Big stories

ബിജെപി- തൃണമൂല്‍ സംഘര്‍ഷം; ബംഗാളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി

നാല് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നയിജാതിലായിരുന്നു സംഭവം. പൊതുസ്ഥലത്ത് കെട്ടിയിരുന്ന പാര്‍ട്ടി പതാക അഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ബിജെപി- തൃണമൂല്‍ സംഘര്‍ഷം; ബംഗാളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി
X

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുടലെടുത്ത സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. നാല് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നയിജാതിലായിരുന്നു സംഭവം. പൊതുസ്ഥലത്ത് കെട്ടിയിരുന്ന പാര്‍ട്ടി പതാക അഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഖയ്യൂം മൊല്ല (26)യെ വെടിവച്ചുകൊന്നതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.

ബിജെപി പ്രവര്‍ത്തകരായ പ്രദീപ് മണ്ഡല്‍, സുകാന്ത മണ്ഡല്‍, ശങ്കര്‍ മണ്ഡല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ബിജെപി പ്രവര്‍ത്തകരില്‍ ഒരാളുടെ ഇടതുകണ്ണില്‍ വെടിയേറ്റിരുന്നു. തപന്‍ മണ്ഡല്‍ എന്ന പ്രവര്‍ത്തകനും കൊല്ലപ്പെട്ടതായി ബിജെപി പ്രദേശികനേതൃത്വം അറിയിച്ചു. അഞ്ചുപേരെ കാണാനില്ലെന്നും ഇവര്‍ പരാതിപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയുടെ പതാക എടുത്തെറിയുന്നത് തടഞ്ഞതിന്റെ പേരിലാണ് തങ്ങളുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സായന്തന്‍ ബസു ആരോപിച്ചു.

മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേര്‍കൂടി കൊല്ലപ്പെട്ടതായാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചത്. എന്നാല്‍, ഇവരുടെ മൃതദേഹം കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പതാക അഴിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്ന് തൃണമൂല്‍ ആരോപിക്കുന്നു. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ പോയ തങ്ങളുടെ പ്രവര്‍ത്തകനെയാണ് ആദ്യം ബിജെപിക്കാര്‍ കൊലപ്പെടുത്തിയതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും മന്ത്രിയുമായ ജ്യോതിപ്രിയോ മുല്ലിക്ക് പ്രതികരിച്ചു. സംഘര്‍ഷം നിയന്ത്രണവിധേയമാക്കാന്‍ പ്രദേശത്ത് വന്‍ഡ പോലിസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it