Big stories

മുസ്‌ലിം ആണെന്ന് കരുതി മര്‍ദിച്ചതിന് പിന്നാലെ അഭിഭാഷകനെതിരേ കേസും; സാക്ഷികള്‍ 'രാഷ്ട്രീയ ഹിന്ദു സേന' പ്രവര്‍ത്തകര്‍

'രാഷ്ട്രീയ ഹിന്ദു സേന' പ്രവര്‍ത്തകരായ പല്ലന്‍ മാല്‍വിയ, ദീപക് കോസ്, ദീപക് മാല്‍വിയ എന്നിവരെയാണ് പോലിസ് അഭിഭാഷകനെതിരേ സാക്ഷികളായി ചേര്‍ത്തിരിക്കുന്നത്.

മുസ്‌ലിം ആണെന്ന് കരുതി മര്‍ദിച്ചതിന് പിന്നാലെ അഭിഭാഷകനെതിരേ കേസും;  സാക്ഷികള്‍ രാഷ്ട്രീയ ഹിന്ദു സേന പ്രവര്‍ത്തകര്‍
X

ന്യൂഡല്‍ഹി: മുസ്‌ലിമാണെന്ന് കരുതി മധ്യപ്രദേശ് പോലിസ് ക്രൂരമായി മര്‍ദിച്ച അഭിഭാഷകനെതിരേ പുതിയ കേസ്. പോലിസിനെ ആക്രമിച്ചു എന്ന് ആരോപിച്ചാണ് മധ്യപ്രദേശ് പോലിസ് അഭിഭാഷകനെതിരേ കേസെടുത്തിരിക്കുന്നതെന്ന് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. 'രാഷ്ട്രീയ ഹിന്ദു സേന' പ്രവര്‍ത്തകരാണ് കേസിലെ സാക്ഷികള്‍.'രാഷ്ട്രീയ ഹിന്ദു സേന' പ്രവര്‍ത്തകരായ പല്ലന്‍ മാല്‍വിയ, ദീപക് കോസ്, ദീപക് മാല്‍വിയ എന്നിവരെയാണ് പോലിസ് അഭിഭാഷകനെതിരേ സാക്ഷികളായി ചേര്‍ത്തിരിക്കുന്നത്.

ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ പോലിസിനെ സഹായിക്കാനെത്തിയവരാണ് ഇവരെന്നാണ് പോലിസ് പറയുന്നത്.

മാര്‍ച്ച് 23നാണ് ഇതുമായി ബന്ധപ്പെട്ട സംഭവം നടന്നത്. മധ്യപ്രദേശിലെ ബെതുല്‍ ജില്ലയിലെ അഭിഭാഷകനാണ് ദീപക് ബുന്‍ഡേല. ലോക്ക് ഡൗണിനു മുമ്പ് ബെതുലില്‍ ഈ ദിവസങ്ങളില്‍ 144 പ്രഖ്യാപിച്ചിരുന്നു. കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ദമുള്ള ബുന്‍ഡേല ആശുപത്രിയില്‍ പോകാനാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.

വഴിയില്‍ വച്ച് പോലിസുകാര്‍ തടഞ്ഞു. ആശുപത്രിയിലേക്ക് പോകുകയാണെന്നും കാരണവും ബുന്‍ഡേല വിശദീകരിച്ചു. പക്ഷേ, പോലിസിന് ബോധിച്ചില്ല. കേട്ടുനിന്നവരിലൊരാള്‍ ബുന്‍ഡേലയെ മുഖത്തടിച്ചു. തന്നെ അകാരണമായി മര്‍ദ്ദിച്ചത് ബുന്‍ഡേല ചോദ്യം ചെയ്തു. നിങ്ങള്‍ ഭരണഘടനയുടെ പരിധി വിടുകയാണെന്നും തെറ്റാണ് ചെയ്‌തെങ്കില്‍ ഐപിസി 188 പ്രകാരം ജയിലില്‍ പോകാന്‍ തയ്യാറാണെന്നും മര്‍ദ്ദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അത് കേട്ടതോടെ പോലിസുകാര്‍ കൂടുതല്‍ പ്രകോപിതരായി. അഭിഭാഷകനെ മാത്രമല്ല, ഭരണഘടനയെയും അവര്‍ തെറിവിളിച്ചു. കൂടുതല്‍ പോലിസുകാര്‍ രംഗത്തെത്തിയതോടെ മര്‍ദ്ദനത്തിന്റെ ശക്തികൂടി. അഭിഭാഷകനാണെന്നും രോഗിയാണെന്നും പറഞ്ഞിട്ടും മര്‍ദ്ദനം നിര്‍ത്തിയില്ല. ചെവിയില്‍ നിന്ന് രക്തം ഒഴുകും വരെ അവരത് തുടര്‍ന്നു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ അദ്ദേഹം കൂട്ടുകാരെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് പോയി. അടുത്ത ദിവസം ജില്ലാ പോലിസ് മേധാവി ഡി എസ് ഭദോരിയയ്ക്കും ഡിജിപി വിവേക് ജോഹ്‌റിയ്ക്കും പരാതി നല്‍കി. കോപ്പി മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിയ്ക്കും മധ്യപ്രദേശ് ഹൈക്കോടതിയ്ക്കും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അയച്ചു. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ഫൂട്ടേജിനു വേണ്ടി ആര്‍ടിഐ കൊടുത്തെങ്കിലും പല കാരണം പറഞ്ഞ് അത് തള്ളി. സിസിടിവി ഫൂട്ടേജ് ഡിലീറ്റ് ചെയ്തിരിക്കുമെന്നാണ് അനൗദ്യോഗികമായി ലഭിച്ച വിവരം.

പരാതി നല്‍കിയ ശേഷം നിരവധി പോലിസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. പരാതി പിന്‍വലിക്കണമെന്നും മാപ്പ് പറയാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. അഭിഭാഷകനായ സഹോദരനെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന ഭീഷണിയും ചിലര്‍ മുഴക്കി. എന്തായാലും ബുന്‍ഡേല വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. എഫ്‌ഐആറിന്റെ കോപ്പിക്കുവേണ്ടി പോലിസിനെ സമീപിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 17ന് അഭിഭാഷകനെ ചോദ്യംചെയ്തു. ഈ ചോദ്യം ചെയ്യലിലാണ് പോലിസുകാര്‍ തങ്ങള്‍ക്ക് തെറ്റു പറ്റിയതാണെന്നും മുസ്‌ലിമാണെന്ന് ധരിച്ചാണ് മര്‍ദ്ദിച്ചതെന്നും ഏറ്റ് പറഞ്ഞത്. ഇതിന്റെ വോയ്‌സ് ക്ലിപ്പ് അഭിഭാഷകന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. കലാപ സമയത്ത് പോലിസ് സാധാരണ ഹിന്ദുക്കളെ സഹായിക്കുകയാണ് ചെയ്യാറെന്നും ഒരു പോലിസുകാരന്‍ അവകാശപ്പെടുന്നുണ്ട്.

ഒരു ഹിന്ദു സഹോദരനാണെന്ന് തിരിച്ചറിയാത്തതിനാലാണ് മര്‍ദ്ദനം നടന്നതെന്നും ഇക്കാര്യത്തില്‍ അവര്‍ക്ക് ലജ്ജയുണ്ടെന്നും പോലിസുകാര്‍ പറഞ്ഞു. തുടര്‍ന്ന് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം വഴങ്ങിയില്ല.

'ഞങ്ങള്‍ക്ക് നിങ്ങളോട് ഒരു ശത്രുതയുമില്ല. ഒരു ഹിന്ദുമുസ്‌ലിം കലാപം ഉണ്ടാകുമ്പോഴെല്ലാം പോലിസ് എല്ലായ്‌പ്പോഴും ഹിന്ദുക്കളെയാണ് പിന്തുണയ്ക്കാറ്. മുസ്‌ലിംകള്‍ക്ക് പോലും ഇത് അറിയാം. എന്നാല്‍ തിരിച്ചറിയാത്തതിനാണ് നിങ്ങളെ മര്‍ദ്ദിച്ചത്' പോലിസുകാര്‍ വീണ്ടും പറഞ്ഞു.

അന്ന് ഹിന്ദുമുസ്‌ലിം കലാപമൊന്നും നടന്നില്ലല്ലോ എന്ന് തിരിച്ച് ചോദിച്ചപ്പോള്‍ മുസ്‌ലിമാണെന്ന് തെറ്റിദ്ധരിച്ചാണ് തല്ലിയതെന്ന് പോലിസുകാരന്‍ സമ്മതിച്ചു.

'നിങ്ങള്‍ക്ക് ഒരു നീണ്ട താടി ഉണ്ടായിരുന്നു. നിങ്ങളെ ആക്രമിച്ചയാള്‍ ഒരു കടുത്ത ഹിന്ദുവാണ്. ഹിന്ദുമുസ്‌ലിം കലാപത്തില്‍ ഒരു മുസ്‌ലിമിനെ അറസ്റ്റ് ചെയ്യുമ്പോഴെല്ലാം അയാള്‍ അവരെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ട് ' അങ്ങനെ സംഭവിച്ചതാണെന്നാണ് പോലിസ് പറയുന്നത്.

എന്തായാലും പരാതി പിന്‍വലിക്കേണ്ടെന്നാണ് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ബുന്‍ഡേലയുടെ തീരുമാനം. പരാതിയുമായി മുന്നോട്ടു പോകുമെന്ന് ബുന്‍ഡേല ദി വയറിനോട് പറഞ്ഞു.

പോലിസിനെതിരേ പരാതി നല്‍കിയതിലുള്ള പ്രതികാരമായാണ് പോലിസിന്റെ പുതിയ നീക്കം. ലോക്ക് ഡൗണ്‍ സമയത്ത് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ട പോലിസുകാരെ അഭിഭാഷകന്‍ ആക്രമിച്ചു എന്നാണ് കേസ്. ലോക്ക് ഡൗണ്‍ ആയതിനാല്‍ മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട പോലിസുകാരെ ബുന്‍ഡേല മര്‍ദിച്ചെന്നാണ് 'രാഷ്ട്രീയ ഹിന്ദു സേന' പ്രവര്‍ത്തകരായ സാക്ഷികള്‍ പറയുന്നത്. ബുന്‍ഡേലയോട് പോലിസ് മാന്യമായാണ് പെരുമാറിയതെന്നും സാക്ഷികള്‍ പറയുന്നു. എന്നാല്‍, ബുന്‍ഡേല പോലിസുകാരെ ഹൈക്കോടതിയില്‍ സ്വാധീനമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പോലിസുകാരനെ മര്‍ദിച്ചതായും ഹിന്ദു സേന പ്രവര്‍ത്തകര്‍ പറഞ്ഞു. കൂടുതല്‍ പോലിസ് എത്തി അഭിഭാഷകനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലിസാകാര്‍ക്കെതിരെ കള്ളക്കേസ് നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ഹിന്ദു സേന പ്രവര്‍ത്തകര്‍ സാക്ഷി മൊഴിയില്‍ പറഞ്ഞു. മൂന്ന് രാഷ്ട്ര ഹിന്ദു സേന അംഗങ്ങളുടെ പ്രസ്താവനകള്‍ സമാനമാണ്, ഉപയോഗിച്ച ഭാഷ പോലും സമാനമാണ്.

144 ലംഘിച്ചതിനും പോലിസുകാരനെ മര്‍ദിച്ചു, പൊതുപ്രവര്‍ത്തകനെ ആക്രമിച്ചു, പൊതു ഉത്തരവ് ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചും ഐപിസി-353, 188, 294 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് അഭിഭാഷകനെതിരേ കേസെടുത്തിട്ടുള്ളത്.

Next Story

RELATED STORIES

Share it