Big stories

കൊവിഡ് ഭീതി മാറിയാല്‍ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പുനരാരംഭിക്കും: എസ് ഡിപിഐ

കൊവിഡ് ഭീതി മാറിയാല്‍ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പുനരാരംഭിക്കും: എസ് ഡിപിഐ
X

ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപന ഭീതി മാറിയാല്‍ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളും രാജ്യത്ത് പുനരാരംഭിക്കുമെന്ന് എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. സിഎഎ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കൊവിഡ് 19 സ്ഥിതി മെച്ചപ്പെട്ടശേഷം ഇത് നടപ്പാക്കുമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയോട്് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തില്‍ നിന്ന് മുക്തമായ പൗരത്വം എന്ന ഭരണഘടനാ സങ്കല്‍പ്പത്തിന്റെ നഗ്നമായ ലംഘനമാണ് സിഎഎ. മുസ് ലിംകളുടെ പൗരത്വ അവകാശത്തെ നിഷേധിക്കുന്നതാണ് നിയമം.

വിഭജനശേഷം ഇന്ത്യയെ മാതൃരാജ്യമായി തിരഞ്ഞെടുത്ത് ഇന്ത്യയില്‍ താമസിക്കാന്‍ തീരുമാനിച്ചവരുടെ പിന്‍ഗാമികളാണ് ഇന്ത്യയില്‍ അധിവസിക്കുന്ന മുസ് ലിംകള്‍. ഇപ്പോള്‍ ഇന്ത്യയില്‍ താമസിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ചവരും ഇന്ത്യന്‍ പൗരന്മാരുമാണ്. അയല്‍രാജ്യമായ മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ മാത്രമാണ് ലക്ഷ്യംവയ്ക്കുന്നതെന്നും ഈ നിയമം നിലവില്‍ ഇന്ത്യന്‍ പൗരന്മാരായ മുസ് ലിംകള്‍ക്കെതിരല്ലെന്നുമുള്ള പ്രചാരണം കേവലം മുഖംമൂടി മാത്രമാണ്. എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കൊപ്പം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതിനാലും എന്‍ആര്‍സിയില്‍ നിന്ന് ഹിന്ദുക്കളെ ഒഴിവാക്കിയതിനാലും ഇതിലൂടെ മുസ് ലിംകളെ മാത്രമേ അന്യവല്‍ക്കരിക്കുകയുള്ളൂ എന്നത് വ്യക്തമാണ്. സിഎഎ നടപ്പാക്കി ഗോള്‍വാള്‍ക്കറുടെ ഹിന്ദുത്വ രാഷ്ട്രത്തെക്കുറിച്ചുള്ള സ്വപ്നം സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് വര്‍ഗീയവാദികളായ കേന്ദ്ര സര്‍ക്കാര്‍. എല്ലാ ഇന്ത്യന്‍ പൗരന്മാരുടെയും ജന്മാവകാശമായ പൗരത്വം സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങളിലും പ്രതിഷേധങ്ങളിലും എസ് ഡിപിഐ മുന്നില്‍ തന്നെയുണ്ടാവും. കൊറോണയുടെ സ്ഥിതി മാറുന്നതിനനുസരിച്ച് ഭീകരമായ ഭേദഗതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെതിരായ പ്രക്ഷോഭങ്ങളും പൂര്‍വാധികം ശക്തമായി പുനരാരംഭിക്കുമെന്നും എം കെ ഫൈസി മുന്നറിയിപ്പ് നല്‍കി.

Anti-CAA protests to resume after Covid fears: SDPI


Next Story

RELATED STORIES

Share it