Big stories

സാമൂഹിക വ്യാപനമെന്ന് സൂചന; കോഴിക്കോട് പരിശോധന നടത്തിയ 51 പേരില്‍ 38 പേര്‍ക്കും ഒമിക്രോണ്‍

സാമൂഹിക വ്യാപനമെന്ന് സൂചന; കോഴിക്കോട് പരിശോധന നടത്തിയ 51 പേരില്‍ 38 പേര്‍ക്കും ഒമിക്രോണ്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനമുണ്ടായെന്ന് സൂചന നല്‍കി പരിശോധനാ ഫലം. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്‌ക്രീനിംഗ് ടെസ്റ്റിലാണ് വ്യാപകമായ ഒമിക്രോണ്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പോസിറ്റീവായ 51 പേരില്‍ നടത്തിയ എസ്ജിടിഎഫ് സ്‌ക്രീനിംഗ് ടെസ്റ്റില്‍ 38 പേരുടെ (75 %) ഫലം പോസിറ്റീവായി. ഒമിക്രോണ്‍ സ്ഥിരീകരിച്ച 38 പേരില്‍ ആരും വിദേശയാത്ര നടത്തുകയോ, വിദേശത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ അല്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപന ഉണ്ടായെന്നാണ് കണക്കുകള്‍ ചൂണ്ടി ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ഇത്രയും പേര്‍ക്ക് ഒമിക്രോണ്‍ ഉണ്ടെന്നത് സമൂഹത്തില്‍ കൂടുതല്‍പേര്‍ ഒമിക്രോണ്‍ ബാധിതരാണെന്നതിന്റെ സൂചനയാണെന്ന് ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധനായ ഡോ. അനൂപ് കുമാര്‍ പറഞ്ഞു. വരുന്ന രണ്ടാഴച്ചക്കുള്ളില്‍ ഒമിക്രോണ്‍ കേസുകള്‍ വളരെ വേഗത്തില്‍ പടര്‍ന്നേക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ വിശദീകരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം നാല്‍പ്പതിനായിരത്തിനും അമ്പതിനായിരത്തിനും മുകളില്‍ പോവാനും ടിപിആര്‍ 50 ശതമാനത്തിന് മുകളിലെത്താനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. കൊവിഡ് പോസിറ്റീവായി വരുന്നവരില്‍ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തി ഒമിക്രോണ്‍ ബാധിതരുണ്ടോയെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് വലിയ തോതില്‍ വ്യാപനം ഉണ്ടാവുമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്.

ഇന്നലെ 17,755 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 26.92 ശതമാനമായി ഉയര്‍ന്നു. പരിശോധിക്കുന്ന നാലിലൊന്നു പേര്‍ക്ക് കൊവിഡ് എന്നതാണ് സ്ഥിതി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്.

പരിശോധിച്ചതില്‍ നാലിലൊന്നുപേരും പോസിറ്റീവായത് അതീവ ഗുരുതര സാഹചര്യമാണെന്നും പരിശോധന വര്‍ധിപ്പിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചതില്‍ 4 ശതമാനം പേര്‍ മാത്രമേ ആശുപത്രികളിലുള്ളൂ എന്നതാണ് ആശ്വാസം.

കഴിഞ്ഞ മൂന്നുദിവസമായി തിരുവനന്തപുരത്ത് ടിപിആര്‍ 32നു മുകളിലാണ്. ഇന്നലെ എറണാകുളത്തെ ടിപിആര്‍ 33ന് മുകളിലാണ്. ടിപിആര്‍ 20ന് മുകളിലുള്ള ജില്ലകളില്‍ ചടങ്ങുകള്‍ക്ക് 50 പേരില്‍ കൂടുതല്‍ അനുവദിക്കില്ല. മതപരമായ ഒത്തുചേരലുകള്‍ക്കും ഇത് ബാധകം. തിരുവനന്തപുരം ജില്ലയില്‍ പൊതുയോഗങ്ങളും നിരോധിച്ചു. സംസ്ഥാനത്തെ കോടതികള്‍ നാളെ മുതല്‍ ഓണ്‍ലൈനിലേക്ക് മാറും.

സംസ്ഥാനത്ത് 90,649 പേരാണ് കൊവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. അതില്‍ പകുതിയോളം പേരും പോസിറ്റീവായത് കഴിഞ്ഞ 3 ദിവസത്തിനിടെയാണ്. തിരുവനന്തപുരം (4694), എറണാകുളം (2637) ജില്ലകളിലാണ് ഇന്നലെ കൂടുതല്‍ പേര്‍ പോസിറ്റീവായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങള്‍ക്കൊപ്പം മുന്‍പു നടന്ന 89 മരണങ്ങളും കോവി!ഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ആകെ കൊവിഡ് മരണം 50,674 ആയി.

Next Story

RELATED STORIES

Share it