- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി മസ്ജിദ് ഭൂമി ഉടമസ്ഥാവകാശ കേസ് സങ്കീര്‍ണമായത് ഇങ്ങിനെ?
വിധി പ്രഖ്യാപനം ലോകം കാത്തിരിക്കുകയാണ്. ശ്രീരാമ ഭക്തരായ നിര്‍മോഹി അഖാറ, യുപി കേന്ദ്ര സുന്നി വഖഫ് ബോര്‍ഡ്, 1949ല്‍ അതിക്രമിച്ച് കയറി പള്ളിയില്‍ സ്ഥാപിച്ച രാം ലല്ലയെ പ്രതിനിധീകരിച്ച് സംഘപരിവാരം എന്നിവയാണ് കേസിലെ കക്ഷികള്‍.
-പിഎഎം ഹാരിസ്
ബാബരി മസ്ജിദ് ഭൂമി ഉടമസ്ഥത സംബന്ധിച്ച കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യസ്ഥനായ ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രഖ്യാപനം ഇന്ന് (2019 നവമ്പര്‍ 9) ലോകം കാത്തിരിക്കുകയാണ്. ശ്രീരാമ ഭക്തരായ നിര്‍മോഹി അഖാറ, യുപി കേന്ദ്ര സുന്നി വഖഫ് ബോര്‍ഡ്, 1949ല്‍ അതിക്രമിച്ച് കയറി പള്ളിയില്‍ സ്ഥാപിച്ച രാം ലല്ലയെ പ്രതിനിധീകരിച്ച് സംഘപരിവാരം എന്നിവയാണ് കേസിലെ കക്ഷികള്‍. മൂന്ന് കക്ഷികള്‍ക്കുമായി മൊത്തം വരുന്ന 2.77 ഏക്കര്‍ സ്ഥലം തുല്യമായി വീതിച്ച് നല്‍കുന്നതിനാണ് അലഹബാദ് ഹൈക്കോടതി 2010 സെപ്തംബര്‍ 30ന് ഉത്തരവിട്ടത്.
ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. ഇതില്‍ എട്ടെണ്ണം മുസ്‌ലിം പക്ഷത്ത് നിന്നാണ്. യുപി കേന്ദ്ര സുന്നി വഖഫ് ബോര്‍ഡ,് നിര്‍മോഹി അഖാറ, രാം ലല്ല വിരാജ്മാന്‍ എന്നിവയുടേതാണ് പ്രധാന ഹരജികള്‍. വിശ്വഹിന്ദു പരിഷത്ത് രൂപീകരിച്ച രാമജന്മഭൂമി ന്യാസ്, രാം ലല്ലയെ പിന്തുണക്കുന്നു. ശിയാ വിഭാഗം മുസ്ലിംകളെ പ്രതിനിധീകരിക്കുന്ന ആള്‍ ഇന്ത്യാ ശിയാ കോണ്‍ഫറന്‍സും ശിയാ വഖഫ് ബോര്‍ഡും തുടങ്ങി വേറെ കക്ഷികളുണ്ട്. കേസിലെ കക്ഷികളെ സൗകര്യാര്‍ത്ഥം ഹിന്ദു പക്ഷമെന്നും, മുസ്‌ലിം പക്ഷമെന്നും രണ്ട് വിഭാഗങ്ങളായി പൊതുവെ പരാമര്‍ശിക്കാറുണ്ടെങ്കിലും നിലപാടുകളിലും സമീപനങ്ങളിലും സമീപനങ്ങൡും ഏറെ വ്യത്യസ്തതകളുണ്ട്. ഒരേ പക്ഷത്ത് എന്ന് ധരിക്കുന്ന കക്ഷികള്‍ സ്വീകരിച്ചത് പരസ്പര വിരുദ്ധമായ നിലപാടുകളാണെന്ന് പ്രഗത്ഭ അഭിഭാഷകര്‍ സുപീംകോടതിയില്‍ നിരത്തിയ വാദമുഖങ്ങളില്‍ വ്യക്തമാണ്. ഭൂമിയുടെ ഉടമസ്ഥതക്ക് അപ്പുറമുള്ള മാനങ്ങള്‍ ഈ കേസിന് നല്‍കുന്നതിന് ഹിന്ദുത്വരുടെ ആസൂത്രിത നീക്കങ്ങള്‍ ബാബരി കേസിന്റെ ഇന്നലെകളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് ബോധ്യമാകും.
മുഖ്യമായി മൂന്ന് കക്ഷികളാണ് കേസിലുള്ളത്. 1528 മുതല്‍ നിലനിന്ന മസ്ജിദിന്റെ നിയന്ത്രണ അധികാരമുള്ള യുപി കേന്ദ്ര സുന്നി വഖഫ് ബോര്‍ഡ് 1992ല്‍ ഹിന്ദുത്വര്‍ തകര്‍ത്ത മസ്ജിദ് പുതുക്കിപ്പണിയുന്നതിന് സ്ഥലത്തിന്റെ ഉടമാവകാശം തേടുന്നു. അയോധ്യയിലെ തര്‍ക്കഭൂമിയുടെ നിയന്ത്രണ അവകാശം (ഷെബയ്തി) അവകാശപ്പെടുന്ന നിര്‍മോഹി അഖാറ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ ആഗ്രഹിക്കുന്നു. 1949ല്‍ അതിക്രമിച്ച് കയറി പള്ളിയില്‍ സ്ഥാപിച്ച രാം ലല്ല, രാമജന്മഭൂമിയെന്ന് അവകാശപ്പെടുന്ന രാമജന്മസ്ഥാന്‍ എന്നിവ ഭൂമിയുടെ ഉടമസ്ഥത തങ്ങളുടേത് മാത്രമായി അവകാശപ്പെടുന്നു.
പതിനാലാം നൂറ്റാണ്ടില്‍ കവി സന്ത് രാമാനന്ദ സ്ഥാപിച്ച നിര്‍മോഹി അഖാറ ഏഴ് നൂറ്റാണ്ടുകളായി ശ്രീരാമഭക്തരാണെന്ന് അവകാശപ്പെടുന്ന രജിസ്‌ട്രേഡ് സംഘടനയാണ്. രാം ലല്ല, രാം ജന്മസ്ഥാന്‍ എന്നിവയെ നിയമപരമായ അവകാശമുള്ള അസ്തിത്വങ്ങളായി ഉടമസ്ഥാവകാശ കേസില്‍ പരിഗണിക്കുന്നതിനെ നിര്‍മോഹി അഖാറ ശക്തമായി എതിര്‍ത്തു. തിരിച്ച് തര്‍ക്ക സ്ഥലത്തെ നിയന്ത്രണാവകാശം നിര്‍മോഹി അഖാറക്ക് ആണെന്ന അവകാശ വാദം രാംലല്ലയും രാംജന്മസഥാനും എതിര്‍ക്കുന്നു. വാദത്തിന്റെ 13-ാം നാളില്‍ (ആഗസ്റ്റ് 23) ഒരു ഘട്ടത്തില്‍ തങ്ങള്‍ക്ക് നിയന്ത്രണ (ഷെബയ്തി) അവകാശം ലഭിക്കുന്നില്ലെങ്കില്‍ രാം ലല്ലക്ക് ഉടമാവകാശം നല്‍കുന്നതും സ്വീകാര്യമല്ല എന്ന നിലപാട് നിര്‍മോഹി അഭിഭാഷകന്‍ എസ്‌കെ ജയിന്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചു. രാം ലല്ലക്ക് ഉടമസ്ഥത അനുവദിച്ചാലും അഖാരയുടെ ആരാധന അവകാശം ഇല്ലാതാവില്ല, സുന്നി വഖഫ് ബോര്‍ഡിന്റെ വാദം ഉന്നയിക്കാതെ നിങ്ങള്‍ ഒന്നിച്ച് നില്‍ക്കൂ എന്ന് ബെഞ്ചില്‍ നിന്നും ഉപദേശമുണ്ടായി. അടുത്ത ദിവസം നിലപാട് തിരുത്തിയ അഖാര അഭിഭാഷകന്‍ തങ്ങളുടെ ശെബയ്തി അവകാശം എതിര്‍ക്കുന്നില്ലെങ്കില്‍ രാം ലല്ലയുടെ ഹരജി തങ്ങളും എതിര്‍ക്കുന്നില്ലെന്ന് അറിയിച്ചു. ചുരുക്കത്തില്‍ നിര്‍മോഹി അഖാറ ഉടമാവകാശത്തേക്കാള്‍ ശെബയ്ത് അവകാശമാണ് താല്‍പര്യപ്പെടുന്നതെന്ന് അറിയിച്ചു കഴിഞ്ഞു. ഉടമസ്ഥാവകാശത്തില്‍ തര്‍ക്കം രണ്ട് വിഭാഗങ്ങളിലായി ഇതോടെ മാറുന്നു.
നിയമപരമായി ബാബരി മസ്ജിദ് - രാമജന്മഭുമി തര്‍ക്കം ഉത്തര്‍പ്രദേശില്‍ അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമിയുടെ ഉടമാവകാശ തര്‍ക്കമാണ്. ശ്രീരാമന്‍ ജനിച്ച സ്ഥലത്ത് ബാബര്‍ ക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് പണിതത് എന്ന് ഹിന്ദുത്വ തീവ്രവാദികള്‍ വാദം ഉയര്‍ത്തി. 1992 ഡിസംബര്‍ ആറിന് ഹിന്ദുത്വ അക്രമികള്‍ പള്ളി തകര്‍ത്തു. നാല്‍പത് ദിവസം നീണ്ട മാറത്തണ്‍ വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 16ന് അവസാനിപ്പിച്ചു. അപ്പോഴും 464 വര്‍ഷം ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ മുസ്‌ലിംകളുടെ ഉടമസ്ഥത ചോദ്യം ചെയ്യുന്ന വിധം രേഖകള്‍ സമര്‍പിച്ച് സുപ്രീംകോടതിയില്‍ വാദങ്ങള്‍ നടന്നില്ല. വാദം അവസാനിച്ചപ്പോള്‍ ഭൂമി തങ്ങളുടെ ഉടമസ്ഥതയിലാണെന്ന് തെളിയിക്കുന്ന വിധം വാദം നടത്താന്‍ സമയം ലഭിച്ചില്ലെന്ന് രാം ലല്ല അഭിഭാഷകന്‍ സിഎസ് വൈദ്യനാഥന്റെ പ്രതികരണം ഒക്ടോബര്‍ 17ന് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. 1528 ല്‍ ബാബരി മസ്ജിദ് സ്ഥാപിച്ചത്, 1982 വരെ ആ സ്ഥലത്ത് ബാബരി മസ്ജിദ് നിലനിന്നത്, അതിന്റെ പ്രവേശനകവാടത്തില്‍ അല്ലാഹ് എന്ന് രേഖപ്പെടുത്തിയിരുന്നത,് വിവിധ ഭരണാധികാരികള്‍ മസ്ജിദ് നടത്തിപ്പിന് ഗ്രാന്റ് നല്‍കിയത്, മസ്ജിദിലെ ഇമാമിനും മറ്റും ശമ്പളും നല്‍കിയത്, പള്ളിക്ക് നേരെ നടന്ന അക്രമങ്ങളില്‍ തകര്‍ന്നപ്പോള്‍ സഹായത്തിന് അപേക്ഷ നല്‍കിയതും ലഭിച്ചതും, ശമ്പള കുടിശ്ശികക്ക് ഇമാം വഖഫ് അധികാരികളുമായി നടത്തിയ കത്തിടപാട് തുടങ്ങി മസ്ജിദിന്റെ അസ്തിത്വം തെളിയിക്കുന്ന വിവിധ രേഖകള്‍ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകരായ രാജീവ് ധവാനും, സഫരിയാബ് ജീലാനിയും സമര്‍പിച്ചിരുന്നു. അയോധ്യയിലെ ക്ഷേത്രം തകര്‍ത്തല്ല ബാബരി മസ്ജിദ് പണിതത് എന്ന് 1990കളുടെ തുടക്കത്തില്‍ ഒരു സംഘം ചരിത്രകാരന്മാരുടെ റിപോര്‍ട്ടും ബോര്‍ഡ് തെളിവായി സമര്‍പിച്ചു. അലഹബാദ് ഹൈക്കോടതി നിര്‍ദേശപ്രകാരം 2003ല്‍ ആര്ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ ഉദ്ഖനന റിപോര്‍ട്ടുകളും അവര്‍ ചോദ്യം ചെയ്തു.
1854ലുണ്ടായ വര്‍ഗീയ കുഴപ്പങ്ങള്‍ക്ക് അവധ് ഭരണാധികാരി നവാബ് വാജിദ് അലി ഷാ നിര്‍ദേശിച്ച പരിഹാരം മുസ്‌ലിംകള്‍ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു. ബാബരി മസ്ജിദിന്റെ കോമ്പൗണ്ടിന് ചുറ്റും മതില്‍ കെട്ടി. മതിലിന് പുറത്ത് രാമ ജന്മസ്ഥാന്‍ എന്ന് അവകാശപ്പെട്ട രാം ചബൂത്രയില്‍ ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിക്കാന്‍ ഹൈന്ദവര്‍ക്ക്അനുമതി നല്‍കി പ്രശ്‌നം രമ്യമായി പരിഹരിച്ചു. ബാബരി മസ്ജിദ് മതില്‍കെട്ടിന് പുറത്തുള്ള രാം ചബൂത്രയിലെ പ്രതിഷ്ഠക്ക് മേല്‍ക്കൂര പണിയുന്നതിന് അനുമതി തേടി നിര്‍മോഹി അഖാറയുടെ മഹന്ത് എന്ന് അവകാശപ്പെട്ടാണ് രഘുബര്‍ ദാസ് 1885ല്‍ ഫൈസാബാദ് സബ് ജഡ്ജിക്ക് മുമ്പാകെ 1885ലെ 61/ 280 നമ്പര്‍ ഹരജി നല്‍കിയത്.സമാധാനഭംഗത്തിന് കാരണമാകുമെന്ന് വ്യക്തമാക്കി ഹരജി തള്ളി. 1886ല്‍ അപ്പീലും തള്ളി.
1949 ഡിസംബര്‍ 22ന് അര്‍ധരാത്രി പള്ളിയില്‍ അതിക്രമിച്ച് കടന്ന ഹിന്ദുത്വര്‍ മിഹ്‌റാബില്‍ ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിച്ചതോടെയാണ് പ്രശ്‌നം വീണ്ടും രൂക്ഷമായത്. നിര്‍മോഹി അഖാരയുടെ എതിര്‍വിഭാഗമായ നിര്‍വാണി അഖാരയുടെ മഹന്ത് അഭയ് രാം ദാസ് ആണ് പള്ളിയില്‍ അതിക്രമിച്ചുകയറി വിഗ്രഹം പ്രതിഷ്ഠിച്ചത്. ഈ വിഗ്രഹം ജില്ലാ മജിസ്‌ട്രേട്ട് ആയിരുന്ന മലയാളി കെകെ നായര്‍ നീക്കിയില്ല, പകരം മസ്ജിദില്‍ മുസ് ലിംകളുടെ പ്രവേശനം തടഞ്ഞു.
ഇപ്പോള്‍ സുപ്രീംകോടതിയിലുള്ള കേസിന്റെ വേരുകള്‍ ഹിന്ദു മഹാസഭാ നേതാവ് ഗോപാല്‍ സിഗ് വിശാരദ് ശ്രീരാമ ഭക്തന്‍ എന്ന് അവകാശപ്പെട്ട് ഫൈസാബാദ് സിവില്‍ ജഡ്ജി മുമ്പാകെ നല്‍കിയ 1950ലെ സ്യൂട്ട് നമ്പര്‍ 2 ഹരജിയിലാണ്. പള്ളിക്കുള്ളില്‍ കാണുന്ന തന്റെ മൂര്‍ത്തിയെ ആരാധിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗോപാല്‍ സിംഗ് ഹരജി നല്‍കിയത്. ഒന്നു മുതല്‍ അഞ്ച് വരെ എതിര്‍കക്ഷികളായിരുന്ന പ്രദേശത്തെ മുസ് ലിം നേതാക്കള്‍ സഹൂര്‍ അഹ് മദ്, ഹാജി ഫക്രു, മുഹമ്മദ് ഫാഇഖ്, മുഹമ്മദ് ഷാമി, മുഹമ്മദ് അഛ്ചാന്‍ മിയാന്‍ എന്നിവര്‍ ഇതിനകം മരിച്ചു( 1987 ജനവരി ഏഴിന് ഈ കേസില്‍ യുപി സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി സെക്രട്ടറിയെ കൂടി കോടതി കക്ഷി ചേര്‍ത്തു). യുപി സംസ്ഥാനത്തിന് വേണ്ടി ചീഫ് സെക്രട്ടറി, ഫൈസാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍, ഫൈസാബാദ് അഡീഷനല്‍ സിറ്റി മജിസ്‌ട്രേട്ട്്, ഫൈസാബാദ് പോലീസ് സൂപ്രണ്ട്, എന്നിവരായിരുന്നു മറ്റ് എതിര്‍കക്ഷികള്‍. ഒന്ന് മുതല്‍ അഞ്ച് വരെ കക്ഷികള്‍ തന്നെ തടയരുതെന്നും, 6 മുതല്‍ 9 വരെ എതിര്‍കക്ഷികളായ ഉദ്യോഗസ്ഥര്‍ വിഗ്രഹം നീക്കം ചെയ്യരുതെന്നുമായിരുന്നു ഹരജി. ഹരജി സ്വീകരിച്ച കോടതി പള്ളിയില്‍ സ്ഥാപിച്ച വിഗ്രഹം നീക്കം ചെയ്യുന്നത് തടഞ്ഞു. 1959ലാണ് നിര്‍മോഹി അഖാര ഈ കേസില്‍ കക്ഷി ചേര്‍ന്നത്. രാംചബൂത്രയിലെ തങ്ങളുടെ ഉടമസ്ഥതയും കൈകാര്യ കര്‍തൃത്വവും നിയന്ത്രിതമായി എന്നതായിരുന്നു അവരുടെ പ്രശ്‌നം.
സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തിയതോടെ 1961ല്‍ ബാബരി മസ്ജിദ് ഭൂമിയുടെ ഉടമാവകാശം അവകാശപ്പെട്ട് സുന്നി വഖഫ് ബോര്‍ഡ് കേസില്‍ കക്ഷി ചേര്‍ന്നു.
1984ല്‍ രാമജന്മഭൂമി പ്രസ്ഥാനം ഏറ്റെടുത്ത സംഘപരിവാരം ആസൂത്രിത നീക്കങ്ങള്‍ നടത്തി. അതിക്രമത്തെ തുടര്‍ന്ന് പൂട്ടിയിട്ട ബാബരി മസ്ജിദിന്റെ മിഹ്‌റാബില്‍ പ്രതിഷ്ഠിച്ച വിഗ്രഹത്തെ ദര്‍ശിക്കാനും പൂജ നടത്താനുമായി എല്ലാ ഭക്തര്‍ക്കുമായി തുറന്നുനല്‍കാന്‍ ഫൈസാബാദ് ജില്ലാ കോടതി ജഡ്ജി കെഎം പാണ്ഡേ ഉത്തരവിട്ടു. കേസില്‍ കക്ഷിയല്ലാത്ത ഉമേഷ് ചന്ദ്ര പാണ്ഡെയുടെ ഹരജിയിലായിരുന്നു ഈ വിധി.
ഫൈസാബാദ് സിവില്‍ ജഡ്ജി മുമ്പാകെ 1989 ജൂലൈ ഒന്നിന് ശ്രീരാമ പ്രതിഷ്ഠ്ക്കും ജന്മസ്ഥാനത്തിനും വേണ്ടി ഉറ്റ സുഹൃത്ത് (സഖ) എന്ന നിലയില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവും അലഹബാദ് ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജിയുമായ ദേവകിനന്ദന്‍ അഗര്‍വാള്‍ 1989ലെ 236 നമ്പ്ര് ഹരജി സമര്‍പ്പിച്ചു. ഹൈക്കോടതിയില്‍ 89 ജൂലൈ 1ന് ഇത് അഞ്ചാം നമ്പ്ര് ഒറിജിനല്‍ ഹരജി ആയി സ്വീകരിച്ചു. 1950,51,59 വര്‍ഷങ്ങളില്‍ നല്‍കിയ സിവില്‍ ഹരജികള്‍ മറികടക്കും വിധം 1. ഭഗവാന്‍ ശ്രീ വിരാജ്മന്‍ എന്ന അയോധ്യ ശ്രീരാമ ജന്മഭൂമി, ഭഗവാന്‍ ശ്രീരാമ ലല്ല വിരാജ് എന്നും കൂടി വിളിക്കപ്പെടുന്നു, 2. അയോധ്യ ശ്രീരാമ ജന്മഭൂമിസ്ഥാന്‍ 3. ദേവകി നന്ദന്‍ അഗര്‍വാള്‍ എന്നിവരായിരുന്നു ഹരജിക്കാര്‍.എതിര്‍ കക്ഷികളായി രാജേന്ദ്ര സിംഗ് ( ആദ്യ ഹരജിക്കാരന്‍ ഗോപാല്‍സിംഗ് വിശാരദിന്റെ മകന്‍, ഗോണ്ട), ദിഗംബര്‍ അഖാറയുടെ പരമഹംസ രാമചന്ദ്ര ദാസ്, അയോധ്യ നിര്‍മോഹി അഖാറ, ലഖ്‌നോ കേന്ദ്രമായ സുന്നി വഖഫ് സെന്‍ട്രല്‍ ബോര്‍ഡ്, മുഹമ്മദ് ഹാശിം (അയോധ്യ), മുഹമ്മദ് അഹ് മദ് (ഫൈസാബാദ്) എന്നിവരെയാണ് ചേര്‍ത്തത്. 21ാം എതിര്‍കക്ഷി ആയി രാമജന്മഭൂമി ന്യാസ് പ്രതിനിധി അശോക് സിംഗാള്‍, ആള്‍ ഇന്ത്യാ ഹിന്ദു മഹാസഭ (11 ാം കക്ഷി, ആള്‍ ഇന്ത്യാ ആര്യ സമാജ് (12), ആള്‍ ഇന്ത്യ സനാതന്‍ ധര്‍മ സഭ (13), അയോധ്യ ഹനുമാന്‍ ഗഡിയിലെ ശ്രീം സരം ആസ (14) എന്നിവരുമുണ്ട്. കേസില്‍ 25 -ാം കക്ഷിയായി അഖിലേന്ത്യാ ശിയാ കോണ്‍ഫറന്‍സ്, 22-ാം കക്ഷിയായി ശിയാ കേന്ദ്ര വഖഫ് ബോര്‍ഡ് എന്നിവയെയും ഈ ഹരജി ഉള്‍പ്പെടുത്തി. (ഇതോടെയാണ് ശിയാ വിഭാഗം കേസില്‍ കക്ഷിയാകുന്നത്).
ദേവകി നന്ദന്‍ അഗര്‍വാളിന്റെ ഹരജി കോടതി സ്വീകരിച്ചതോടെയാണ് ഉടമാവകാശ തര്‍ക്കത്തില്‍ രാം ലല്ലയും രാം ജന്മസ്ഥാനവും കക്ഷിയായത്. ഹരജിയില്‍ പ്രതിഷ്ഠ മാത്രമല്ല രാമജന്മഭൂമിയും പ്രത്യേക അസ്തിത്വമായി വിവാദ ഭൂമിയുടെ മൊത്തം ഉടമാവകാശം തേടി. സ്വത്തവകാശമുള്ള നിയമപരമായ വ്യക്തിത്വമായി ഇതോടെ പ്രതിഷ്ഠയും ജന്മസ്ഥാനവും മാറി. അഗര്‍വാളിലൂടെ വിശ്വഹിന്ദു പരിഷത്ത് ഇടപെട്ടതോടെ രാംലല്ലയും രാം ജന്മസ്ഥാനും ഒരു വശത്തും നിര്‍മോഹി അഖാറ മറുവശത്തുമായി ഹിന്ദു പക്ഷം രണ്ടായി. വിശാരദിന്റെ ഹരജി സ്ഥലത്ത് ചെല്ലുന്നതിനും ആരാധന മുടക്കംകൂടാതെ നിര്‍വഹിക്കുന്നതിനുമുള്ള അവകാശമാണ് ആവശ്യപ്പെട്ടത്. ഉടമസ്ഥാവകാശം തേടിയിരുന്നില്ല.
1989 ല്‍ യുപി അഡ്വക്കറ്റ് ജനറലിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് അലഹബാദ് ഹൈക്കോടതി ഈ സിവില്‍ കേസുകള്‍ ഒന്നിച്ച് 1989ലെ സ്യൂട്ട് നമ്പര്‍ 1 ആയി സ്വീകരിച്ചു. ഈ കേസിലാണ് 2010 സെപ്തംബര്‍ 30ന് ഹൈക്കോടതി സ്ഥലം മൂന്നായി ഭാഗിച്ച് വിധി പറഞ്ഞത്.
നിര്‍മോഹി അഖാറ രാം ലല്ലക്കെതിരേ
രാംലല്ലയും, രാമജന്മസ്ഥാനും സമര്‍പ്പിച്ച വാദം ജന്മഭൂമിക്ക് മൊത്തം ആരാധനാ മൂര്‍ത്തിയുടെ സ്വഭാവമുണ്ടെന്നും അതൊരു നിയമപരമായ അസ്തിത്വമാണെന്നുമായിരുന്നു. ഹൈക്കോടതി ഈ വാദം സ്വീകരിച്ചു. ഇതേ വാദത്തില്‍ സുപ്രീംകോടതിയിലും ഉറച്ചുനിന്ന രാംലല്ല വിരാജ്മാന്‍, രാംജന്മസ്ഥാന്‍ അഭിഭാഷകര്‍ കെ പരാശരനും, സിഎസ് വൈദ്യനാഥനും വിവാദ ഭൂമി പൂര്‍ണമായും തങ്ങളുടെ മൂര്‍ത്തിക്ക് അവകാശപ്പെട്ടതാണെന്നാണ് വാദിച്ചത്. ആയിരത്താണ്ടുകളായി രാമജന്മസ്ഥാന്‍ ആരാധിക്കപ്പെടുന്നു. പ്രതിഷ്ഠ അവിഭാജ്യമാണ്. വിഭജനം അതിന്റെ പവിത്രതയെ ബാധിക്കും. ഭൂമി മൂന്നായി ഭാഗിക്കുന്നതിനുള്ള വിധിയിലൂടെ അലഹബാദ് ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്നായിരുന്നു വാദം.
നിര്‍മോഹി അഖാറക്ക് വേണ്ടി ഹാജരായ എസ്‌കെ ജയിനും വിവാദ ഭൂമി ഒന്നാകെ അവകാശപ്പെട്ടാണ് വാദം തുടങ്ങിയത്. ദീര്‍ഘകാലമായി തര്‍ക്ക് പ്രദേശത്തെ ഷിബെയ്ത് അഥവാ നിയന്ത്രണാധികാരം അഖാറക്കായിരുന്നുവെന്ന് ആഗസ്റ്റ് 23ന് എസ്‌കെ ജയിന്‍ വാദിച്ചു. 1989ല്‍ അഗള്‍വാള്‍ സുഹൃത്ത് എന്ന നിലയില്‍ കക്ഷിചേരുന്നതിന്റെ 30 വര്‍ഷം മുമ്പ് തങ്ങള്‍ ഹരജി ഫയല്‍ ചെയ്തതാണ്. നിലവിലുള്ള മാനേജര്‍ അഖാറ ആയതിനാല്‍ പ്രതിഷ്ഠയോ, ജന്മസ്ഥാനമോ സുഹൃത്തിലൂടെ കേസില്‍ കക്ഷിയായി ഉള്‍പ്പെടുത്തുന്നതിനെ അഖാറ ശക്തമായി എതിര്‍ത്തു. രാം ലല്ലയുടെയും രാംജന്മസ്ഥാന്റെയും അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായിരുന്നു അഖാറയുടെ വാദം. ഒരു ഘട്ടത്തില്‍ വിഗ്രഹത്തിനും അതിന്റെ അവകാശങ്ങള്‍ക്കും എതിരായ നിലപാട് സ്വീകരിക്കാന്‍ ഒരു ക്ഷേത്ര ധര്‍മസ്ഥാപന മാനേജര്‍ക്ക് പറ്റില്ലെന്ന് കോടതി അഭിഭാഷകനെ ഉണര്‍ത്തി. അതിന്റെ ഫലം ഹരജി തള്ളുകയെന്നതായിരിക്കും. തുടര്‍ന്ന് രാം ലല്ല, രാം ജന്മസ്ഥാന്‍ കക്ഷികള്‍ നിര്‍മോഹി അഖാറയുടെ ക്ഷേത്ര നടത്തിപ്പ് അധികാരം അംഗീകരിക്കുന്ന പക്ഷം ഭൂമിയിലുളള അവകാശവാദം തങ്ങള്‍ ഉപേക്ഷിക്കാമെന്ന് അഭിഭാഷകന്‍ ബെഞ്ചിനെ അറിയിച്ചു.
സുന്നി - ശിയാ വിവാദവും
സുന്നി മുസ് ലിം വഖഫ് സ്വത്തുക്കളുടെ നിയന്ത്രണത്തിന് സര്‍ക്കാരിനെ സഹായിക്കുന്നതിന് വഖഫ് നിയമ പ്രകാരം രൂപീകൃതമായ വേദിയാണ് സുന്നി വഖഫ് ബോര്‍ഡ്. ബാബരി വിവാദത്തില്‍ മുസ് ലിം പക്ഷത്തെ മുഖ്യ കക്ഷി ബോര്‍ഡാണ്. 1961ലെ ഹരജിയില്‍ വിവാദ ഭൂമിയുടെ മൊത്തം ഉടമാവകാശമാണ് തേടിയത്. സ്ഥലത്തിന്റെ ഉടമസ്ഥതയില്‍ സുന്നി വഖഫ് ബോര്‍ഡിന്റെ അവകാശം ശിയാ വഖഫ് ബോര്‍ഡ് ചോദ്യംചെയ്തു. ആദ്യ മുതവല്ലി മീര്‍ ബാഖി ശിയാ ആയിരുന്നതിനാല്‍ ബാബരി മസ്ജിദ് ശിയാ പള്ളിയാണ് എന്നാണ് വാദം.
16-ാം നൂറ്റാണ്ടില്‍ ബാബര്‍ പള്ളി പണിതുവെന്നും 1949 ഡിസംബര്‍ 22ന് രാത്രി അന്യായമായി മിഹ്‌റാബില്‍ വിഗ്രഹം സ്ഥാപിക്കപ്പെട്ട ശേഷം ജില്ലാ ഭരണകൂടം സ്ഥലം ഏറ്റെടുക്കുന്നത് വരെ നാല് നൂറ്റാണ്ടിലേറെ കാലം മുസ്‌ലിംകള്‍ അവിടെ നമസ്‌കാരം നിര്‍വഹിച്ചുവെന്നും സുന്നി ബോര്‍ഡ് വാദിക്കുന്നു. പള്ളി പണിയുന്നതിന് ബാബര്‍ ക്ഷേത്രം തകര്‍ത്തു, തകര്‍ത്ത പുരാതന ക്ഷേത്ര ഭാഗങ്ങള്‍ ഉപയോഗിച്ചാണ് പള്ളി പണിതത് തുടങ്ങിയ ഹിന്ദു കക്ഷികളുടെ വാദം ബോര്‍ഡ് എതിര്‍ക്കുന്നു. ബാബരി മസ്ജിദ് വഖഫാണ്, തകര്‍ത്ത പള്ളി പുതുക്കിപ്പണിയുന്നതിന് അത് തിരിച്ചുകിട്ടണമെന്ന ബോര്‍ഡിന്റെ വാദം സമര്‍ത്ഥമായി രാജീവ് ധവാനും, സഫരിയാബ് ജീലാനിയും അവതരിപ്പിച്ചു.
രാം ലല്ലയും രാം ജന്മസ്ഥാനും നിയമപരമായ വ്യക്തിത്വങ്ങളായി സ്വീകരിക്കുന്നതും ഭൂഉടമസ്ഥത അവകാശപ്പെടുന്നതും ബോര്‍ഡ് നിരാകരിക്കുന്നു. എന്നാല്‍ രാം ചബൂത്രയുടെ നിയന്ത്രണം നിര്‍മോഹി അഖാറക്ക് ആയിരുന്നുവെന്ന് രാജീവ് ധവാന്‍ സ്ഥിരീകരിച്ചു. മസ്ജിദ് പണിയുന്നതിന് ഭൂമിയുടെ അവകാശം വേണമെന്ന സുന്നി വഖഫ് ബോര്‍ഡ് ആവശ്യം ആള്‍ ഇന്ത്യാ ശിയാ കോണ്‍ഫറന്‍സ് പിന്തുണക്കുന്നു. എന്നാല്‍ മുസ്‌ലിം കക്ഷികളില്‍ ശിയാ വഖഫ് ബോര്‍ഡ് രാമ ക്ഷേത്ര നിര്‍മാണത്തിന് സൗകര്യം ചെയ്യുന്നതിന് ഭൂമി കൈയൊഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഇതിനിടെ സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാനെ സ്വാധീനിച്ച് ഹരജി പിന്‍വലിപ്പിക്കുന്നതിനുള്ള ശ്രമവും പിന്നണിയില്‍ നടന്നുവെങ്കിലും വിജയിച്ചില്ല.
ചുരുക്കത്തില്‍ അയോധ്യയിലെ ബാബരി മസ്ജിദ് - രാമജന്മഭൂമി കേസില്‍ സുപ്രീം കോടതിക്ക് മുമ്പിലെത്തുമ്പോള്‍ ബന്ധപ്പെട്ട കക്ഷികളുടെ ഉടമാവകാശ തര്‍ക്കം എന്നതിനുമപ്പുറം മാനങ്ങള്‍ ആസൂത്രിതമായി നല്‍കിയിരിക്കുന്നു.
വാല്‍ക്കഷ്ണം:
ബാബരി മസ്ജിദില്‍ 1949 ഡിസംബര്‍ 22 വരെ നമസ്‌കാരം നിര്‍വഹിച്ച, പള്ളിയില്‍ ആരാധനാ അവകാശം തിരിച്ചുകിട്ടുന്നതിന് വേണ്ടി തടവറയും ഏറ്റുവാങ്ങിയ ഹാശിം അന്‍സാരി 96-ാം വയസില്‍ 2018 ജൂലൈയില്‍ നിര്യാതനായി. അതിന് ശേഷമാണ് സുപ്രീംകോടതിയില്‍ ഈ കേസ് അസാമാന്യ വേഗതയില്‍ നീങ്ങിയത്. സുപ്രീം കോടതിയില്‍ കേട്ട വാദങ്ങളിലൊന്ന് 1934ന് ശേഷം പള്ളിയില്‍ നമസ്‌കാരം നടന്നിട്ടില്ലെന്നും ബാബരി നടന്നതിന് സാക്ഷികളില്ലെന്നും പോലും വാദമുണ്ടായി. ഇതെല്ലാം യാദൃച്ഛികമെന്ന് കരുതാം. അല്ലെന്ന് കരുതുന്നവര്‍ക്ക് അതിനും സ്വാതന്ത്ര്യമുണ്ട്.
RELATED STORIES
വണ്ടിപ്പെരിയാറില്‍ തീപിടിത്തം
11 Jan 2025 2:05 AM GMTപതിമൂന്നാം വയസ്സുമുതല്‍ പീഡനം; പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍...
11 Jan 2025 1:59 AM GMTനിക്കോളാസ് മധുറോ വെനുസ്വേലയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു;...
11 Jan 2025 1:36 AM GMTസിറിയയില്‍ വിദേശ പോരാളികളെ സൈന്യത്തില്‍ എടുത്തതിനെതിരേ യുഎസും...
11 Jan 2025 12:54 AM GMTപഞ്ചാബില്‍ ആം ആദ്മി എംഎല്‍എ വെടിയേറ്റ് മരിച്ച നിലയില്‍
11 Jan 2025 12:31 AM GMTപി ജയചന്ദ്രന് ഇന്ന് വിടനല്‍കും; സംസ്കാരം ഇന്ന് 3.30ന്
11 Jan 2025 12:11 AM GMT