Big stories

ടര്‍ക്കിഷ് പിസ്റ്റള്‍ മുതല്‍ എകെ 47 വരെ: ബിഷ്‌ണോയ് സംഘം പ്രവര്‍ത്തിക്കുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍

പ്രസിദ്ധ പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലെയെ പഞ്ചാബിലെ മാന്‍സയില്‍ വെച്ച് 2022ല്‍ വെടിവെച്ചു കൊന്നതോടെയാണ് ബിഷ്‌ണോയ് സംഘം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നത്.

ടര്‍ക്കിഷ് പിസ്റ്റള്‍ മുതല്‍ എകെ 47 വരെ:  ബിഷ്‌ണോയ് സംഘം പ്രവര്‍ത്തിക്കുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍
X

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദീഖിയെ വെടിവെച്ചു കൊന്ന ലോറന്‍സ് ബിഷ്‌ണോയ് സംഘം പ്രവര്‍ത്തിക്കുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് സംഘത്തിലെ പ്രധാന കൊലയാളികള്‍ ക്യാമ്പ് ചെയ്യുന്നത്. കാനഡയില്‍ ഒളിവില്‍ കഴിയുന്ന ഗോള്‍ഡി ബ്രാര്‍ എന്ന സതീന്ദര്‍ജീത് സിങാണ് ബിഷ്‌ണോയുടെ ഗുരു. കാനഡയിലെ പോലിസിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ള ക്രിമിനലാണ് ഗോള്‍ഡി ബ്രാര്‍.

പ്രസിദ്ധ പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലെയെ പഞ്ചാബിലെ മാന്‍സയില്‍ വെച്ച് 2022ല്‍ വെടിവെച്ചു കൊന്നതോടെയാണ് ബിഷ്‌ണോയ് സംഘം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നത്. കൃഷ്ണ മൃഗത്തെ കൊന്നതിന് ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ഇല്ലാതാക്കുമെന്നും ഇയാള്‍ പ്രഖ്യാപിച്ചിരുന്നു.

കൊലക്കേസില്‍ 2014 മുതല്‍ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയ് അവിടെ നിന്നാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സെലിബ്രിറ്റികളെയും മദ്യമാഫിയകളെയും വ്യവസായികളെയും ഭീഷണിപ്പെടുത്തിയാണ് സംഘം പണം സംഘടിപ്പിക്കുന്നത്. പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ പ്രഫഷണല്‍ വാടകക്കൊലയാളികളെ ഉപയോഗിച്ച് നേരിടും.

ജയില്‍ ഓപ്പറേഷന്‍

ഗുജറാത്തിലെ സബര്‍മതി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ലോറന്‍സ് ബിഷ്‌ണോയിയെ കേസിന്റെ ആവശ്യങ്ങള്‍ക്ക് ഡല്‍ഹിയിലെ തീഹാര്‍ ജയിലിലേക്കും കൊണ്ടുവരാറുണ്ട്. ജയിലില്‍ രഹസ്യമായി എത്തിക്കുന്ന മൊബൈല്‍ഫോണുകളാണ് പുറംലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗം. ഏകാന്ത തടവില്‍ പാര്‍പ്പിക്കുമ്പോഴും ഇയാള്‍ മൊബൈലിലൂടെ പുറം ലോകവുമായി ബന്ധപ്പെടുന്നു.

പാക്കിസ്ഥാനിലെ കുപ്രസിദ്ധ ക്രിമിനലായ ഷഹ്‌സാദ് ഭാട്ടിയുമായി ലോറന്‍സ് ബിഷ്‌ണോയ് ജയിലില്‍ നിന്ന് വീഡിയോ കോളില്‍ സംസാരിക്കുന്ന ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. വിപിഎന്നും എന്‍ക്രിപ്ഷന്‍ ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്താണ് ഇയാള്‍ ഫോണുകള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ ആരെയൊക്കെ വിളിച്ചു എന്ന് കണ്ടെത്താന്‍ കഴിയാറില്ല. സിഗ്നല്‍, ടെലഗ്രാം തുടങ്ങിയ ആപ്പുകളും ഈ ഫോണുകളില്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 700ഓളം പ്രഫഷണല്‍ ഷൂട്ടര്‍മാരാണ് സംഘത്തിലുള്ളത്. കൂടാതെ മറ്റു ചെറു സംഘങ്ങള്‍ക്ക് ക്വട്ടേഷനും നല്‍കും.

ഹരിയാന പോലിസ് കോണ്‍സ്റ്റബിളിന്റെ മകനായി പഞ്ചാബിലെ ധത്തരന്‍വാദി ഗ്രാമത്തില്‍ 1993ലാണ് ലോറന്‍സ് ബിഷ്‌ണോയ് ജനിച്ചത്. ഛണ്ഡീഗഡില്‍ പഠിക്കുമ്പോഴാണ് ഗോള്‍ഡി ബ്രാറിനെ പരിചയപ്പെടുന്നത്. ഇതോടെയാണ് ബിഷ്‌ണോയുടെ ജീവിതം മാറിമറഞ്ഞത്.

Next Story

RELATED STORIES

Share it