Big stories

ഹിന്ദുത്വഭരണം ഉറപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഗുജറാത്ത് മോഡല്‍ വംശഹത്യാതന്ത്രം പ്രയോഗിക്കുന്നു; രാമനവമി ആക്രമണങ്ങള്‍ക്കെതിരേ കോടിയേരി

കേന്ദ്രഭരണത്തിന്റെയും ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിന്റെയും അറിവോടെ ആസൂത്രിതമായി സംഘടിപ്പിച്ചതാണിത്. അതുകൊണ്ടാണ് ഇത്രമാത്രം വിനാശകരമായ സംഭവങ്ങളുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം ദീക്ഷിക്കുന്നത്.

ഹിന്ദുത്വഭരണം ഉറപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഗുജറാത്ത് മോഡല്‍ വംശഹത്യാതന്ത്രം പ്രയോഗിക്കുന്നു; രാമനവമി ആക്രമണങ്ങള്‍ക്കെതിരേ കോടിയേരി
X

കോഴിക്കോട്: രാമനവമി ആഘോഷത്തിന്റെ മറവില്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. മോദി ഭരണം എട്ടാംവര്‍ഷം പൂര്‍ത്തിയാക്കുന്നവേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം മുസ്‌ലിം വിരുദ്ധവേട്ട രാമനവമി ആഘോഷത്തിന്റെ മറവില്‍ നടത്തിയത് ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കോടിയേരി പറഞ്ഞു. ഹിന്ദുത്വഭരണം ഉറപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഗുജറാത്ത് മോഡല്‍ വംശഹത്യാതന്ത്രം പ്രയോഗിക്കുകയാണ്.

പലതരത്തില്‍ കഴിയുന്നത്ര ഇടങ്ങളില്‍ നടപ്പാക്കുകയെന്ന അജണ്ടയിലേക്ക് മാറിയിരിക്കുന്നു. അതിന്റെ വിളംബരമാണ് ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് മുസ്‌ലിംകളുടെ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയതടക്കമുള്ള നീചസംഭവങ്ങള്‍. കേന്ദ്രഭരണത്തിന്റെയും ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിന്റെയും അറിവോടെ ആസൂത്രിതമായി സംഘടിപ്പിച്ചതാണിത്. അതുകൊണ്ടാണ് ഇത്രമാത്രം വിനാശകരമായ സംഭവങ്ങളുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം ദീക്ഷിക്കുന്നത്.

അക്രമങ്ങളെ അപലപിക്കാനുള്ള പ്രാഥമിക മര്യാദപോലും പ്രധാനമന്ത്രി കാട്ടുന്നില്ല. കഴിഞ്ഞ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നാലിടത്ത് അധികാരത്തിലേറാന്‍ കഴിഞ്ഞെങ്കിലും ഫലം ബിജെപിക്ക് വേണ്ടത്ര മെച്ചപ്പെട്ടതല്ല. 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ സുഗമമാവുന്നതിന്റെ സൂചനകള്‍ യുപിയടക്കം ബിജെപിക്ക് നല്‍കുന്നില്ലെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. രാമനവമി ആഘോഷവേളയിലാണ് മധ്യപ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, കര്‍ണാടകം, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരേസമയം ആക്രമണമുണ്ടായത്. ഇത് യാദൃച്ഛികമല്ല.

രാമനവമിയുടെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രകളും പൂജകളും മുസ്‌ലിം സമുദായാംഗങ്ങള്‍ക്കുനേരെ കടന്നാക്രമണം നടത്താനുള്ളതാക്കി. ബിജെപിയുടെ ഭരണമുള്ള സംസ്ഥാനങ്ങളില്‍ ആ ഭരണത്തിന്റെയും മറ്റിടങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെയും സഹായത്തോടെയാണ് കേട്ടുകേള്‍വിയില്ലാത്ത ഹിംസാത്മക പരമ്പരകളുണ്ടായത്. മുസ്‌ലിംകള്‍ക്കെതിരേ ഏകപക്ഷീയമായി നടത്തിയ ബുള്‍ഡോസര്‍ ആക്രമണത്തെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ന്യായീകരിച്ചു. മുസ്ലിങ്ങള്‍ കുഴപ്പക്കാരാണെന്നാണ് സര്‍ക്കാര്‍ ന്യായം.

ബുള്‍ഡോസര്‍ പ്രയോഗം മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ നിര്‍ദേശപ്രകാരമാണെന്നാണ് റിപോര്‍ട്ടുകള്‍. ബിഹാറിലെ മുസഫര്‍പുരില്‍ ഹിന്ദുത്വ അക്രമികള്‍ മുസ്ലിംപള്ളിക്കു മുകളില്‍ കാവിക്കൊടി സ്ഥാപിച്ചാണ് കുഴപ്പമുണ്ടാക്കിയത്. അക്രമികള്‍ തന്നെ വീഡിയോ പുറത്തുവിട്ടെങ്കിലും ആരെയും അറസ്റ്റുചെയ്തില്ല. ഡല്‍ഹിയില്‍ പശുമാംസം വിറ്റെന്ന് ആരോപിച്ച് ഫാംഹൗസ് ജീവനക്കാരനെ സംഘപരിവാര്‍ തല്ലിക്കൊന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്‌ലിം വിരുദ്ധ പ്രകോപന മുദ്രാവാക്യങ്ങളുമായാണ് ഘോഷയാത്ര നടത്തിയതെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.

Next Story

RELATED STORIES

Share it