Big stories

ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന കേസ്: സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ജീവനക്കാരനെ കോടതി വെറുതെ വിട്ടു

ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന കേസ്: സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ജീവനക്കാരനെ കോടതി വെറുതെ വിട്ടു
X

മുംബൈ: കാസര്‍കോട് സ്വദേശിയെയും കുടുംബത്തെയും ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന കേസില്‍ ഡോ.സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ജീവനക്കാരനെ കോടതി കുറ്റമുക്തനാക്കി. യുഎപിഎ ചുമത്തി ജയിലില്‍ അടച്ച അര്‍ഷി ഖുറേഷിയെയാണ് പ്രത്യേക എന്‍ഐഎ പ്രത്യേക കോടതി വെറുതെ വിട്ടത്. ആരോപണങ്ങള്‍ തെളിയിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനാവാത്തതിനാല്‍ എല്ലാ കുറ്റങ്ങളില്‍ നിന്നും ഖുറേഷിയെ ഒഴിവാക്കുന്നതായി പ്രത്യേക ജഡ്ജി എ എം പാട്ടീല്‍ വിധിച്ചു. സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ ഗസ്റ്റ് റിലേഷന്‍സ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു അര്‍ഷി ഖുറേഷി.

കാസര്‍കോട് സ്വദേശി അഷ്ഫാഖ് മജീദ് അടക്കം 22ഓളം പേരെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്നാണ് കേസ്. മകന്‍ അഷ്ഫാഖിനെയും ഭാര്യയെയും ഒരു വയസുകാരി മകളെയും ഐഎസ്സില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിക്കുകയും റിക്രൂട്ട് ചെയ്യുന്നതിന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് മുംബൈയില്‍ ലോഡ്ജ് നടത്തുന്ന പിതാവ് അബ്ദുല്‍ മജീദാണ് ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ജീവനക്കാരനായ അര്‍ഷി ഖുറേഷിക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരേ മുംബൈ പോലിസില്‍ പരാതി നല്‍കിയത്. കേസെടുത്ത മുംബൈ പോലിസ് അന്വേഷണവും ആരംഭിച്ചു.

2017 ല്‍ കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയും ഖുറേഷിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തോടൊപ്പം അറസ്റ്റിലായ വയനാട് സ്വദേശി ഇമാം മുഹമ്മദ് ഹനീഫ് അടക്കം മറ്റ് രണ്ടുപേര്‍ക്കെതിരേ മതിയായ തെളിവില്ലെന്ന് എന്‍ഐഎ പറഞ്ഞതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഖുറേഷി മുംബൈയിലായിരുന്നപ്പോള്‍ അഷ്ഫാഖ് അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് എന്‍ഐഎ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്.

പോലിസിന്റെ സമ്മര്‍ദത്തെക്കുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് അബ്ദുല്‍ മജീദ് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഹനീഫിനെ എന്‍ഐഎ പിന്നീട് കേസില്‍ നിന്നും ഒഴിവാക്കി. ഖുറേഷി പ്രബോധനം നടത്തിയെന്ന് അവകാശപ്പെടുന്നവരുടെ ബന്ധുക്കളടക്കം 57 സാക്ഷികളെ വിചാരണ വേളയില്‍ വിസ്തരിച്ചു. എട്ട് സാക്ഷികള്‍ കൂറുമാറി. ഖുറേഷി യുവാക്കളെ സ്വാധീനിച്ചെന്നോ ഐഎസില്‍ ചേര്‍ന്നെന്നോ തെളിയിക്കുന്ന തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. കേസില്‍ അറസ്റ്റിലായ ഖുറേഷി 2016 മുതല്‍ ജയിലിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഖുറേഷി ജയില്‍ മോചിതനാവും.

Next Story

RELATED STORIES

Share it