Big stories

സിഎഎ വിരുദ്ധ പ്രക്ഷോഭം: അഖില്‍ ഗൊഗോയിക്ക് മൂന്ന് കേസുകളില്‍ ജാമ്യം

സിഎഎ വിരുദ്ധ പ്രക്ഷോഭം: അഖില്‍ ഗൊഗോയിക്ക് മൂന്ന് കേസുകളില്‍ ജാമ്യം
X

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കാളിയായതിനു അസം പോലിസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ കൃഷക് മുക്തി സംഗ്രം സമിതി(കെഎംഎസ്എസ്) നേതാവ് അഖില്‍ ഗൊഗോയിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദിബ്രുഗഡ് ജില്ലയിലെ ചബുവ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് ജസ്റ്റിസ് മനീഷ് രഞ്ജന്‍ പതക് ജാമ്യം നല്‍കിയത്. എന്നാല്‍, ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അന്വേഷിക്കുന്ന കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനാല്‍ അദ്ദേഹം ജയിലില്‍ തുടരും. കഴിഞ്ഞ ഡിസംബറില്‍ നടന്ന പൗരത്വ (ഭേദഗതി) നിയമത്തിനെതിരേ നടന്ന പ്രക്ഷോഭം അക്രമാസക്തമായെന്ന് ആരോപിച്ചാണ് അഖില്‍ ഗൊഗോയിക്കെതിരേ കേസെടുത്തത്. ഇതോടെ രണ്ട് എന്‍ഐഎ കേസുകളൊഴികെ എല്ലാ കേസുകളിലും ഇദ്ദേഹത്തിനു ജാമ്യം ലഭിച്ചതായി അഭിഭാഷകന്‍ സാന്താനു ബോര്‍ത്താകൂര്‍ പറഞ്ഞു. രണ്ട് കേസുകളിലൊന്നില്‍ വാദം കേള്‍ക്കല്‍ അടുത്ത ദിവസങ്ങളില്‍ തുടങ്ങും. കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അഖില്‍ ഗൊഗോയ് മെയ് 29 മുതല്‍ ജയിലിലായിരിക്കെയാണ്, ഡിസംബറില്‍ നടന്നസംഭവത്തില്‍ കേസെടുത്തത്. ചബുവയില്‍ ഒരു പോസ്റ്റ് ഓഫിസ്, ഒരു സര്‍ക്കിള്‍ ഓഫിസ്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ശാഖ എന്നിവ കത്തിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിചേര്‍ത്തത്.

ഗുവാഹത്തി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെ ഗൊഗോയിക്ക് ജൂലൈ 11ന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗുവാഹതി മെഡിക്കല്‍ കോളജ് ആശുപത്രിയി(ജിഎംസിഎച്ച്)ല്‍ ചികില്‍സയിലാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ആദ്യഘട്ടത്തില്‍ ഡിസംബര്‍ 12ന് ജോര്‍ഹാറ്റില്‍ നിന്നാണ് ഗൊഗോയിയെ മുന്‍കരുതലായി അറസ്റ്റുചെയ്തത്. അടുത്ത ദിവസം മൂന്ന് സഹപ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തു. അസമിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി പഴയ കേസുകളില്‍ നാല് നേതാക്കളെയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. ഇതിലെ മിക്ക കേസുകളിലും അവര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ചന്ദ്മാരി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാവാത്തതിനാല്‍ മാര്‍ച്ച് 17ന് എന്‍ഐഎ പ്രത്യേക കോടതി ഗോഗോയിക്ക് ജാമ്യം നല്‍കിയിരുന്നു. ഹൈക്കോടതി പിന്നീട് ജാമ്യം റദ്ദാക്കി. മെയ് 29ന് രാജ്യദ്രോഹ, ഭീകരപ്രവര്‍ത്തനങ്ങളില്‍ ബന്ധമുണ്ടെന്നാരോപിച്ച്

ഗോഗോയിക്കും മൂന്ന് സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഗോഗോയിയ്‌ക്കൊപ്പം എന്‍ഐഎ അറസ്റ്റ് ചെയ്ത കെഎംഎസ്എസ് നേതാവ് ബിട്ടു സോനോവാളിന് എന്‍ഐഎ പ്രത്യേക കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ച മറ്റൊരു കെഎംഎസ്എസ് നേതാവ് മനാഷ് കോന്‍വാര്‍ ജാമ്യം ലഭിച്ച് ചൊവ്വാഴ്ച ജയില്‍മോചിതനായി. നാലാമനായ ധൈര്യ കണ്‍വാറിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ഇദ്ദേഹവും കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികില്‍സയിലാണ്.

Akhil Gogoi Gets Bail In 3 Cases Lodged By Assam Police

Next Story

RELATED STORIES

Share it