Big stories

'മസ്ജിദ് പൊളിക്കണം'; ഷിംലയ്ക്ക് പിന്നാലെ മാണ്ഡിയിലും ഹിന്ദുത്വ റാലി

മാണ്ഡി ജയില്‍ റോഡിലെ മുസ് ലിം പള്ളിയില്‍ അനധികൃത നിര്‍മാണം ആരോപിച്ച് നൂറുകണക്കിന് ഹിന്ദുത്വരാണ് ജുമുഅ ദിവസമായ വെള്ളിയാഴ്ച മാണ്ഡി ടൗണില്‍ സംഘടിച്ചത്. ദേവഭൂമിയില്‍ വഖ്ഫ് വേണ്ട തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി സ്ത്രീകള്‍ ഉള്‍പ്പെടെയാണ് തെരുവിലിറങ്ങിയത്.

മസ്ജിദ് പൊളിക്കണം; ഷിംലയ്ക്ക് പിന്നാലെ മാണ്ഡിയിലും ഹിന്ദുത്വ റാലി
X

ഷിംല: കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലെ ഷിംലയ്ക്കു പിന്നാലെ മാണ്ഡിയിലും മുസ് ലിം പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വരുടെ പ്രതിഷേധം. സഞ്ജൗലിയിലെ ആറുപതിറ്റാണ്ടോളം പഴക്കമുള്ള മുസ് ലിം പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനു പിന്നാലെയാണ് മാണ്ഡിയിലും സമാനനീക്കവുമായി ഹിന്ദുത്വര്‍ രംഗത്തെത്തിയത്. പിഡബ്ല്യുഡി ഭൂമിയിലെന്ന് ആരോപിക്കപ്പെട്ട കെട്ടിടഭാഗം ഇന്നലെ തന്നെ മസ്ജിദ് കമ്മിറ്റി പൊളിച്ചുമാറ്റിയിട്ടും ഹിന്ദുത്വര്‍ ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

മാണ്ഡി ജയില്‍ റോഡിലെ മുസ് ലിം പള്ളിയില്‍ അനധികൃത നിര്‍മാണം ആരോപിച്ച് നൂറുകണക്കിന് ഹിന്ദുത്വരാണ് ജുമുഅ ദിവസമായ വെള്ളിയാഴ്ച മാണ്ഡി ടൗണില്‍ സംഘടിച്ചത്. കെട്ടിടം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധിച്ചത്. ദേവഭൂമിയില്‍ വഖ്ഫ് വേണ്ട തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി സ്ത്രീകള്‍ ഉള്‍പ്പെടെയാണ് തെരുവിലിറങ്ങിയത്. ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഹിന്ദുത്വര്‍ അക്രമാസക്തരായതോടെ പിരിച്ചുവിടാന്‍ പോലിസ് ജലപീരങ്കി പ്രയോഗിക്കുകയും നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതുപ്രകാരം അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുകയാണ്. ഈയാഴ്ച തന്നെയാണ് ഷിംലയിലെ സഞ്ജൗലി ജുമാമസ്ജിദില്‍ ബന്ദിന്റെ മറവില്‍ ആക്രമണം നടത്തിയത്. ജയ് ശ്രീറാം വിളിച്ച് പോലിസ് ബാരിക്കേഡുകള്‍ തകര്‍ത്ത സംഘം വനിതാ പോലിസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ കല്ലെറിയുകയായിരുന്നു. ഹിന്ദുത്വര്‍ കല്ലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് പോലിസ് ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആക്രമണത്തില്‍ ആറ് പോലിസുകാര്‍ക്കാണ് പരിക്കേറ്റത്. വനിതാ പോലിസ് ഉദ്യോഗസ്ഥയുടെ നില ഗുരുതരമായി തുടരുകയാണ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് എഫ്‌ഐആറുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തത്.

ഇതിനു പിന്നാലെയാണ് മാണ്ഡി ജയില്‍ റോഡിലെ പള്ളിക്കെതിരേ ചില ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. മസ്ജിദിന്റെ ഒരു ഭാഗം പൊതുമരാമത്ത് വകുപ്പിന്റേതാണെന്നും പൊളിച്ചുമാറ്റണമെന്നുമാണ് ആവശ്യം. മാണ്ഡി സെന്‍ട്രലിലെ സെരി മഞ്ചില്‍ 600ലധികം പേരാണ് ഒത്തുകൂടിയത്. ആദ്യം ഹനുമാന്‍ ചാലിസ ചൊല്ലുകയും പിന്നീട് പള്ളിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. മസ്ജിദിലേക്കുള്ള വഴിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചെങ്കിലും മറികടക്കാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ടിയര്‍ ഗ്യാസ് പ്രയോഗിച്ചതായും പരിക്കുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലിസ് പറഞ്ഞു. യഥാര്‍ഥ ഘടനയുമായി ബന്ധപ്പെട്ട തല്‍സ്ഥിതി നിലനിര്‍ത്തണമെന്നും അനധികൃത കെട്ടിടം 30 ദിവസത്തിനകം പൊളിക്കണമെന്നും കോടതി ഉത്തരവിട്ടതായി മാണ്ഡി കോര്‍പറേഷന്‍ കമ്മീഷണര്‍ എച്ച് എച്ച് റാണ അറിയിച്ചു. 30 ദിവസത്തിനകം അനധികൃത കെട്ടിടം പൊളിക്കണമെന്ന് പള്ളി ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ കെട്ടിടം ഭരണകൂടം പൊളിക്കും. 2023ല്‍ പ്രദേശവാസി പരാതി നല്‍കിയതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഇന്ന് അത് തീര്‍പ്പാക്കി. തീരുമാനം പ്രതിഷേധക്കാരെ അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും റാണ പറഞ്ഞു. അതേസമയം, പിഡബ്ല്യുഡി ഭൂമിയിലെന്ന് പറയപ്പെടുന്ന കെട്ടിടഭാഗം ഇന്നലെ തന്നെ മസ്ജിദ് കമ്മിറ്റി പൊളിച്ചിട്ടുണ്ടെന്നും എന്നാല്‍ ചില ഹൈന്ദവ സംഘടനകള്‍ ഇന്ന് പ്രതിഷേധത്തിന് ആഹ്വാനം നല്‍കുകയായിരുന്നുവെന്നും ഒരു പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അനധികൃതമാണെന്ന് ആരോപിക്കപ്പെട്ട നിര്‍മാണം സ്വമേധയാ പൊളിക്കാന്‍ തീരുമാനിച്ചതായി പള്ളി കമ്മിറ്റി അംഗം ഇഖ്ബാല്‍ അലി മാധ്യമങ്ങളോട് പറഞ്ഞു. മതില്‍ പിഡബ്ല്യുഡിയുടെ ഭൂമിയിലാണെന്ന് പറയുന്നതിനാല്‍ പൊളിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷിംലയിലേതിനു സമാനമായ രീതിയില്‍ ഹിന്ദുത്വര്‍ ആക്രമണം നടത്താന്‍ സാധ്യതയുള്ളതിനാല്‍ മാണ്ഡിയില്‍ ക്രമസമാധാനപാലനത്തിനായി 700ലധികം പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി അഭിഷേക് ത്രിവേദിയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.

ഷിംലയിലെ സഞ്ജൗലി മസ്ജിദിലും ഹിന്ദുത്വരും കോണ്‍ഗ്രസ് മന്ത്രിയും അനധികൃത നിര്‍മാണം ആരോപിച്ച ഭാഗം സീല്‍ ചെയ്യണമെന്നും കോടതി ഉത്തരവ് എതിരാണെങ്കില്‍ തങ്ങള്‍ തന്നെ പൊളിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി ഷിംല മുനിസിപ്പല്‍ കമീഷണര്‍ക്ക് കത്തുനല്‍കിയിരുന്നു. പള്ളി ഇമാമും വഖ്ഫ് ബോര്‍ഡ്, മസ്ജിദ് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ മുസ് ലിം പള്ളികള്‍ക്കു നേരെ വ്യാപകമായി പ്രതിഷേധം നടത്തി കലാപമുണ്ടാനുള്ള നീക്കമാണെന്ന ആരോപണം ശക്തമാണ്.

Next Story

RELATED STORIES

Share it