Big stories

വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി; നാളെ അറഫാ സംഗമം

മിനായില്‍ താമസിക്കുന്നതോടെ ആരംഭിക്കുന്ന ഹജ്ജ് കര്‍മങ്ങള്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കും. 'അല്ലാഹുവേ, നിന്റെ വിളിക്ക് ഞാന്‍ ഉത്തരം നല്‍കുന്നു' എന്നര്‍ഥം വരുന്ന 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്' എന്ന് ഉരുവിട്ട് തീര്‍ത്ഥാടകര്‍ മിനായിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി; നാളെ അറഫാ സംഗമം
X

മക്ക: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കുന്ന ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന ആരോഗ്യസുരക്ഷാ മുന്‍കരുതലുകള്‍ക്കിടയിലാണ് ഇത്തവണത്തെയും ഹജ്ജ് കര്‍മങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. മക്കയിലെത്തിയ തീര്‍ത്ഥാടകര്‍ മസ്ജിദുല്‍ ഹറാമിലെത്തി ത്വവാഫുല്‍ ഖുദൂം നിര്‍വഹിച്ച് മിനായിലേക്ക് തിരിച്ചു. ഹജ്ജ് കര്‍മത്തിനായി മിനായില്‍ പോവുന്നതിന് മുന്നോടിയായാണ് ഹാജിമാര്‍ ത്വവാഫുല്‍ ഖുദൂമിനായി വിശുദ്ധ ഹറമിലെത്തുന്നത്.


കൊവിഡ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളടക്കം ഹാജിമാര്‍ക്ക് സുരക്ഷിതമായി ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള കുറ്റമറ്റ ഒരുക്കങ്ങളാണ് ഇരു ഹറംകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ളത്. മാസ്‌ക് ധരിച്ചും ശാരീരിക അകലം പാലിച്ചുമാണ് ഹാജിമാര്‍ ഹറമിലെത്തിയത്. ഹാജിമാര്‍ ഒരുമിച്ച് കൂടാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള അല്‍നവാരിയ, അല്‍ സായിദി, അല്‍ശരീഅ, അല്‍ഹദ എന്നീ നാല് കേന്ദ്രങ്ങളിലൂടെയാണ് തീര്‍ഥാടകരെ സ്വീകരിക്കുന്നത്. മിനായില്‍ താമസിക്കുന്നതോടെ ആരംഭിക്കുന്ന ഹജ്ജ് കര്‍മങ്ങള്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കും. 'അല്ലാഹുവേ, നിന്റെ വിളിക്ക് ഞാന്‍ ഉത്തരം നല്‍കുന്നു' എന്നര്‍ഥം വരുന്ന 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്' എന്ന് ഉരുവിട്ട് തീര്‍ത്ഥാടകര്‍ മിനായിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.


ഹജ്ജിനുള്ള പ്രത്യേക വസ്ത്രം ധരിച്ച് മക്കയിലെത്തി വിശുദ്ധ കഅബയെ പ്രദിക്ഷണം വച്ച ശേഷം ഇന്നലെ രാത്രിയാണ് തീര്‍ത്ഥാടകര്‍ തംപുകളുടെ നഗരമായ മിനായിലേക്ക് നീങ്ങി തുടങ്ങിയത്. ഇന്ന് ഉച്ച മുതല്‍ നാളെ പുലര്‍ച്ചെ വരെ മിനായില്‍ താമസിക്കുക എന്നതാണ് ഹജ്ജിന്റെ ആദ്യത്തെ കര്‍മം. മിനായിലെ തമ്പുകളിലും മിനാ ടവറുകളിലുമായി താമസിക്കുന്ന തീര്‍ത്ഥാടകര്‍ നാളെ പ്രഭാത നമസ്‌കാരം വരെ ആരാധനാ കര്‍മങ്ങളില്‍ മുഴുകും. നാളെയാണ് ഹജ്ജിന്റെസുപ്രധാന കര്‍മമായ അറഫാ സംഗമം.

ഉച്ചയ്ക്ക് മുമ്പായി അറഫയിലെത്തുന്ന തീര്‍ത്ഥാടകര്‍ അറഫാ സംഗമം കഴിഞ്ഞ് രാത്രി മുസ്ദലിഫയില്‍ താമസിക്കും. ചൊവ്വാഴ്ച മിനായില്‍ തിരിച്ചെത്തുന്ന തീര്‍ത്ഥാടകര്‍ മൂന്നുദിവസം മിനായില്‍ താമസിച്ച് ജംറകളില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കും. വ്യാഴാഴ്ച ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും. 60,000 ആഭ്യന്തര തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. നൂറുക്കണക്കിന് മലയാളികള്‍ക്കും ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

കൊവിഡ് വാക്‌സിന്‍ എടുത്ത 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണു ഹജ്ജിന് അനുമതിയുള്ളത്. ഇത്തവണ ഹജ്ജിനായുള്ള തീര്‍ത്ഥാടകരുടെ യാത്രകള്‍ മുഴുവന്‍ ബസ്സുകളിലാണ് ക്രമീകരിച്ചിട്ടുള്ളത്. 3,000 ബസ്സുകളാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. അത്യാധുനിക സംവിധാനങ്ങളുള്ള ബസ്സുകള്‍ ജിപിഎസ് വഴി ട്രാക്ക് ചെയ്യും. താമസ കേന്ദ്രങ്ങള്‍ അനുസരിച്ച് നാല് വ്യത്യസ്ത ട്രാക്കുകളും ബസ്സിനായി ഒരുങ്ങിക്കഴിഞ്ഞു. ബസ്സുകള്‍ക്കായി പച്ച, ചുവപ്പ്, നീല, മഞ്ഞ എന്നിങ്ങനെ ട്രാക്കുകളുണ്ടാവും. ഓരോ നിറങ്ങളിലുമുള്ള ട്രാക്കുകളിലൂടെ ഹജ്ജ് സര്‍വീസ് ഏജന്‍സികള്‍ക്ക് നല്‍കിയ സമയക്രമം അനുസരിച്ചായിരിക്കും ഹാജിമാരുടെ യാത്രകള്‍. ഡ്രൈവര്‍മാരെ പ്രത്യേകം രജിസ്റ്റര്‍ ചെയ്ത് തിരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it