Big stories

രാജ്യത്തെ ജയിലുകളിൽ കഴിയുന്നത് 68 ശതമാനം വിചാരണ തടവുകാർ

രാജ്യത്ത് ഏറ്റവും കൂടുതൽ വിചാരണ തടവുകാരെ പാർപ്പിച്ചിരിക്കുന്നത് ഉത്തർപ്രദേശിലെ ജയിലുകളിലാണ്. 68,762 വിചാരണ തടവുകാരാണ് ഉത്തർപ്രദേശിലെ ജയിലുകളിൽ കഴിയുന്നത്.

രാജ്യത്തെ ജയിലുകളിൽ കഴിയുന്നത് 68 ശതമാനം വിചാരണ തടവുകാർ
X

ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിൽ കഴിയുന്നത് 68 ശതമാനം വിചാരണ തടവുകാരെന്ന് സർക്കാർ റിപോർട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപോർട്ടിലാണ് വിചാരണ തടവുകാരുടെ വർധനവിനെക്കുറിച്ച് പറയുന്നത്. 2017-ലെ കണക്കാണ് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

രാജ്യത്തെ ജയിലുകളെല്ലാം അതിൻറെ ശേഷിയിലധികം തടവുകാരെ പാർപ്പിച്ചിരിക്കുകയാണെന്ന് റിപോർട്ട് വ്യക്തമാക്കുന്നു. ഓരോ വർഷം കൂടുംതോറും ഇത് വർധിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2017 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം തടവുകാരെ പാർപ്പിക്കാനുള്ള ശേഷിയേക്കാൾ 15 ശതമാനത്തിലധികം തടവുകാരെ പാർപ്പിച്ചിട്ടുണ്ടെന്ന് റിപോർട്ടിൽ പറയുന്നു.

വിചാരണ തടവുകാരുടെ എണ്ണം വർഷാവർഷം വർധിക്കുന്നുണ്ട്. 2015 ൽ 419623 ആയിരുന്നു രാജ്യത്തെ മൊത്തം വിചാരണ തടവുകാരുടെ എണ്ണമെങ്കിൽ, 2017 ൽ ഇത് 450696 പേരായി വർധിച്ചിട്ടുണ്ട്. അതേസമയം ഈ കാലയളവിൽ 43 ജയിലുകൾ സർക്കാർ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. അടച്ചുപൂട്ടിയ ജയിലുകൾ മുഴുവനും മഹാരാഷ്ട്രയിലാണ്. ജയിലുകളിൽ തടവുകാരെ പാർപ്പിക്കാനുള്ള ശേഷി രണ്ടു വർഷത്തിനിടയിൽ 6.8 ശതമാനം വർധിപ്പിച്ചതായി കണക്കുകൾ പറയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ വിചാരണ തടവുകാരെ പാർപ്പിച്ചിരിക്കുന്നത് ഉത്തർപ്രദേശിലെ ജയിലുകളിലാണ്. 68,762 വിചാരണ തടവുകാരാണ് ഉത്തർപ്രദേശിലെ ജയിലുകളിൽ കഴിയുന്നത്. ഇന്ത്യയിലെ മൊത്തം വിചാരണ തടവുകാരുടെ എണ്ണത്തിന്റെ 22.3 ശതമാനമാണിത്. മഹാരാഷ്ട്ര, ബിഹാർ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിറകിൽ.

നാലര ലക്ഷത്തിലധികം വിചാരണ തടവുകാരിൽ അയ്യായിരത്തിലധികം പേരും അഞ്ച് വർഷത്തിലധികമായി വിചാരണ കാത്ത് തടവിൽ കഴിയുന്നു. ഇരുപതിനായിരത്തോളം തടവുകാർ മൂന്നിനും അഞ്ചിനും ഇടയിൽ വർഷമായി വിചാരണ കഴിയാതെ തടവിൽ കഴിയുന്നുണ്ട്. 2017 ൽ മാത്രം ജയിലുകളിൽ അസ്വാഭാവികമായി മരണപ്പെട്ടത് 133 തടവുകാരാണെന്നും റിപോർട്ട് പറയുന്നു.

അതേസമയം രാജ്യത്ത് വിചാരണ തടവുകാരായ രാഷ്ട്രീയ പ്രവർത്തകരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതായാണ് റിപോർട്ടുകൾ. ബംഗളൂരു സ്‌ഫോടനക്കേസിൽ കുറ്റാരോപിതനായ അബ്ദുൽ നാസർ മഅദനി കഴിഞ്ഞ ഒമ്പതിലേറെ വർഷമായി വിചാരണ കഴിയാതെ തടവിലാണ്. ഡൽഹി യൂനിവേഴ്‌സിറ്റി പ്രൊഫസർ ഡോ ജിഎൻ സായിബാബയെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മോചിപ്പിക്കണമെന്ന് യുഎൻ മനുഷ്യാവകാശ സംഘം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.

Next Story

RELATED STORIES

Share it