Big stories

ഗസയിലെ ഹമാസ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്താണ്?

ഗസയിലെ ഹമാസ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്താണ്?
X

റോബര്‍ട്ട് ഇന്‍ലകേഷ്

ഈ ആഴ്ച ഗസയില്‍ രണ്ടുതവണ പ്രകടനങ്ങളുണ്ടായി. അതില്‍ ഹമാസിനെതിരേ രോഷം പ്രകടിപ്പിച്ച സംഘങ്ങളുമുണ്ടായിരുന്നു. ഉപരോധിക്കപ്പെട്ട ഗസ മുനമ്പില്‍ ഭരണം നടത്തുന്ന ഹമാസിന് എതിരായ ജൈവിക ഉയര്‍ത്തെഴുന്നേല്‍പ്പായി ഈ സംഭവങ്ങളെ മാധ്യമങ്ങള്‍ അവതരിപ്പിച്ചു. പക്ഷേ, ഇത് സത്യമാണോ ?

ഗസയിലെ യുദ്ധത്തിനെതിരായ ചെറിയ പ്രതിഷേധങ്ങളുടെ ഒരു പരമ്പര ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. ബെയ്ത് ലാഹിയയിലെ പ്രതിഷേധത്തിന് ശ്രദ്ധകിട്ടി. 'ഹമാസ് പുറത്തുപോവുക' എന്നെഴുതിയ ബോര്‍ഡുകള്‍ ചിലരുടെ കൈയ്യിലുണ്ടായിരുന്നു. ചിലര്‍ അങ്ങനെ മുദ്രാവാക്യവും വിളിച്ചു. അതേസമയം മറ്റുള്ളവര്‍ യുദ്ധം അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തി.

തൊട്ടടുത്ത ദിവസം, അതായത് ബുധനാഴ്ച പ്രാദേശിക പൗരപ്രമുഖര്‍ ഗസയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. ഹമാസ് വിരുദ്ധരെ അപലപിക്കുന്നതായിരുന്നു ഈ പ്രതിഷേധങ്ങള്‍.

ചൊവ്വാഴ്ചയിലെ പ്രതിഷേധത്തില്‍ വ്യക്തമായ ഹമാസ് വിരുദ്ധ ഘടകം ഉണ്ടായിരുന്നു. എന്നാല്‍, അത് വളരെ ചെറുതും ജനപിന്തുണയില്ലാത്തതുമായിരുന്നു. ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനങ്ങളെ (ഹമാസിനെ) ആക്രമിക്കാനുള്ള ശ്രമങ്ങളെ അപലപിക്കുന്ന ബെയ്ത് ലാഹിയയിലെ പൗരപ്രമുഖരുടെ പ്രസ്താവന പ്രതിഷേധക്കാര്‍ക്ക് ജനപിന്തുണയില്ലെന്ന് സ്ഥിരീകരിക്കുന്നു.

എന്നിരുന്നാലും ഇസ്രായേലി മാധ്യമങ്ങള്‍ക്ക് പുറമെ സൗദി സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അല്‍ ഹദത്ത്, അല്‍ അറബിയ്യ മാധ്യമങ്ങളും ഗസ മുനമ്പില്‍ ശക്തമായ ഹമാസ് വിരുദ്ധ പ്രക്ഷോഭം നടക്കുന്നുണ്ടെന്ന രീതിയിലുള്ള റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു. പ്രതിഷേധം തുടരാന്‍ ഇസ്രായേല്‍ യുദ്ധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആഹ്വാനവും ചെയ്തിരുന്നു. ഫലസ്തീന്‍ അതോറിറ്റി മേധാവികളും അതു തന്നെ ചെയ്തു.

ഇത്തരത്തില്‍ ഇസ്രായേലും ഫലസ്തീന്‍ അതോറിറ്റിയും പ്രോല്‍സാഹിപ്പിച്ചതോടെ അടുത്ത ദിവസം ഏതാനും പേര്‍ ഹമാസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വളരെ ചെറിയ പ്രകടങ്ങളായിട്ടും പാശ്ചാത്യ കോര്‍പ്പറേറ്റ് മാധ്യമങ്ങളും ചില ഓണ്‍ലൈന്‍ ഇന്‍ഫഌവന്‍സര്‍മാരും ഈ പ്രകടനങ്ങളെ ഗസ മുനമ്പിലെ ഭൂരിപക്ഷ താല്‍പര്യമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു.

എന്തുകൊണ്ട് പ്രതിഷേധങ്ങള്‍?

2023 ഒക്ടോബറില്‍ ഇസ്രായേല്‍ വംശഹത്യ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഗസയില്‍ ഹമാസ് വിരുദ്ധ പ്രതിഷേധം നടക്കാറുണ്ടായിരുന്നു. പക്ഷേ, അക്കാലത്ത് നടന്ന പ്രതിഷേധങ്ങളുമായി നോക്കുമ്പോള്‍ ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ വളരെ ചെറുതാണ്. പക്ഷേ, ഓണ്‍ലൈന്‍ വഴിയും മാധ്യമങ്ങള്‍ വഴിയും ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കി. 2023 സെപ്റ്റംബറില്‍ ഹമാസ് ഭരണത്തിനെതിരെ ഗസയില്‍ പ്രതിഷേധം നടന്നിരുന്നു. മധ്യസ്ഥ ചര്‍ച്ചകളെ തുടര്‍ന്ന് പ്രതിഷേധം വളരെ പെട്ടെന്ന് തന്നെ അവസാനിച്ചു. ഗസയില്‍ ഭരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ഹമാസിനെതിരെ വിവിധ വിഷയങ്ങളില്‍ പ്രതിഷേധം നടന്നിട്ടുണ്ട്.

ഈ പ്രകടനങ്ങളില്‍ ചിലത് ഹമാസിന്റെ എതിരാളിയായ ഫതഹ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ മുന്‍ ജീവനക്കാരാണ് ആരംഭിച്ചത്. മറ്റുള്ളവ സ്വാഭാവികവും ആത്മാര്‍ത്ഥവുമായിരുന്നു.

ചൊവ്വാഴ്ചയും ബുധനാഴ്ചയും ഹമാസിനെതിരെ പ്രതിഷേധിക്കാന്‍ തീരുമാനിച്ച ഏതാനും പേരില്‍ ഓരോരുത്തരുടെയും ഉദ്ദേശ്യങ്ങള്‍ അറിയാന്‍ കഴിയില്ലെങ്കിലും, പ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യമായ ആഹ്വാനങ്ങള്‍ ഫലസ്തീന്‍ അതോറിറ്റിയില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഉണ്ടായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഹമാസിനെ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അംഗീകരിക്കാത്ത ആളുകള്‍ ഇപ്പോഴും ഗസയില്‍ ഉണ്ടെന്ന കാര്യം ഓര്‍മ്മിക്കേണ്ടതാണ്.

ഇസ്രായേല്‍ നടത്തുന്ന വംശഹത്യയും പ്രദേശത്തേക്ക് എല്ലാ സഹായങ്ങളും തടയുന്നതും കാരണം ഗസയിലെ ചില വിഭാഗങ്ങള്‍ നിരാശയിലാണ്. യുദ്ധത്തിലുടനീളം ഇസ്രായേലുമായും ഫലസ്തീന്‍ അതോറിറ്റിയുമായും സഹകരിക്കുന്നതിന് നിരവധി പേര്‍ക്ക് സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ഇതിന് അര്‍ത്ഥം. ഇവരാണ് സഹായമായി വന്ന ഭക്ഷണവും മറ്റു വസ്തുക്കളും കൊള്ളയടിച്ചതും സഹായ ഏജന്‍സികളില്‍ നിന്ന് പണം തട്ടിയതും.

ഇസ്രായേല്‍ സൈന്യത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സായുധരായ ഈ കുറ്റവാളി സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. സഹായ ട്രക്കുകളെ സമീപിക്കാനും സാധനങ്ങള്‍ മോഷ്ടിക്കാനും അവര്‍ക്ക് അനുവാദമുണ്ടായിരുന്നു. തെരുവുകളില്‍ ഹമാസ് സുരക്ഷാ സേനയുടെ സാന്നിധ്യമില്ലാത്തതിനാല്‍ അവരുടെ പ്രവര്‍ത്തനം എളുപ്പവുമായി.

വാസ്തവത്തില്‍, വടക്കന്‍ ഗസയിലെ ഈ ക്രിമിനല്‍ ഘടകങ്ങളെ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കാന്‍ യുദ്ധത്തിലുടനീളം ഇസ്രായേല്‍ ശ്രമിച്ചു. പക്ഷേ, ഹമാസും മറ്റു ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനങ്ങളും അത്തരം സംഘങ്ങളെ തുടച്ചുനീക്കി. യുദ്ധകാലത്ത് ഗസയില്‍ കാലുറപ്പിക്കാന്‍ ഫലസ്തീന്‍ അതോറിറ്റി നടത്തിയ ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ടു.

യുദ്ധം എങ്ങനെയെങ്കിലും അവസാനിച്ചാല്‍ മതിയെന്ന് വിശ്വസിക്കുന്ന നിരാശരായ ആളുകള്‍ ഗസയില്‍ ഇല്ലെന്നല്ല ഇതിന് അര്‍ത്ഥം. ഹമാസുമായി വ്യക്തിപരമായും രാഷ്ട്രീയപരമായും എതിര്‍പ്പുള്ളവര്‍ ഗസയില്‍ ഇല്ലെന്നുമല്ല ഇതിന് അര്‍ത്ഥം.

അത്തരക്കാര്‍ നിലവിലുണ്ട്, ഗസയിലെ ജനങ്ങള്‍ ഏകശിലയല്ലല്ലോ. അവരെ ഫലസ്തീന്‍ അതോറിറ്റിയും ഇസ്രായേലും തങ്ങളുടെ വഞ്ചനാപരമായ ഉദ്ദേശങ്ങള്‍ക്കായി പ്രോല്‍സാഹിപ്പിച്ചിരുന്നു എന്നതും സത്യമാണ്. പക്ഷേ, നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഭൂരിഭാഗം ജനങ്ങളും പ്രതിരോധ പ്രസ്ഥാനങ്ങളെ പിന്തുണക്കുന്നവരാണ്.

ഫലസ്തീന്‍ ഗോത്രങ്ങളുടെയും വംശങ്ങളുടെയും കുടുംബങ്ങളുടെയും ദേശീയ അസംബ്ലി ഹമാസ് വിരുദ്ധ പ്രതിഷേധത്തെ പൊതു പ്രസ്താവനയിലൂടെ അപലപിച്ചിരുന്നു.

''ഏകദേശം ഒന്നര വര്‍ഷമായി ഗസ മുനമ്പിനെതിരെ സയണിസ്റ്റ് ശത്രു നടത്തിയ വംശഹത്യ യുദ്ധം പുനരാരംഭിച്ചിരിക്കുകയാണെങ്കിലും എല്ലാ ശത്രു പദ്ധതികളെയും നേരിടുന്നതില്‍ നമ്മുടെ ജനങ്ങള്‍ വിജയിച്ചിട്ടുണ്ട്. ശത്രുക്കള്‍ പരാജയപ്പെട്ടു നില്‍ക്കുന്ന സമയത്ത് സംശയാസ്പദമായ ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. സയണിസ്റ്റ് ശത്രുവിനോടും അതിന്റെ സഹകാരികളോടും പൂര്‍ണ്ണമായും യോജിക്കുന്ന ആവശ്യങ്ങള്‍ അവതരിപ്പിക്കുന്നവരാണ് അവര്‍.''പ്രസ്താവന പറയുന്നു.

താഴെ പറയുന്ന കാര്യങ്ങള്‍ പ്രസ്താവനയില്‍ ഉണ്ട്

''ഫലസ്തീന്‍ ഗോത്രങ്ങളുടെയും വംശങ്ങളുടെയും കുടുംബങ്ങളുടെയും ശക്തിയിലാണ് ശത്രുവിന്റെ ഏറ്റവും അപകടകരമായ പദ്ധതികള്‍ തകര്‍ന്നത്. ചെറുത്തുനില്‍പ്പിനുള്ള കേഡര്‍മാരും നേതാക്കളും നമുക്കിടയില്‍ നിന്നാണ് വരുന്നത്. അധിനിവേശം നിലനില്‍ക്കുന്നിടത്തോളം കാലം അധിനിവേശത്തിനെതിരായ പ്രതിരോധം തീര്‍ക്കണം. സംശയാസ്പദമായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. അതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം. ഇത്തരം പ്രതിഷേധം നടത്തുന്നതിന് നേതൃത്വം നല്‍കുന്നവര്‍ക്ക് ഒരു തരത്തിലുള്ള പിന്തുണയും നല്‍കില്ല. അവര്‍ക്കെതിരേ പ്രതിരോധ പ്രസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന നടപടികളെ പിന്തുണയക്കും. ഫലസ്തീന് വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താന്‍ ശ്രമിക്കുന്നവരെ പ്രതിരോധ പ്രസ്ഥാനങ്ങള്‍ കാര്യക്ഷമമായി നേരിടണം.''

എന്താണ് പ്രതിഷേധക്കാരുടെ ലക്ഷ്യങ്ങള്‍ ?

സൗദി, ഇസ്രായേലി, പാശ്ചാത്യ മാധ്യമങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ സ്വാധീനമുള്ളവരും കാര്യമായി ശ്രമിച്ചിട്ട് പോലും പ്രതിഷേധങ്ങളെ ഹമാസ് വിരുദ്ധ പ്രക്ഷോഭമായി സ്ഥാപിക്കാന്‍ സാധിച്ചില്ല. എന്നിരുന്നാലും, ഹമാസിനെ പുറത്താക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്ന ഒരു പ്രതിഷേധം യഥാര്‍ത്ഥത്തില്‍ ആരംഭിച്ചെങ്കില്‍, അതിന്റെ അര്‍ത്ഥം മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

ഗസയില്‍ നിന്നും ഫലസ്തീനികളെ പൂര്‍ണമായും പുറത്താക്കണമെന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം. ഭൂമി തട്ടിയെടുക്കാന്‍ ഫലസ്തീനികളെ വംശീയ ഉന്‍മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ചവരാണ് അവര്‍. ഫലസ്തീനികളുടെ സായുധ പ്രതിരോധം മാത്രമാണ് ഇസ്രായേലിനുള്ള തടസം. അതില്ലെങ്കില്‍ അവര്‍ ഗസ പിടിച്ചെടുക്കും. അങ്ങനെ വന്നാല്‍, ഫലസ്തീനികള്‍ ഇസ്രായേലി സൈന്യത്തിന്റെ ദയയില്‍ ജീവിക്കേണ്ടി വരും.

ഹമാസും മറ്റു ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍ ഗസയില്‍ നിന്നു പോയാല്‍ യുദ്ധം അവസാനിക്കുമെന്നും ജനങ്ങളുടെ അവസ്ഥ മെച്ചപ്പെടുമെന്നും ചിലര്‍ വാദിക്കും. എന്നാല്‍, ഈ വാദത്തിന് ഇസ്രായേല്‍ തന്നെ എതിരാണ്. മാത്രമല്ല, ചരിത്രവും ആ വാദത്തിന് എതിരാണ്.

1982ല്‍ ലബ്‌നാനില്‍ നടത്തിയ ആക്രമണത്തില്‍ 15,000 മുതല്‍ 20,000 വരെ ആളുകളെ ഇസ്രായേലികള്‍ കൊന്നൊടുക്കി. ഇതോടെ ടുണീഷ്യയിലേക്ക് മാറാന്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഒ) സമ്മതിച്ചു. സായുധ പോരാളികള്‍ തുണീഷ്യയിലേക്ക് പോയപ്പോള്‍ ഇസ്രായേലിനെ തിരിച്ചടിക്കാന്‍ ആരും അവശേഷിച്ചില്ല. അതിന് ശേഷമാണ് സബ്രയിലും ശാത്തിലയിലും ഇസ്രായേലിന്റെ സഖ്യകക്ഷികള്‍ വലിയ കൂട്ടക്കൊലകള്‍ നടത്തിയത്. കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു.

ഗസയില്‍ സായുധ വിഭാഗങ്ങള്‍ ഇല്ലാതാവുന്നത് ഫലപ്രദമായ അഹിംസാ പ്രതിരോധത്തിന് വഴിയൊരുക്കുമെന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ, ആ വാദത്തിനുള്ള മറുപടി വെസ്റ്റ്ബാങ്കിലുണ്ട്. ഫലസ്തീനികളുടെ സായുധസമരത്തെ അപലപിക്കുന്ന ഫലസ്തീന്‍ അതോറിറ്റി സ്വന്തം ജനങ്ങളെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരാണ്. കൂടാതെ ഇസ്രായേലിന് വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്നു.

ഫലസ്തീനികള്‍ക്കെതിരായ ഫലസ്തീന്‍ അതോറിറ്റിയുടെ ആക്രമണങ്ങള്‍, ഇപ്പോള്‍ ഗസയിലെ വംശഹത്യയില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരായും തിരിഞ്ഞിരിക്കുകയാണ്. അതേസമയം, വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റം വ്യാപകമാവുന്നു. ഫലസ്തീനികളുടെ ഭൂമി ഇസ്രായേല്‍ പിടിക്കുന്നതിനൊപ്പം ഫലസ്തീനികളെ കൊല്ലുന്നതിന്റെ അളവും വര്‍ധിച്ചു. രണ്ടാം ഇന്‍തിഫാദയുടെ കാലത്തേക്കാള്‍ കൂടുതലാണ് ഇത്.

2018ല്‍ ഗ്രേറ്റ് റിട്ടേണ്‍ മാര്‍ച്ചിലൂടെ ഗസ അഹിംസാത്മക പ്രതിരോധം പരീക്ഷിച്ചിരുന്നു. എന്താണ് സംഭവിച്ചത്? സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍, പത്രപ്രവര്‍ത്തകര്‍, പാരാമെഡിക്കുകള്‍, വികലാംഗര്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിന് നിരായുധരായ സാധാരണക്കാരെ ഇസ്രായേല്‍ കൂട്ടക്കൊല ചെയ്തു, പതിനായിരക്കണക്കിന് ആളുകളെ പരിക്കേല്‍പ്പിച്ചു. പാശ്ചാത്യ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ അത് അവഗണിക്കുകയോ ഇസ്രായേല്‍ തങ്ങളുടെ 'അതിര്‍ത്തി' സംരക്ഷിക്കുകയാണെന്ന് അവകാശപ്പെടുകയോ ചെയ്തു.

അപ്പോള്‍, ഹമാസിനെ ഗസയില്‍ നിന്ന് പുറത്താക്കുന്ന സാഹചര്യം നമുക്ക് സങ്കല്‍പ്പിക്കാം. ഗസയെ വംശീയമായി 'ശുദ്ധീകരിക്കുന്നതില്‍' നിന്നും അധിനിവേശം നടത്തുന്നതില്‍ നിന്നും ഭൂമി പിടിക്കുന്നതില്‍ നിന്നും ആരാണ് ഇസ്രായേലിനെ തടയുക?

വെസ്റ്റ് ബാങ്കിനെ ഇസ്രായേലില്‍ കൂട്ടിചേര്‍ക്കുകയാണെങ്കില്‍, കിഴക്കന്‍ ജെറുസലേമിനെ വംശീയമായി 'ശുദ്ധീകരിക്കുന്നത്' തുടരുകയാണെങ്കില്‍ ഗസയില്‍ ഇസ്രായേല്‍ എന്തായിരിക്കും ചെയ്യുക?

നിലവില്‍, മൂന്ന് ഘടകങ്ങള്‍ കാരണം ഇസ്രായേലിന് അതിന്റെ വംശീയ ഉന്മൂലന പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ല: സായുധ പ്രതിരോധം, ഗസയിലെ ഇസ്രായേലി തടവുകാര്‍, ഗസയിലെ സാധാരണക്കാരെ ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കാത്ത ചുറ്റുമുള്ള അറബ് ഭരണകൂടങ്ങള്‍ എന്നിവയാണ് ഈ മൂന്നു കാരണങ്ങള്‍.

നിലവില്‍ ഗസയില്‍ നടന്ന ഹമാസ് വിരുദ്ധ പ്രതിഷേധങ്ങളെ വലിയ പ്രാധാന്യമുള്ള സംഭവങ്ങളായി കാണാന്‍ സാധിക്കില്ലെങ്കിലും 'ഹമാസിനെ പുറത്താക്കൂ' എന്ന് മുദ്രാവാക്യം വിളിക്കുന്ന ഡസന്‍ കണക്കിന് ആളുകള്‍ക്ക് അവര്‍ 'ആഗ്രഹിച്ചത്' ലഭിച്ചുവെന്ന് നമുക്ക് സങ്കല്‍പ്പിക്കാം. യാഥാര്‍ത്ഥ്യം എന്തെന്നാല്‍, അവര്‍ സ്വയം കുടിയിറക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നതാണ്.

ഗസയില്‍ ഹമാസ് വിരുദ്ധ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും, ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ ഏറ്റവും അസഹനീയമായ സമ്മര്‍ദ്ദത്തിലാണെങ്കിലും, ബലപ്രയോഗത്തിലൂടെ ഹമാസിനെ പുറത്താക്കുന്നത് നല്ലതായിരിക്കും എന്ന് ഫലസ്തീനികള്‍ വിശ്വസിക്കുന്നു എന്ന വാദത്തിന് യാതൊരു അടിത്തറയുമില്ല.

ഹമാസിനെതിരെ പോരാടുക എന്നതായിരുന്നു ഇസ്രായേലിന്റെ ഉദ്ദേശ്യമെങ്കില്‍ അവര്‍ക്ക് അത് ചെയ്യാമായിരുന്നു. പക്ഷേ, ഗസയില്‍ വംശഹത്യ നടത്താനാണ് അവര്‍ തീരുമാനിച്ചത്. ഗസ മുനമ്പിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുകയും പ്രദേശം വാസയോഗ്യമല്ലാതാക്കുകയുമാണ് അവര്‍ ചെയ്തത്. ഗസയിലേക്കുള്ള എല്ലാ മാനുഷിക സഹായങ്ങളും തടഞ്ഞ് ഫലസ്തീനികളെ പട്ടിണിക്കിട്ട് കൊല്ലാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

അവലംബം: ഫലസ്തീന്‍ ക്രോണിക്കിള്‍

Next Story

RELATED STORIES

Share it