെന്ന മോഹം അംഗീകരിക്കാന്‍ ആവില്ലെന്ന്, ചതിക്കും വഞ്ചനയ്ക്കും നെറികേടിനും എക്കാലവും ചൂട്ടുപിടിച്ച ബ്രിട്ടനടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം എന്ന നിലപാടില്‍ വിട്ടുവീഴ്ച ഇല്ലെന്നും ഫലസ്തീനികളുടെ ഭൂമി കൈയേറാനുള്ള ഇസ്രയേല്‍ നടപടികളെ അംഗീകരിക്കില്ലെന്നും സൗദി അറേബ്യയും വ്യക്തമാക്കിട്ടുണ്ട്. ഇതര അറബ് രാജ്യങ്ങളും കടുത്ത ഭാഷയില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തങ്ങളുടെ നിലപാട് എത്രത്തോളം സ്ഥിരതയുള്ളതാണെന്ന് കാലം തന്നെ തെളിയിക്കേണ്ടി വരും.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ ഉടന്‍, ആവേശഭരിതരായ അനുയായികളെയും തന്നെ പിന്തുണയ്ക്കുന്ന വമ്പിച്ച ജനക്കൂട്ടത്തെയും സാക്ഷിനിര്‍ത്തി, ജൂലൈ 13ലെ പഴയ പെന്‍സില്‍വേനിയ വധശ്രമത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ട്രംപ് പ്രഖ്യാപിച്ചു; 'ദൈവം ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് എന്നെ രക്ഷിച്ചത്. 'നമ്മുടെ രാജ്യത്തെ രക്ഷിക്കുകയും അതിനെ മഹത്വത്തിന്റെ കൊടുമുടിയില്‍ എത്തിക്കുകയും ചെയ്യുക' എന്നതുമാണ് ആ ലക്ഷ്യം. ഇപ്പോള്‍ നാം ഒരുമിച്ച് ആ ലക്ഷ്യം നിറവേറ്റാന്‍ പോകുന്നു. നമ്മുടെ മുന്നിലുള്ള ദൗത്യം അത്ര എളുപ്പമല്ല, പക്ഷേ, എന്റെ ആത്മാവിലുള്ള ഓരോ തരി ഊര്‍ജവും സിരകളിലെ അവസാനത്തെ ചൈതന്യവും പോരാട്ട വീര്യവും ദൈവം എന്നെ ഏല്‍പ്പിച്ച ചുമതലയ്ക്കായി ഞാന്‍ തീര്‍ച്ചയായും വിനിയോഗിക്കും'(Donald Trump says God spared my life for a reason…,Sumanti Sen, Nov 06, 2024, Hindustan Times).

കഴിഞ്ഞ വര്‍ഷം, ക്രിസ്ത്യന്‍ ടിവി അവതാരകനായ പ്രമുഖ ഇവാഞ്ചലിസ്റ്റ്, ഹങ്ക് കുന്നേമാന്‍ (Hank Kunneman) കഴിഞ്ഞ ഇലക്ഷന്‍ പ്രക്രിയയെ വിശേഷിപ്പിച്ചത് 'നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം' എന്നാണ്.


ഹങ്ക് കുന്നേമാൻ

'പ്രസിഡന്റ് ട്രംപില്‍ ശത്രുക്കള്‍ ഭയപ്പെടുന്ന ഒരു ഘടകമുണ്ട്. അതിനെ നാം അഭിഷേകം എന്ന് വിളിക്കും'; തിരഞ്ഞെടുപ്പിന് ശേഷം കുന്നേമാന്‍ പറഞ്ഞു. ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ മേല്‍ ആകമാനം എണ്ണ പുരട്ടി വിശുദ്ധമായി പ്രഖ്യാപിക്കുന്ന ഇസ്രായേല്‍ സമൂഹത്തിന്റെ പരമ്പരാഗത ആചാരമാണ് ബൈബിള്‍ പ്രകാരം അഭിഷേകം. ഇവാഞ്ചലിസ്റ്റുകളില്‍ ചിലര്‍ക്ക്, ട്രംപ് പുതിയ കാലത്തെ മോശയും രക്ഷകനുമാണ്. അമേരിക്കയിലെ അറിയപ്പെടുന്ന ഇവാഞ്ചലിസ്റ്റുകളില്‍ ഒരാളായ റവ. ഫ്രാങ്ക്‌ലിന്‍ ഗ്രഹാ(Rev. Franklin Graham)മിനെ സംബന്ധിച്ചിടത്തോളം ട്രംപ്, 'ലോകത്തെ രക്ഷിക്കുക' എന്ന ദൗത്യത്തിനായി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണെന്നതില്‍ സംശയമില്ല. 'ചെവിയിലൂടെ തുളച്ചു കയറിയ ബുള്ളറ്റ്, തലച്ചോറില്‍നിന്ന് കേവലം ഒരു മില്ലിമീറ്റര്‍ മാത്രം തെറ്റി, കാഞ്ചി വലിച്ച അവസാന നിമിഷത്തില്‍ തല അല്പമൊന്ന് തിരിഞ്ഞു. ദൈവം തന്റെ പ്രത്യേക കൃപയാല്‍ തല തിരിച്ച് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു.' അദ്ദേഹം പ്രഖ്യാപിച്ചു. 'ട്രംപ് തന്റെ ആദ്യ ടേമില്‍ ഒരു വാഗ്ദാനം നല്‍കിയിരുന്നു; യുഎസ് സുപ്രി കോടതിയില്‍ ഗര്‍ഭഛിദ്ര വിരുദ്ധ ജഡ്ജിമാരെ നിയമിക്കുമെന്ന്. നിയുക്ത പ്രസിഡന്റ് ആത്മാര്‍ഥതയുള്ള വ്യക്തിയാണെന്ന് ഇത് തെളിയിക്കുന്നു. െ്രെകസ്തവതയുടെയും രാജ്യത്തെ സുവിശേഷകരുടെയും വിജയമാണത്. ഡെമോക്രാറ്റുകള്‍ക്ക് സംരക്ഷിക്കാന്‍ കഴിയാത്ത മത മൂല്യങ്ങളെ നിയുക്ത പ്രസിഡന്റ് സംരക്ഷിക്കു'മെന്ന് നാം ഉറച്ച് വിശ്വസിക്കുന്നു' ഫ്രാങ്ക്‌ലിന്‍ ഗ്രഹാം വ്യക്തമാക്കി (Political Evangelism in God's Ole Patry, Michael Ross, Janu-ary 17, 2025, Critical database in humanities, science and global justice). LGBTQ വിനെതിരേ സ്വീകരിച്ച ട്രംപിന്റെ വിട്ടുവീഴ്ച ഇല്ലാത്ത പുതിയ നിലപാടുകളും ഇവാഞ്ചലിസ്റ്റുകള്‍ തങ്ങളുടെ നേട്ടമായി ഏറെ ആഘോഷിക്കുന്നുണ്ട്.


റവ. ഫ്രാങ്ക്ലിൻ ഗ്രഹാം

ഇസ്രയേലിലെ അംബാസഡറായി മൈക്ക് ഹക്കബി(Mike Huckabee)യെ തിരഞ്ഞെടുത്തത് തന്നെ, ഇനിയുള്ള കാലം മതമാണ് യുഎസിന്റെ വിദേശ നയങ്ങള്‍ക്ക് രൂപം നല്‍കുക എന്ന സൂചനയാണ്. ഇസ്രായേലിനെ തീക്ഷ്ണമായി പിന്തുണയ്ക്കുന്ന യുഎസ് ഇവാഞ്ചലിസ്റ്റുകളില്‍ ഒരാളാണ് ഹക്കബി. ക്രിസ്തുവിന്റെ രണ്ടാം വരവിലേക്ക് നയിക്കുന്ന സംഭവ വികാസങ്ങള്‍ വേഗത്തിലാക്കാന്‍, അധിനിവേശ വെസ്റ്റ് ബാങ്കും ഗസയും ഉള്‍പ്പെടെ, ബൈബിള്‍ പരാമര്‍ശിച്ച മൊത്തം പ്രദേശങ്ങളും യഹൂദന്മാരാല്‍ നിറയണമെന്ന് ഇവാഞ്ചലിസ്റ്റുകള്‍ ദൃഢമായി വിശ്വസിക്കുന്നു. തുടര്‍ന്ന് ക്രിസ്തു ഭൂമിയിലേക്ക് മടങ്ങിയെത്തും, അന്തിക്രിസ്തുവിനെയും അയാളുടെ സൈന്യത്തെയും കൊന്നൊടുക്കും, തന്റെ ആദ്യ വരവില്‍ വാഗ്ദാനം ചെയ്തിരുന്ന ദൈവരാജ്യം സ്ഥാപിക്കും. അവന്റെ മഹത്തായ ശക്തിപ്രകടനം പ്രത്യക്ഷത്തില്‍ ദര്‍ശിച്ച്, യഹൂദന്മാര്‍ യേശുവിനെ മിശിഹായായി അംഗീകരിച്ച് അവന്റെ അനുയായികളായി തീരും (Jews and the Rapture, Carl Olson, 26 O-c-t 23, Catholic Answers Magazine). ട്രംപിന്റെ പുതിയ പ്രഖ്യാപനങ്ങളിലൂടെ, ലോക ഇവാഞ്ചലിസം ലക്ഷ്യം വയ്ക്കുന്നത്, മുകളില്‍ പരാമര്‍ശിച്ച പോലെ, ക്രിസ്തുവിന്റെ രണ്ടാം വരവിന് രംഗം ഒരുക്കുകയാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഉള്ളടക്കത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന ഡീപ് സ്‌റ്റേറ്റ് ആണ് ഇവാഞ്ചലിസം എന്നതില്‍ സംശയം വേണ്ട. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജിമ്മി കാര്‍ട്ടര്‍ മുതലുള്ള എട്ട് രാഷ്ട്രത്തലവന്മാരില്‍ ബറാക് ഒബാമയും ജോ െൈബഡനും ഒഴികെ മറ്റ് ആറ് പേരും ഇവാഞ്ചലിസ്റ്റുകളായിരുന്നു.

'വാഗ്ദത്ത ഭൂമി' എന്ന ക്രിസ്ത്യന്‍ സയണിസ്റ്റുകളുടെ, കെട്ടുകഥയുടെ സാംഗത്യം കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. തങ്ങളുടെ കുലപതിയായി ഇസ്രായേല്യര്‍ കരുതുന്ന അബ്രഹാം ജനിച്ചത് ഇന്നത്തെ ഇറാഖിലെ ഊര്‍ എന്ന നഗരത്തിലാണ്. അദ്ദേഹം പിന്നീട് മിസ്രയീം എന്ന ഇന്നത്തെ ഈജിപ്തിലേക്കും അവിടെനിന്നും ഫലസ്തീന്‍, ഇസ്രായേല്‍, ട്രാന്‍സ്‌ജോര്‍ദാന്‍, ലെബനന്‍ സിറിയ എന്നിവയടങ്ങുന്ന പഴയ കനാനിലേക്കും കുടിയേറുമ്പോള്‍ അവിടങ്ങളൊന്നും ആളൊഴിഞ്ഞ പ്രദേശങ്ങള്‍ ആയിരുന്നില്ല. മേല്‍ പ്രദേശങ്ങള്‍ മൊത്തം വ്യാപിച്ചുകിടന്നിരുന്ന കനാന്യര്‍ ആയിരുന്നു പ്രബല വിഭാഗം. എന്നുവച്ചാല്‍, അബ്രഹാമിന്റെ സന്തതികള്‍, കുടിയേറ്റം നടത്തിയ പ്രദേശം മാത്രമാണ് ഫലസ്തീന്‍; ഒരിക്കലും അത് അവരുടെ ജന്മദേശം ആയിരുന്നില്ല. കനാന്യരുടെ ചരിത്രത്തിന് ക്രി.മു. 5000 ത്തിനപ്പുറം പഴക്കമുണ്ട്. 7000 വര്‍ഷങ്ങളുടെ ചരിത്ര പാരമ്പര്യം ഉള്ള, നിയോലിതിക്, ചാല്‍ക്കോലിതിക് ജനതയായിരുന്നു അവര്‍. അതേസമയം അബ്രഹാമിന്റെ കുടിയേറ്റം ക്രി.മു. 2000ത്തിനിപ്പുറം മാത്രമാണ് നടക്കുന്നത്. മാത്രവുമല്ല, അദ്ദേഹത്തിന് ശേഷം അദ്ദേഹത്തിന്റെ രണ്ട് തലമുറകള്‍ മാത്രമാണ് ഫലസ്തീനില്‍ കഴിഞ്ഞുകൂടിയത്. അബ്രഹാമിന്റെ മൂന്നാം തലമുറക്കാരനായ യോസേഫിന് മിസ്രയീമിന്റെ ഭരണത്തില്‍ മുഖ്യസ്ഥാനം ലഭിച്ചതോടെ കുടുംബം ഒന്നാകെ അവിടേക്ക് കുടിയേറി. പിന്നീടുള്ള നാലര നൂറ്റാണ്ടു കാലം യിസ്രായേല്യര്‍ വസിച്ചത് ഈജിപ്തിലായിരുന്നു. എന്നാല്‍ ഇതിനകം മിസ്രയീമില്‍ മണ്ണിന്റെ മക്കള്‍ വാദം ശക്തിപ്പെടുകയും, യിസ്രായേല്‍ വിരുദ്ധ കോപ്റ്റ് ദേശീയതാവാദം ശക്തിപ്രാപിക്കുകയും ചെയ്തു. അതോടെ അടിച്ചമര്‍ത്തപ്പെട്ട യഹൂദര്‍, പിന്നീട് വിമോചകനായ പ്രവാചകന്‍ മോശെയുടെ കാലത്താണ് സ്വതന്ത്രരാകുന്നത്. മോശയോടൊപ്പം ഫലസ്തീനിലേക്ക് മടങ്ങിയ അവര്‍ക്ക് പ്രദേശത്ത് പ്രവേശിക്കാന്‍ സാധിച്ചില്ല. ഏറെക്കാലശേഷം യോശ്വായുടെ കാലത്താണ് അവര്‍ക്ക് ഫലസ്തീനില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്. അപ്പോഴും അവിടം ജനശൂന്യമായിരുന്നില്ല. പുറപ്പാട് പുസ്തകം പതിമൂന്നാം അധ്യായത്തില്‍ പറയുന്നത് പോലെ 'കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശമാ'യാണ് അത് അക്കാലത്ത് നിലനിന്നിരുന്നത്. കനാന്‍ ദേശത്തിന്റെ തെക്കു കിഴക്ക്, ഫിലിസ്ത്യര്‍ അധിവസിച്ചിരുന്നു. അവരില്‍ നിന്നാണ് ആ ദേശത്തിന് ഫലസ്തീന്‍ എന്ന പേര് തന്നെ രൂപപ്പെടുന്നത്. അഹങ്കാരവും ധാര്‍മികവ്യതിയാനങ്ങളും ആഭ്യന്തര ശൈഥില്യങ്ങളും കാരണം ക്രമേണ യിസ്രായേല്യര്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതായി യിരെമ്യാ, യെശയ്യാ, യെഹെസ്‌കേല്‍ തുടങ്ങിയ പുസ്തകങ്ങളും സങ്കീര്‍ത്തനങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. യേശുവിന്റെ കാലത്ത് റോമക്കാരായിരുന്നു യൂദരെ ഭരിച്ചിരുന്നതെന്ന് കൂടി ഓര്‍ക്കണം. ആഭ്യന്തര ശൈഥില്യങ്ങളെ തുടര്‍ന്ന് 12 ഗോത്രങ്ങളില്‍ പത്തെണ്ണവും ഫലസ്തീന്‍ ഒഴിഞ്ഞു പോവുകയും വിവിധ പ്രദേശങ്ങളിലായി ചിതറുകയും പില്‍ക്കാലത്ത് അവിടങ്ങളിലെ ജനതതികള്‍ക്കിടയില്‍ ലയിച്ച് അപ്രത്യക്ഷമാവുകയും ചെയ്തു. അവശേഷിച്ച രണ്ടു ഗോത്രങ്ങളില്‍ ബിന്യാമിന്‍ ഗോത്രവും ക്രമേണ ചരിത്രത്തില്‍ നിന്ന് മായ്ക്കപ്പെട്ടു. ആധുനിക ദേശരാഷ്ട്രങ്ങളുടെ സാമൂഹിക ഘടന രൂപപ്പെടുമ്പോള്‍ ഫലസ്തീന്‍ പ്രദേശത്ത് യഹൂദര്‍ നന്നെ വിരളമായിരുന്നു. അതേസമയം, തദ്ദേശീയരായ വലിയൊരു ജനത അവിടെ നിവസിക്കുകയും ചെയ്തിരുന്നു. മുകളില്‍ സൂചിപ്പിച്ച പ്രകാരം അവശേഷിച്ച ഒരേയൊരു ഗോത്രം മാത്രമാണ് ഇസ്രായേല്‍ ജനത എന്നും, ഒരിക്കലും തങ്ങളുടേതല്ലാതിരുന്ന നാട് തങ്ങള്‍ക്കായി ദൈവം വാഗ്ദാനം ചെയ്തു എന്നുമുള്ള വാദത്തിലെ കാപട്യവും അധാര്‍മികതയും ആലോചനാമൃതമാണ്. ഇസ്രായേല്യരുടെ ജന്മഭൂമി എന്ന ന്യായം യാതൊരടിസ്ഥാനവുമില്ലാത്ത കേവലം വംശീയവാദ കെട്ടുകഥ മാത്രമാണ്.

ഏറെ രസകരമായ മറ്റൊന്നു കൂടി അറിയണം. ജൂത സയണിസം 1860കളോടെയാണ് ആരംഭിച്ചിരുന്നെങ്കിലും ഔദ്യോഗികമായി രൂപം കൊള്ളുന്നത് തിയഡോര്‍ ഹെര്‍സിയുടെ നേതൃത്വത്തില്‍ 1897 ലാണ്. എന്നാല്‍ ക്രിസ്ത്യന്‍ സയണിസത്തിന് അനുകൂലമായ പ്രൊപഗണ്ട പതിനാറാം നൂറ്റാണ്ടില്‍ തന്നെ ആരംഭിച്ചിരുന്നു. പിന്നീട്, ഇംഗ്ലണ്ടിലെ സയണിസ്റ്റ് ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റുകാരാണ് സയാണിസം എന്ന ആശയം, 1840കളില്‍ യഹൂദ വൃത്തങ്ങള്‍ക്ക് കൈമാറിയതെന്ന് സമകാലിക ഇസ്രായേലി ചരിത്രകാരിയായ അനിത ഷാപിറ അഭിപ്രായപ്പെടുന്നുണ്ട് (Israel: A History, P. 15, Anita Shapira, The Schusterman Series in Israel Studies). മിഷനറി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ലോകത്താകമാനം ആധിപത്യം ഉറപ്പിക്കാനും, തങ്ങളുടെ താല്പര്യങ്ങള്‍ക്കും ഇച്ഛകള്‍ക്കുമനുസരിച്ച് മനോമുകുരത്തില്‍ വിരിയുന്ന പുതുപുത്തന്‍ വ്യാമോഹങ്ങള്‍ പ്രകാരവും, ചരിത്രത്തിലുടനീളം സഭ ബൈബിളിന്റേതെന്ന നിലയില്‍ പലവിധ പ്രവചനങ്ങളും കിടിലന്‍ വ്യാഖ്യാനങ്ങളും നടത്തിയിട്ടുണ്ട്.


അനിത ഷാപിറ

1,200 വര്‍ഷങ്ങളോളം നീണ്ടുനിന്ന ജൂത വിദ്വേഷത്തിനും കൂട്ടക്കൊലയ്ക്കും സഡന്‍ ബ്രേക്ക് ഇട്ട്, ചര്‍ച്ചും കൂട്ടരും ജൂതരെ കൈയിലെടുക്കുന്ന ചുവടുമാറ്റത്തിന് പിന്നിലും ഇത്തരമൊരു ഗൂഢ ലക്ഷ്യമുണ്ടായിരുന്നു. അങ്ങനെയാണ് സയണിസം എന്ന ആശയം തന്നെ രൂപം കൊള്ളുന്നത്. 1896 ല്‍ സയണിസത്തിന്റെ ആധികാരിക പുസ്തകമായ 'ജൂതരാഷ്ട്രം' (The Jewish State) തിയഡോര്‍ ഹെര്‍സെല്‍ പ്രസിദ്ധീകരിക്കുന്നതിനും പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1884ല്‍ റവ. വില്യം ഹെച്‌ലര്‍ (William Hechler) എന്ന ആംഗ്ലിക്കന്‍ പുരോഹിതന്‍ 'ജൂത ജനതയുടെ ഫലസ്തീനിലേക്കുള്ള മടക്കം' (The Restoration of the Jews to Palestine) എന്ന പ്രബന്ധം പ്രസിദ്ധീകരിക്കുകയുണ്ടായി. 'ക്രിസ്ത്യന്‍ വിശ്വാസികള്‍ കാത്തിരിക്കുന്ന യേശുവിന്റെ മടങ്ങിവരവിനുള്ള മുന്‍കൂര്‍ വ്യവസ്ഥയായി ജൂതന്മാര്‍ ഫലസ്തീനിലേക്ക് മടങ്ങണമെന്നത് ബൈബിള്‍ അടിസ്ഥാനത്തിലുള്ള ഒരു അനിവാര്യതയാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇവാഞ്ചലിക്കല്‍ സഭകളുടെ ആവിര്‍ഭാവത്തോടെയാണ് ഉത്തരത്തില്‍ പുതിയ തരം ദൈവശാസ്ത്രം ഉയര്‍ന്നു വരുന്നത്. അടുത്തകാലം വരെ ബൈബിളിന്റെ അവസാന പുസ്തകമായ 'വെളിപാടി'ന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. പക്ഷേ, ഇവാഞ്ചലിക്കല്‍ സഭകളുടെ ആവിര്‍ഭാവത്തോടെ ബൈബിളിലെ ഓരോ അക്ഷരവും മാന്തി നോക്കി ദുര്‍വ്യാഖ്യാനം നടത്തി, അതിലെ മുഴുവന്‍ ടെക്സ്റ്റും അങ്ങനെ തന്നെ സംഭവിച്ചതാണെന്നും, ഭാവിയില്‍ സംഭവിക്കാനിരിക്കുന്നതാണെന്നും വ്യാഖ്യാനിക്കാനും അതിനനുസരിച്ച് കഥകള്‍ മെനയാനും തുടങ്ങി. വെളിപാട് പുസ്തകത്തിന്റെ ഭാഷ ദുര്‍ഗ്രാഹ്യവും ഉപമാപ്രമേയങ്ങള്‍ നിറഞ്ഞതുമായതിനാല്‍ ഏതു തരത്തിലുള്ള വ്യാഖ്യാനത്തിനും വഴങ്ങുന്നതുമാണ്.

ജൂതന്മാര്‍ 'തിരഞ്ഞെടുക്കപ്പെട്ട വംശം' ആയതിനാല്‍ അവര്‍ ഒരു രാജ്യമായി പരിവര്‍ത്തിക്കപ്പെടുന്നത് ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെ ത്വരിതപ്പെടുത്തുമെന്ന് ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഇതിനെ സാധൂകരിക്കുന്ന രീതിയില്‍ ബൈബിളിനെ, പ്രത്യേകിച്ചും, പുതിയ നിയമത്തിലെ വെളിപാട് പുസ്തകം, പഴയ നിയമത്തിലെ ദാനിയേല്‍ പ്രവചന പുസ്തകം എന്നിവ വ്യാഖ്യാനിച്ച് പുതിയ തിയോളജി ഉണ്ടാക്കി. 1917ല്‍ ബ്രിട്ടന്‍ ഫലസ്തീനില്‍ ജൂത ജനതയ്ക്ക് ഒരു രാഷ്ട്രം (National home for the Jewish people) ഉണ്ടാവണം എന്നു പ്രഖ്യാപിച്ചു. അതിനു വേണ്ടി വര്‍ഷാവര്‍ഷം നിശ്ചിത എണ്ണം ജൂതന്മാര്‍, അന്ന് ബ്രിട്ടന്റെ അധീനതയിലായിരുന്ന ഫലസ്തീനിലേക്ക് കുടിയേറുവാന്‍ അനുമതിയും നല്‍കി(https://m.facebook.com/story.php?story_fbid=10220824382713971&id=1670783550&mibextid=Nif5oz).

തുടര്‍ന്നുള്ള 31 വര്‍ഷത്തെ ആസൂത്രിതവും നിഗൂഢവും വഞ്ചനാപരവുമായ പ്രവര്‍ത്തനത്തിന്റെ ആകത്തുകയാണ് 1948 സ്ഥാപിതമായ ഇസ്രായേല്‍ രാഷ്ട്രം. അവശേഷിക്കുന്ന അന്തിക്രിസ്തുവിന്റെ അനുയായികളെ കൂടി പ്രദേശത്തുനിന്ന് പുറത്താക്കുന്നതോടുകൂടിയാണ് ദൈവരാജ്യം അതിന്റെ പൂര്‍ണത കൈവരിക്കുക. അപ്പണിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യയെ സംബന്ധിച്ച പുതിയ പ്രഖ്യാപനത്തില്‍ ഇത്ര മാത്രമേ ട്രംപും ഉദ്ദേശിക്കുന്നുള്ളൂ.

Next Story

RELATED STORIES

Share it