Big stories

ബംഗളൂരു തടവറയില്‍ നാളെ 12 വര്‍ഷം; മഅ്ദനിയുടെ മോചനം ഇനിയുമകലെ

ബംഗളൂരു തടവറയില്‍ നാളെ 12 വര്‍ഷം;  മഅ്ദനിയുടെ മോചനം ഇനിയുമകലെ
X

-പിസി അബ്ദുല്ല

ബംഗളൂരു: ബംഗളൂരു സ്‌ഫോനക്കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തടവിലായിട്ട് നാളെ 12 വര്‍ഷം പൂര്‍ത്തിയാവും.

2010 ലെ റമദാന്‍ 17 നാണ് കേരള പോലിസിന്റെ സഹായത്തോടെ കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്‍വാറുശ്ശേരിയില്‍ വച്ച് മഅ്ദിനിയെ അറസ്റ്റു ചെയ്തത്.

2008 ജൂലൈ 25 നു നടന്ന ബംഗളുരു സ്‌ഫോടനത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. സ്‌ഫോടന ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നാണ് കേസ്. കേസില്‍ മുപ്പത്തിയൊന്നാം പ്രതിയാണ് മഅ്ദനി.

മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വിധി പറയേണ്ടതിന്റെ 50 മിനിറ്റ് മുന്‍പാണ് കേരള പോലിസിന്റെ ഒത്താശയോടെ അത്യന്തം നാടകീയമായി ബദര്‍ ദിനത്തില്‍ അര്‍വാര്‍ശ്ശേരിയില്‍ വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കള്ളക്കേസില്‍ മഅ്ദനിയെ നാടു കടത്താന്‍ കൂട്ടു നില്‍ക്കില്ലെന്ന് അവസാന സമയം വരെ ആണയിട്ട അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ ചാനലുകളില്‍ ലൈവായി നോക്കി നില്‍ക്കെയാണ് കൊല്ലം ജില്ലാ പോലിസ് മേധാവി മഅ്ദനിയെ കര്‍ണാടക പോലിസിന് അന്നു കൈ പിടിച്ചു കൊടുത്തത്.

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത നീതി നിഷേധമാണ് ബംഗളൂരു കേസില്‍ കുറ്റാരോപിതര്‍ നേരിടുന്നത്.

മഅ്ദനിയടക്കം 20 പേരാണ് വിചാരണ നേരിടുന്നത്. 11 പേരെ പിടി കിട്ടിയില്ല. ബംഗളൂരു നഗരത്തിന്റെ എട്ടിടങ്ങളിലായി നടന്ന സ്‌ഫോടനത്തില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. ഒരിടത്ത് പൊട്ടാത്ത നിലയില്‍ ബോംബ് കണ്ടെടുത്തു.

ഒന്‍പതു പ്രത്യേക കേസുകളായാണ് വിചാരണ. കേസുകള്‍ ഒരുമിച്ച് ഒരു കേസാക്കാമെന്ന നിഗമനത്തില്‍ സുപ്രീം കോടതി എത്തിയിട്ടും കര്‍ണാടക സര്‍ക്കാര്‍ വഴങ്ങിയില്ല. കേസ് എളുപ്പം തീര്‍പ്പാവരുത് എന്ന നിഷേധാത്മക നിലപപാടിലാണ് അന്നും ഇന്നും പ്രോസിക്യൂഷന്‍.

പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് സാക്ഷി വിസ്താരണയും കുറ്റാരോപിതരുടെ വിചാരണയും പൂര്‍ത്തിയായത്. എന്നാല്‍, പ്രൊസികൂഷന്‍ തുടര്‍ വാദം നീട്ടി വിധി പ്രസ്താവം വൈകിക്കുകയാണ്. ഈ മാസം 23 ന് അന്തിമ വാദം ആരംഭിക്കുമെന്നാണ് അറിയിച്ചതെന്ന് കേസ് ചുമതലയുള്ള ബംഗളൂരിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. പി ഉസ്മാന്‍ തേജസ് ന്യൂസിനോട് പറഞ്ഞു. സമയ ബന്ധിതമായി വാദം പൂര്‍ത്തിയായാലും വിധി പ്രസ്താവം ഇനിയും മാസങ്ങള്‍ വൈകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

2016 ജൂലൈയില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ടുള്ള സത്യവാങ്മൂലത്തില്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍,കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തന്നെ മാസങ്ങള്‍ എടുത്തു. ആകെ 2,294 സാക്ഷികളുള്ളതില്‍ 1,504 പേരുടെ വിസ്താരം പൂര്‍ത്തിയായത് രണ്ടു വര്‍ഷമെടുത്താണ്. ബാക്കി സാക്ഷി വിസ്താരവും ഇഴഞ്ഞു. മതിയായ കാരണങ്ങളില്ലാതെ പല ദിവസങ്ങളിലും വിചാരണ മുടക്കി. വീണ്ടും സുപ്രീം കോടതി ഇടപെട്ടതോടെയാണ് കഴിഞ്ഞ വര്‍ഷം 790 പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയത്. ഒന്‍പത് കേസുകളിലും സമാന കുറ്റപത്രവും ഒരേ പ്രതികളും ഒരേ സാക്ഷികളുമാണ്. കേസുകള്‍ ഏകോപിപ്പിച്ചാല്‍ 90 സാക്ഷികളെ വിസ്തരിച്ചാല്‍ മതിയായിരുന്നു. പക്ഷേ, പ്രോസിക്യൂഷന്‍ വഴങ്ങിയില്ല.

2011 ഫെബ്രുവരി 11നു കര്‍ണാടക ഹൈകോടതി മഅ്ദനിയുടെ ആദ്യ ജാമ്യാപേക്ഷ നിരസിച്ചു. സ്‌ഫോടനത്തില്‍ മഅ്ദനിക്ക് പങ്കുള്ളതായി നേരിട്ടുള്ള തെളിവുകള്‍ പോലിസിനു ഹാജരാക്കാനായില്ല എന്ന കാര്യം ഹൈകോടതി വിധിപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. എങ്കിലും മഅദനിയെ കൊടും ഭീകരനായി ചിത്രീകരിച്ച് കര്‍ണാടകയിലെ അന്നത്തെ ബിജെപി സര്‍ക്കാരിന്റെ എതിര്‍ വാദം പരിഗണിച്ച് ജാമ്യം നിരസിക്കുകയായിരുന്നു.

പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടായതിനെത്തുടര്‍ന്ന് അപേക്ഷ മറ്റൊരു ബെഞ്ചില്‍ വെക്കാനായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു.

മഅ്ദനിക്കെതിരായ മൊഴികളെല്ലാം ക്രിമിനല്‍ നടപടിച്ചട്ടങ്ങളുടെ 161 ാം വകുപ്പു പ്രകാരം പോലിസെടുത്തതാണെന്നും അത് തെളിവായി പരിഗണിക്കാന്‍ കഴിയില്ലെന്നും വാദം കേള്‍ക്കുന്നതിനിടയില്‍ ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു. നിരപരാധികളെ ജയിലിലടയ്ക്കാനുള്ള തെളിവുകള്‍ ഇന്ത്യയിലെ പോലിസ് ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജാമ്യാപേക്ഷയുടെ ഘട്ടങ്ങളിലെല്ലാം ഭീകരവാദ കെട്ടു കഥകളാണ് മഅ്ദനിക്കെതിരെ കര്‍ണാടകം കോടതികളില്‍ ഉന്നയിച്ചത്.

ബിജെപി സര്‍ക്കാര്‍ മാറി കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരമേറ്റതോടെ മഅ്ദനിക്കെതിരായ പ്രോസിക്യൂഷന്റെയും പോലിസിന്റെയുംശത്രുത വര്‍ധിക്കുകയാണുണ്ടായത്.

ഏറെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കിടയില്‍ 2014 ജൂലൈ 11 ന് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മഅ്ദനിക്ക് സുപ്രീം കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചു. ഒരുമാസത്തേക്കായിരുന്നു ജാമ്യം. ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത കര്‍ണാടക സര്‍ക്കാര്‍ ഉന്നയിച്ച എല്ലാ വാദങ്ങളും ജസ്റ്റിസ് ജെ. ചലമേശ്വര്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളി. ജാമ്യ കാലയളവില്‍ കേരളത്തിലേക്ക് പോകുന്നതിന് കോടതി വിലക്കേര്‍പെടുത്തി. ബംഗളൂരുവില്‍ തന്നെ കഴിയണമെന്ന് കോടതി ആവശ്യപ്പെട്ടു. മഅ്ദനിക്ക് ആവശ്യമായ സുരക്ഷ കര്‍ണാടക പോലീസ് ഒരുക്കണമെന്നും സാക്ഷികളെ സ്വാധീനിക്കുന്നുണ്ടോയെന്നും പോലീസ് നിരീക്ഷിക്കണം. സ്വന്തം ചെലവില്‍ ഏത് ആശുപത്രിയിലും മഅ്ദനിക്ക് ചികിത്സ തേടാമെന്നും കോടതി അറിയിച്ചു.

ആ വര്‍ഷം നംവംബര്‍ 14 ന് സുപ്രീം കോടതി ജാമ്യം സ്ഥിരപ്പെടുത്തി. എന്നാല്‍,കേസില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുമെന്ന കര്‍ണാടകത്തിന്റെ ഉറപ്പ് പരിഗണിച്ച് ബംഗളൂരു വിട്ടു പോവരുതെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവനുവദിച്ചില്ല.

ബംഗളൂരു ബെന്‍സന്‍ ടൗണില്‍ വീട് വാടകക്കെടുത്താണ് മഅ്ദനി താമസിക്കുന്നത്. 24 മണിക്കൂറും പോലിസ് നിരീക്ഷണം.സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. ജയിലിലേക്കാള്‍ ശക്തമാണ് മഅ്ദനിക്കു ചുറ്റും നിയന്ത്രണങ്ങള്‍.

ബംഗളൂരു തടവറയിലെ 12 വര്‍ഷത്തിനിടെ മഅ്ദനിയുടെ ആരോഗ്യ നില പല ഘട്ടങ്ങളിലും അതീവ സങ്കീര്‍ണ്ണമായി. നിരവധി തവണകളിലായി മാസങ്ങളോളം ആശുപത്രികളിലാണ് അദ്ദേഹം കഴിച്ചു കൂട്ടിയത്. പത്തു ദിവസം മുന്‍പ് രക്ത സമ്മര്‍ദ്ധം കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഡിപി ചെയര്‍മാനെ രണ്ടു നാള്‍ മുന്‍പാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്.

Next Story

RELATED STORIES

Share it