Big stories

അട്ടപ്പാടി മധു കൊലക്കേസ്: 13 പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിനതടവ്

അട്ടപ്പാടി മധു കൊലക്കേസ്: 13 പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിനതടവ്
X
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴു വര്‍ഷം കഠിനതടവ്. പതിനാറാം പ്രതിക്ക് മൂന്നു മാസം തടവും 500 രൂപ പിഴയും വിധിച്ചു. പാലക്കാട് ജില്ലാ പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. 16ാം പ്രതി മുനീറിന് മൂന്നു മാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചത്. എന്നാല്‍, വിചാരണ കാലയളവില്‍ തടവ് അനുഭവിച്ചതിനാല്‍ മുനീര്‍ പിഴ അടച്ചാല്‍ മാത്രം മതി. ഒന്നാം പ്രതി ഹുസയ്‌ന് കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസിലെ നാലാം പ്രതി അനീഷ്, 11ാം പ്രതി അബ്ദുല്‍ കരീം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി ഇന്നലെ വെറുതെ വിട്ടിരുന്നു. അതിനിടെ, കൂറുമാറിയ സാക്ഷികള്‍ക്കെതിരേ നടപടിക്കും കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി സ്‌റ്റേ നീങ്ങിയാല്‍ തുടര്‍നടപടി സ്വീകരിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. കേസിലെ ഒന്നാം പ്രതി ഹുയ്‌സന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ശംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, 10ാം പ്രതി ജൈജു മോന്‍, 12ാം പ്രതി സജീവ്, 13ാം പ്രതി സതീഷ്, 14ാം പ്രതി ഹരീഷ്, 15ാം പ്രതി ബിജു എന്നിവരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കഠിന തടവിനു ശിക്ഷിച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, തട്ടിക്കൊണ്ടുപോവല്‍, ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, അന്യായമായി കുറ്റകൃത്യം ചെയ്യാന്‍ സംഘം ചേരല്‍, പട്ടികജാതി പട്ടികവര്‍ഗത്തില്‍ പെട്ടയാളെ നഗ്‌നനായോ അര്‍ധനഗ്‌നനായോ പരേഡ് നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി ചുമത്തിയത്.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും നിസ്സഹായനായ ആദിവാസി യുവാവിനെ മനുഷ്യത്വരഹിതമായി ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമാക്കി കൊലപ്പെടുത്തിയ കേസാണിതെന്നും പ്രതികള്‍ ആനുകൂല്യം അര്‍ഹിക്കുന്നില്ലെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ വാദിച്ചു. എന്നാല്‍, മധുവിനെ മനഃപൂര്‍വം കൊല്ലണമെന്ന് പ്രതികള്‍ക്ക് ഉദ്ദേശ്യമുള്ളതായി തെളിയിക്കാനുള്ള തെളിവുകളൊന്നും ഇല്ലെന്നും മധുവിന് പഴവും വെള്ളവുമുള്‍പ്പെടെ കൊടുക്കുന്ന ദൃശ്യങ്ങള്‍ കണ്ടെന്നുമാണ് കോടതി വിരീക്ഷിച്ചത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ആദിവാസി ഊരിലെ മല്ലന്റേയും മല്ലിയുടേയും മകന്‍ മധു(34) ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരി 25ന് കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it