Big stories

ആന്ധ്രയില്‍ ദുരിതം വിതച്ച് പ്രളയം: ബസ്സുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം, 18 പേരെ കാണാതായി (വീഡിയോ)

കടപ്പ ജില്ലയിലെ മണ്ടപ്പള്ളി ഗ്രാമത്തിലാണ് സംഭവം. ആന്ധ്രാപ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ മൂന്ന് ബസ്സുകളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തകര്‍ 12 മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ആന്ധ്രയില്‍ ദുരിതം വിതച്ച് പ്രളയം: ബസ്സുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം, 18 പേരെ കാണാതായി (വീഡിയോ)
X

അമരാവതി: ആന്ധ്രാപ്രദേശില്‍ ദുരിതം വിതച്ച് കനത്ത മഴയും വെള്ളപ്പൊക്കവും. ശക്തമായ മഴയെത്തുടര്‍ന്ന് ബസ്സുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചു. 18 പേരെ കാണാതായി. കടപ്പ ജില്ലയിലെ മണ്ടപ്പള്ളി ഗ്രാമത്തിലാണ് സംഭവം. ആന്ധ്രാപ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ മൂന്ന് ബസ്സുകളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തകര്‍ 12 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മണ്ഡപള്ളെ, അകെപ്പാട്, നന്ദലൂര്‍ വില്ലേജുകളിലാണ് ബസ്സുകള്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയത്. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമൊപ്പം യാത്രക്കാരും പ്രാണരക്ഷാര്‍ഥം ബസ്സുകളുടെ മുകളില്‍ കയറിയിരുന്നു.

ചിലരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയപ്പോള്‍ 30 പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. രണ്ട് ബസ്സുകള്‍ വെള്ളത്തിന് മുകളില്‍ കുടുങ്ങിയപ്പോള്‍ രാജംപേട്ട്‌നന്ദലൂര്‍ റൂട്ടില്‍ ഓടുന്ന ഒരു ബസ് ഏതാണ്ട് പൂര്‍ണമായും വെള്ളത്തിനടിയിലായി. നന്ദല്ലൂരിന് സമീപം ആര്‍ടിസി ബസ്സില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഏഴ് മൃതദേഹങ്ങള്‍ ഗുണ്ട്‌ലൂരില്‍നിന്നും മൂന്ന് മൃതദേഹങ്ങള്‍ റായവരത്തുനിന്ന് കണ്ടെടുത്തു.

അന്നമയ്യ ജലസേചന പദ്ധതിയില്‍നിന്ന് വന്‍തോതില്‍ നീരൊഴുക്കുണ്ടായതിനെത്തുടര്‍ന്ന് ചെയ്യേരു തോട് കരകവിഞ്ഞൊഴുകുകയും നന്ദല്ലൂര്‍, രാജംപേട്ട്, തുടങ്ങിയ പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള ഗുണ്ട്‌ലൂര്‍, ശേഷമാംബപുരം, മണ്ട്പള്ള എന്നിവയുള്‍പ്പെടെ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു. മറ്റൊരു സംഭവത്തില്‍ അനന്തപൂര്‍ ജില്ലയിലെ ചെന്നെക്കോത്തപ്പള്ളി മണ്ഡലത്തിലെ വെല്‍ദുര്‍ത്തി ഗ്രാമത്തില്‍ ചിത്രാവതി നദിയില്‍ കുടുങ്ങിയ 10 പേരെ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പുറത്തെത്തിച്ചു.

ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), റവന്യൂ, ഫയര്‍ സര്‍വീസ്, നീന്തല്‍ വിദഗ്ധര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതായി പോലിസ് അറിയിച്ചു. പെന്ന നദി കരകവിഞ്ഞൊഴുകിയതോടെ ഒറ്റപ്പെട്ട അനന്തപൂര്‍ ജില്ലയിലെ ശാസനകോട്ട ഗ്രാമത്തിലെ രണ്ട് യുവാക്കളെ പോലിസിന്റെയും അഗ്‌നിശമന സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷപ്പെടുത്തി.

Next Story

RELATED STORIES

Share it