Big stories

ഉത്തരാഖണ്ഡിലെ ജോഷിമഠ് ഇടിഞ്ഞുതാഴുന്നു; 600 കുടുംബങ്ങളെ ഒഴിപ്പിക്കുന്നു

ഉത്തരാഖണ്ഡിലെ ജോഷിമഠ് ഇടിഞ്ഞുതാഴുന്നു; 600 കുടുംബങ്ങളെ ഒഴിപ്പിക്കുന്നു
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന നഗരമായ ബദരീനാഥിലേയ്ക്കുള്ള കവാടമായ ജോഷിമഠിനെ ആശങ്കയിലാഴ്ത്തി ഭൂമിയില്‍ വിള്ളല്‍ വീഴുന്നതും മണ്ണിടിഞ്ഞുതാഴുന്നതും തുടരുന്നു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതോടെ ജോഷിമഠ് പട്ടണത്തിലെ 600 കുടുംബങ്ങളെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരവിട്ടു. 'ജീവന്‍ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ജോഷിമഠിലെ വംശനാശഭീഷണി നേരിടുന്ന വീടുകളില്‍ താമസിക്കുന്ന 600 ഓളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജോഷിമഠിലെ സ്ഥിതിഗതികള്‍ അഭിസംബോധന ചെയ്യുന്നതിനുള്ള ഹ്രസ്വവും ദീര്‍ഘകാലവുമായ പദ്ധതികള്‍ ആവിഷ്‌കരിക്കും. ജോഷിമഠത്തെ സെക്ടറുകളായും സോണുകളായും തിരിച്ച് അതിനനുസരിച്ച് നടപടിയെടുക്കണം. നഗരത്തില്‍ ഒരു ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂമും സ്ഥാപിക്കണം'- മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിള്ളല്‍ വീണതും അപകടാവസ്ഥയിലുള്ളതുമായ വീടുകളില്‍ താമസിക്കുന്നവരെയാണ് മാറ്റുക. നിരവധി കുടുംബങ്ങള്‍ ഇതിനോടകം നഗരം വിട്ടു. അപൂര്‍വ പ്രതിഭാസത്തിന് കാരണം അശാസ്ത്രീയ നിര്‍മാണമാണെന്ന് കാട്ടി നാട്ടുകാര്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.

ഗര്‍വാള്‍ കമ്മീഷണര്‍ സുശീല്‍ കുമാറും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെക്രട്ടറിയും രഞ്ജിത് കുമാര്‍ സിന്‍ഹയും വിദഗ്ധ സംഘവും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പ്രദേശം ഇന്ന് മുഖ്യമന്ത്രി സന്ദര്‍ശിക്കും. ദുരിതബാധിതരെ കാണുകയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. വ്യാപകമായ മണ്ണിടിച്ചിലുണ്ടാവുന്ന മേഖലയില്‍ അശാസ്ത്രീയ കെട്ടിട നിര്‍മാണം വ്യാപകമായതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ആരോപണം. ആകെ 3000ലധികം വീടുകളാണ് പ്രദേശത്ത് അപകടാവസ്ഥയിലുള്ളത്.

അറുന്നൂറോളം വീടുകളിലാണ് വിള്ളല്‍ രൂപപ്പെട്ടത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പുനരധിവാസം ആവശ്യപ്പെട്ട് മേഖലയിലെ ജനങ്ങള്‍ പ്രതിഷേധം തുടരുകയാണ്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പ്രദേശത്തെ ഒരു ക്ഷേത്രം തകര്‍ന്നുവീണതും ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേനയെ പ്രദേശത്ത് വിന്യസിച്ചു. അതേസമയം, പ്രദേശത്തെ ഭൗമപ്രശ്‌നം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചു. മുന്നുദിവസത്തിനകം റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ചമോലി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലാണ് ജോഷിമഠ് നഗരം. ഡിസംബര്‍ 24 മുതലാണ് ഭൂമിയില്‍ വിള്ളല്‍ വീണുതുടങ്ങിയത് പ്രകടമായത്. ജനുവരി ആദ്യദിവസങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ വീണുതുടങ്ങിയതോടെയാണ് ആശങ്കയേറിയത്. ഇതിനകം അഞ്ഞൂറോളം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. വിദഗ്ധരുടെ ഒരുസംഘം അടുത്തിടെ ജോഷിമഠില്‍ ഒരു സര്‍വേ നടത്തുകയും പ്രദേശവാസികളുടെ ആശങ്ക സത്യമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ജോഷിമഠിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ഉത്തരാഖണ്ഡിലെ ഋഷികേശ്ബദ്രിനാഥ് ദേശീയ പാതയില്‍ സ്ഥിതിചെയ്യുന്ന ഒരു മലയോര പട്ടണമാണ് ജോഷിമഠ്. ബദരീനാഥ്, ഔലി, ഹേമകുണ്ഡ് സാഹിബ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് ഒരു രാത്രി വിശ്രമകേന്ദ്രമാകുന്ന ഈ നഗരം വിനോദസഞ്ചാരത്തിന് കൂടി പേരുകേട്ടതാണ്. വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിനാലാണ് അപകടമുണ്ടായതെന്നാണ് ഉയരുന്ന ആക്ഷേപം.

ഭൗമശാസ്ത്രജ്ഞര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജീവനും സ്വത്തിനും ഭീഷണിയായേക്കാവുന്ന ഗുരുതരമായ പ്രശ്‌നത്തെ സൂചിപ്പിക്കുന്ന ആദ്യത്തെ റിപോര്‍ട്ട് വന്നത് 1976ലാണ്. ആ റിപോര്‍ട്ടില്‍ സര്‍ക്കാര്‍ നിയോഗിച്ച മിശ്ര കമ്മീഷന്‍ നിര്‍ണായകമായ ഒരു വിവരത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. ജോഷിമഠ് സ്ഥിതിചെയ്യുന്നത് പരമ്പരാഗതമായി മണ്ണിടിയുന്ന ഭൂമിയിലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതും, ജലവൈദ്യുത പദ്ധതികള്‍, ദേശീയ പാതയുടെ വീതി കൂട്ടല്‍ എന്നിവ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഇവിടത്തെ ഭൂമിയെ കൂടുതല്‍ അസ്ഥിരമാക്കിയെന്നാണ് വിലയിരുത്തലുകള്‍.

Next Story

RELATED STORIES

Share it