Big stories

പ്രഖ്യാപനങ്ങൾ മാത്രം; പച്ചക്കറിക്ക് ഈടാക്കുന്നത് ഇരട്ടിവില; ഹോർട്ടികോർപിന്റെ പകൽക്കൊള്ള

കേരളത്തിലെ പച്ചക്കറി കര്‍ഷകരെ സഹായിക്കുക, കുറഞ്ഞ വിലയില്‍ വിപണിയില്‍ പച്ചക്കറി നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ സ്ഥാപിക്കപ്പെട്ട ഹോര്‍ട്ടികോര്‍പ് അഴിമതിയുടെ കൂത്തരങ്ങായിട്ടും കൃഷിമന്ത്രിയോ സര്‍ക്കാരോ ഇടപെടുന്നില്ലെന്നതാണ് ശ്രദ്ധേയം.

പ്രഖ്യാപനങ്ങൾ മാത്രം; പച്ചക്കറിക്ക് ഈടാക്കുന്നത് ഇരട്ടിവില; ഹോർട്ടികോർപിന്റെ പകൽക്കൊള്ള
X

തിരുവനന്തപുരം: പച്ചക്കറി വില കുതിച്ചുയരുമ്പോൾ കമ്പോളത്തിലുള്ളതിനെക്കാൾ ഇരട്ടി വില ഈടാക്കി ഹോർട്ടികോർപ്. പച്ചക്കറി കമ്പോളങ്ങളിൽ ക്യാരറ്റിന്റെ വില 60 രൂപയിലേക്ക് താഴ്ന്നെങ്കിലും ഹോർട്ടികോർപ്പിൽ 97 രൂപയാണ് ഈടാക്കുന്നത്. മിക്ക ഇനങ്ങൾക്കും ചില്ലറ വിൽപ്പനശാലകളിലെ വിലയാണ് ഹോർട്ടികോർപിൽ. ഓണത്തിന് ഉയർന്ന പച്ചക്കറി വില ഇപ്പോഴും താഴ്ന്നിട്ടില്ല.

പൊതുവിപണിയെക്കാൾ കുറഞ്ഞ നിരക്കിലാണ് പച്ചക്കറി ഇനങ്ങൾ വിൽക്കുന്നതെന്നാണ് ഹോർട്ടികോർപിന്റെ വാദം. എന്നാൽ പച്ചക്കറി മാർക്കറ്റിൽ കാരറ്റിന് ഒരു കിലോയ്ക്ക് 60 രൂപയിൽ താഴെയാണെങ്കിലും ഹോർട്ടികോർപ് വിൽപനശാലയിൽ 97 രൂപയാണ്. ഹോർട്ടികോർപിൽ 89 രൂപയുള്ള പയറിന് 60 രൂപ മാത്രമാണ്. 79 രൂപയുള്ള ബീൻസ് 70 രൂപയും. ഹോർട്ടികോർപിലുള്ള 81 രൂപയുള്ള ഒരു കിലോ പൈനാപ്പിൾ 68 രൂപയ്ക്ക് കമ്പോളത്തിൽ കിട്ടും. ഹോർട്ടികോർപ്പിൽ വില വ്യത്യാസത്തിന് പുറമേ സാധനങ്ങൾ ലഭ്യമല്ലെന്ന പരാതിയുമുണ്ട്.

കമ്പോളത്തിലെ വിലയിലുള്ള മാറ്റം മനസിലാക്കാതെ ചില്ലറ വിൽപ്പനശാലകളിലെ വിലയ്ക്ക് അനുസരിച്ച് ഹോർട്ടികോർപ് നിരക്ക് നിശ്ചയിക്കുമ്പോൾ സർക്കാർ ഇടപെടൽ പൂർണമായി പരാജയപ്പെടുകയാണ്. കടക്കെണിയില്‍ വലയുന്ന കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ നേരിട്ടു വാങ്ങാതെ ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടിലൂടെയാണ് ഇപ്പോള്‍ പച്ചക്കറി സംഭരണെന്നാണ് പുറത്തുവരുന്ന റിപോർട്ട്. ഇതിന്റെ പേരിൽ ഹോർട്ടികോർപിലെ പര്‍ച്ചേസ് വിഭാഗം ഉദ്യോഗസ്ഥനെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കേരളത്തിലെ പച്ചക്കറി കര്‍ഷകരെ സഹായിക്കുക, കുറഞ്ഞ വിലയില്‍ വിപണിയില്‍ പച്ചക്കറി നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ സ്ഥാപിക്കപ്പെട്ട ഹോര്‍ട്ടികോര്‍പ് അഴിമതിയുടെ കൂത്തരങ്ങായിട്ടും കൃഷിമന്ത്രിയോ സര്‍ക്കാരോ ഇടപെടുന്നില്ലെന്നതാണ് ശ്രദ്ധേയം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികള്‍ തിരുവനന്തപുരം ആനയറയിലെ ഗോഡൗണില്‍ സൂക്ഷിക്കുകയും അവ ഹോര്‍ട്ടികോര്‍പിന്റെ സ്റ്റാളുകളിലൂടെ വില്‍പ്പന നടത്തുകയുമായിരുന്നു രീതി.

നേരിട്ടുള്ള സംഭരണമായതിനാല്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് പച്ചക്കറി എത്തിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍, നിലവില്‍ കര്‍ഷകരില്‍ നിന്നുള്ള സംഭരണം നിലച്ചു. മഴ, മോശം കാലാവസ്ഥ, കുറഞ്ഞ വിളവ് തുടങ്ങിയ വാദങ്ങളുയര്‍ത്തി കര്‍ഷകരെ പൂര്‍ണമായും തഴഞ്ഞു. പിന്നീട് തമിഴ്‌നാട്ടില്‍ നിന്നുള്ള ചില ഏജന്‍സികളുമായി ധാരണയുണ്ടാക്കി സംസ്ഥാനത്തേക്ക് പച്ചക്കറി എത്തിച്ചു തുടങ്ങി. കമ്മീഷനില്‍ കണ്ണുവെച്ചായിരുന്നു ഈ കച്ചവടം.

Next Story

RELATED STORIES

Share it