Big stories

യമനിലെ സംഘര്‍ഷം: 11 മാസത്തിനിടെ കൊല്ലപ്പെട്ടത് 92 കുട്ടികള്‍

യമനിലെ സംഘര്‍ഷം: 11 മാസത്തിനിടെ കൊല്ലപ്പെട്ടത് 92 കുട്ടികള്‍
X

സന്‍ആ: സൗദി അറേബ്യയുടെ പിന്തുണയോടെയുള്ള സഖ്യസേനയും ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് കഴിഞ്ഞ 11 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 92 കുട്ടികളെന്ന് റിപോര്‍ട്ടുകള്‍. ലോക ശിശുദിനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര എന്‍ജിഒ ആയ സേവ് ദി ചില്‍ഡ്രനാണ് യെമനിലെ സംഘര്‍ഷങ്ങള്‍ക്കിടെ 92 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായെന്ന റിപോര്‍ട്ട് പുറത്തുവിട്ടത്. ഇക്കാലയളവില്‍ 241 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജനുവരി ഒന്നിനും നവംബര്‍ 15നും ഇടയിലുള്ള കണക്കുകളാണിത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യെമനില്‍ യുദ്ധത്തിനിടെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ക്കാണ് ജീവന്‍ നഷ്ടമായിട്ടുള്ളത്. പ്രതിദിനം ശരാശരി ഒരു കുട്ടിക്ക് പരിക്കേല്‍ക്കുന്നുവെന്നാണ് കണക്ക്. യെമനില്‍ സംഘര്‍ഷം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും സിവിലിയന്മാര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ യുദ്ധം ചെയ്യുന്ന കക്ഷികളോട് സര്‍ക്കാരിതര സംഘടന ആവശ്യപ്പെട്ടു. യുദ്ധസാഹചര്യങ്ങള്‍ മൂലമാണ് മരണം സംഭവിച്ചതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

എന്നാല്‍, കുട്ടികളുടെ മരണകാരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2014 സപ്തംബര്‍ മുതല്‍ യമന്‍ തലസ്ഥാനമായ സന്‍ആയുടെയും ചില പ്രദേശങ്ങളുടെയും നിയന്ത്രണം യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ക്കാണ്. സന്‍ആ ഹൂതികള്‍ പിടിച്ചടക്കിയതോടെയാണ് രാജ്യം അശാന്തമായത്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന 2015 മാര്‍ച്ച് മുതല്‍ യെമന്‍ സര്‍ക്കാരിനെ പിന്തുണയോടെ ഹൂതികള്‍ക്കെതിരേ പ്രത്യാക്രമണം നടത്തിവരികയാണ്. അഭ്യന്തര സംഘര്‍ഷത്തിനിടെ ലക്ഷക്കണക്കിനാളുകള്‍ ഇവിടെ കൊല്ലപ്പെട്ടതായാണ് മാധ്യമറിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Next Story

RELATED STORIES

Share it