Big stories

ഡല്‍ഹിയില്‍ സിറിയന്‍ അഭയാര്‍ത്ഥിക്കും കുഞ്ഞിനും നേരെ ആസിഡ് ആക്രമണം

പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ കണ്ണിലും ആസിഡ് ഒഴിച്ചു

ഡല്‍ഹിയില്‍ സിറിയന്‍ അഭയാര്‍ത്ഥിക്കും കുഞ്ഞിനും നേരെ ആസിഡ് ആക്രമണം
X


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരുവില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ത്ഥിക്കും കുഞ്ഞിനും നേരെ ആസിഡ് ആക്രമണം. സിറിയക്കാരനായ റഫയുടെയും പതിനൊന്നു മാസം പ്രായമുള്ള മകന്റെയും ശരീരത്തിലാണ് ചിലര്‍ ആസിഡ് ഒഴിച്ചത്. കഴുത്തിലും തോളിലും പൊള്ളലേറ്റ ഇരുവരെയും സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ് പുരിയില്‍ നടന്ന ആക്രമണത്തില്‍ പൊലീസ് കേസെടുത്തു.

റഫയും ഭാര്യ മരീസയും കുഞ്ഞും വികാസ്പുരിയിലെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഹൈക്കമ്മീഷണറുടെ ഓഫീസിന് (യു.എന്‍.എച്ച്.സി.ആര്‍) സമീപമാണ് തെരുവില്‍ താമസിച്ചിരുന്നത്. ഡല്‍ഹിയിലെ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന റഫയെ കഴിഞ്ഞ ആഴ്ച്ച ചിലരുടെ പരാതിയില്‍ കമ്പനി പിരിച്ചുവിട്ടിരുന്നു. അതിന് ശേഷമാണ് കുടുംബം ഹൈക്കമ്മീഷണറുടെ ഓഫീസിന് സമീപം തെരുവില്‍ താമസം തുടങ്ങിയത്.

'ഞങ്ങള്‍ അഭയാര്‍ത്ഥികളാണ്. യു.എന്‍.എച്ച്.സി.ആറില്‍ നിന്ന് മാത്രമാണ് ഞങ്ങള്‍ സഹായം പ്രതീക്ഷിക്കുന്നത്. പക്ഷെ, അധികൃതര്‍ യാതൊരു സഹായവും നല്‍കാത്തതിനാല്‍ തെരുവില്‍ കഴിയേണ്ടി വന്നു.'' റഫ പറയുന്നു. സ്ഥിരമായി യു.എന്‍.എച്ച്.സി.ആര്‍ ഓഫീസിലേക്ക് പോവാന്‍ പണമില്ലാത്തതിനാല്‍ റോഡരികില്‍ ഒരു ടെന്റ് സ്ഥാപിക്കുകയാണ് റഫ ചെയ്തത്. എന്നാല്‍, ഇവരെ ടെന്റ് കെട്ടി താമസിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ചില പ്രദേശവാസികള്‍ രംഗത്തെത്തി.

സെപ്റ്റംബര്‍ 30ന് റഫയുടെ ഭാര്യ പബ്ലിക് ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ പോയ സമയത്ത് ചിലര്‍ റഫയെയും കുഞ്ഞിനെയും ആക്രമിക്കുകയായിരുന്നു. 'അവരുടെ കൈയ്യില്‍ ഒരു കുപ്പിയുണ്ടായിരുന്നു. അതു കണ്ടപ്പോഴേ ഞാന്‍ അപകടം മണത്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ എന്തോ എടുത്ത് ശരീരത്തിലേക്ക് എറിഞ്ഞു. പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ നിരവധി ഓട്ടോറിക്ഷക്കാരോട് ആവശ്യപ്പെട്ടെങ്കിലും ആരും സഹായിച്ചില്ല. ഒരു ബൈക്ക് യാത്രികനാണ് ആശുപത്രിയില്‍ എത്താന്‍ സഹായിച്ചത്.'' റഫ പറഞ്ഞു.

'' എന്റെ മകന്റ മുഖത്തും കണ്ണിലും കഴുത്തിലും നെഞ്ചിലും പൊള്ളലേറ്റിട്ടുണ്ട്. അവന്‍ മരിച്ചു പോവുമെന്നാണ് ഞാന്‍ ഭയന്നത്. ആര്‍ക്കെങ്കിലും ഒരു കുഞ്ഞിനോട് ഇങ്ങനെയൊക്കെ ചെയ്യാനാവുമോ? അവരൊന്നും കുട്ടികള്‍ ഇല്ലാത്തവരാണോ?'' മരീസ ചോദിച്ചു.

പഠനത്തിനായി 2015ലാണ് റഫ ഇന്ത്യയില്‍ എത്തിയത്. ബംഗളൂരുവിലെ പ്രസിഡന്‍സി കോളജിലായിരുന്നു പഠനം. അവിടെ വെച്ചാണ് തായ്‌ലാന്‍ഡുകാരിയായ മരീസയെ പരിചയപ്പെട്ടത്. പ്രണയം വിവാഹത്തിലേക്ക് മുന്നേറി. വിവാഹത്തിന് ശേഷം ഇരുവരും പഠനം ഉപേക്ഷിച്ച് പലതരം ജോലികള്‍ ചെയ്തു. അപ്പോഴാണ് സിറിയയില്‍ യുദ്ധം കനത്തത്. ഇതോടെ തിരികെ പോവാന്‍ അവസ്ഥയും രൂപപ്പെട്ടു. രണ്ടു വര്‍ഷം മുമ്പാണ് ഡല്‍ഹിയിലേക്ക് മാറിയത്.

ആസിഡ് അക്രമണം അതിജീവിച്ചവരെ സഹായിക്കുന്ന ബ്രേവ് സോള്‍സ് ഫൗണ്ടേഷന്‍ ആണ് ഇപ്പോള്‍ കുടുംബത്തിന് സഹായം നല്‍കുന്നത്. ' രാജ്യത്തെ നിയമം പൗരനെന്നോ അഭയാര്‍ത്ഥിയെന്നോ ഉള്ള വിവേചനം ഒരു മനുഷ്യനോടും കാണിക്കുന്നില്ല. ഇവരും നീതിക്കും ചികില്‍സക്കും നഷ്ടപരിഹാരത്തിനും അര്‍ഹരാണ്.'' ബ്രേവ് സോള്‍സിന്റെ അഭിഭാഷകനായ അലി സിയ കബീര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it