Big stories

ഛത്തീസ്ഗഢില്‍ 36 മാവോവാദികളെ വെടിവച്ച് കൊന്നു; ഏറ്റുമുട്ടലിലെന്ന് സേന

ഇതിനുപുറമെ, എകെ 47 സീരീസ് ഉള്‍പ്പെടെ നിരവധി റൈഫിളുകളും ആയുധശേഖരങ്ങളും കണ്ടെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു.

ഛത്തീസ്ഗഢില്‍ 36 മാവോവാദികളെ വെടിവച്ച് കൊന്നു; ഏറ്റുമുട്ടലിലെന്ന് സേന
X

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ അന്തിമ ആഹ്വാനത്തിനു പിന്നാലെ ഛത്തീസ്ഗഢില്‍ 36 മാവോവാദികളെ വെടിവച്ച് കൊന്നു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍-ദന്തേവാഡ അതിര്‍ത്തിയിലെ വനത്തിലാണ് കൂട്ടക്കൊല നടത്തിയത്. ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നും സമീപകാലത്തെ വന്‍ നേട്ടമാണിതെന്നും സുരക്ഷാ സേന അറിയിച്ചു. ജില്ലാ റിസര്‍വ് ഗാര്‍ഡും(ഡിആര്‍ജി) സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) സംയുക്തമായി ഉച്ചയ്ക്ക് 12.30നാണ് മാവോവാദി വിരുദ്ധ ഓപറേഷന്‍ തുടങ്ങിയതെന്നാണ് റിപോര്‍ട്ട്. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതിനുപുറമെ, എകെ 47 സീരീസ് ഉള്‍പ്പെടെ നിരവധി റൈഫിളുകളും ആയുധശേഖരങ്ങളും കണ്ടെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു.

വന്‍ മാവോവാദി സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിനെ തുടര്‍ന്ന് ഇന്നലെ ഓര്‍ച്ച, ബര്‍സൂര്‍ പോലിസ് സ്‌റ്റേഷനുകളുടെ പരിധിയിലുള്ള ഗോവല്‍, നെന്തൂര്‍, തുല്‍ത്തുളി എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലേക്ക് സംയുക്ത ഓപറേഷനായി പ്രത്യേക സംഘത്തെ അയച്ചിരുന്നു. നെന്തൂര്‍തുള്‍ത്തുളിക്ക് സമീപമുള്ള വനമേഖലയില്‍ ഇന്ന് ഉച്ചയോടെയാണ് വെടിവയ്പുണ്ടായത്. സപ്തംബര്‍ മൂന്നിന് ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ ഒമ്പത് മാവോവാദികളെ കൊലപ്പെടുത്തിയിരുന്നു. ദന്തേവാഡ, ബിജാപുര്‍ ജില്ലാ അതിര്‍ത്തിക്ക് സമീപത്തെ വനമേഖലയില്‍നിന്ന് വന്‍ ആയുധശേഖരവും കണ്ടെത്തിയിരുന്നു. ഇതോടെ ഛത്തീസ്ഗഢില്‍ ഈ വര്‍ഷം കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം 180 കടന്നു. ചത്തീസ്ഗഡിലെ അവശേഷിക്കുന്ന മാവോവാദികളോട് എത്രയും വേഗം കീഴടങ്ങണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സപ്തംബര്‍ 20ന് ആവശ്യപ്പെട്ടിരുന്നു. കീഴങ്ങിയില്ലെങ്കില്‍ സൈനിക നടപടി നേരിടേണ്ടി വരുമെന്നും 2026 മാര്‍ച്ച് 31 എന്ന ദിവസം അവസാന ശ്വാസത്തിന്റെതായിരിക്കുമെന്നുമായിരുന്നു അമിത് ഷായുടെ മുന്നറിയിപ്പ്.

Next Story

RELATED STORIES

Share it