Big stories

അന്വേഷണം കൂടുതൽ നേതാക്കളിലേക്ക്; ബിജെപി കുഴൽപ്പണ കവർച്ചാ കേസിന്റെ നാൾവഴികൾ

ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്, തൃശൂർ ജില്ലാ പ്രസിഡന്റ് കെകെ അനീഷ്‌കുമാർ ഉൾപ്പടെ നിരവധി ബിജെപി നേതാക്കളെ ഇതിനകം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

അന്വേഷണം കൂടുതൽ നേതാക്കളിലേക്ക്; ബിജെപി കുഴൽപ്പണ കവർച്ചാ കേസിന്റെ നാൾവഴികൾ
X

തൃശൂർ: തിരഞ്ഞെടുപ്പു പ്രചാരണത്തിനെന്ന പേരിൽ ബിജെപി കടത്തിയ കുഴൽപണം കവർച്ച ചെയ്ത കേസിൽ അന്വേഷണം കൂടുതൽ നേതാക്കളിലേക്ക്. ചില ബിജെപി സ്ഥാനാർഥികളേയും നേരത്തെ ചോദ്യം ചെയ്തവരെയും ചോദ്യം ചെയ്തശേഷം ഉന്നതരേയും വിളിപ്പിക്കും. അതേ സമയം ധർമരാജ് തിരഞ്ഞെടുപ്പു സാമഗ്രികളുമായി എത്തിയതാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ വാദം തള്ളിയുള്ള പോലിസ് റിപോർട്ട് പുറത്ത് വന്നു. കേസിൽ ഒരാൾ കൂടി അറസ്റ്റിലായി.

കവർച്ച ചെയ്യപ്പെട്ട പണം ബിജെപി തിരഞ്ഞെടുപ്പിനിറക്കിയതാണെന്നുള്ള കൃത്യമായ വിവരം ലഭിച്ചിതായാണ് പോലിസിന് ലഭിക്കുന്ന വിവരം. കവർച്ചക്കു മുമ്പും ശേഷവുമായി ബിജെപിയുടെ ഉന്നത നേതാക്കൾ ധർമരാജുമായി സംസാരിച്ചതിന്റെ ഫോൺ രേഖകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. കെ സുരേന്ദേരൻ 22 തവണ ഈ കാലയളവിൽ വിളിച്ചതായാണ് വിവരം.

ഏപ്രിൽ മൂന്നിനാണ് തൃശൂരിൽ നിന്ന് ആലപ്പുഴയിലേക്ക് എത്തിക്കേണ്ട 3.25 കോടി രൂപ കൊടകരയിൽ വച്ച് കാർ അപകടത്തിൽ പെടുത്തി തട്ടിയെടുത്തത്. ബിജെപി തൃശൂർ ജില്ലാ നേതൃത്വത്തിലുള്ള ചിലർ തന്നെയായിരുന്നു കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. ബിജെപി ജില്ലാ ഭാരവാഹിയായ ക്രിമിനൽ അഭിഭാഷകനെ നേരത്തേ അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു.

ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്, തൃശൂർ ജില്ലാ പ്രസിഡന്റ് കെകെ അനീഷ്‌കുമാർ ഉൾപ്പടെ നിരവധി ബിജെപി നേതാക്കളെ ഇതിനകം പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു. ഇവർ നൽകിയ മൊഴികൾ പോലിസിന് ലഭിച്ച ഡിജിറ്റൽ രേഖകളുമായി വൈരുദ്ധ്യമുണ്ട്. അതിനാൽ വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന.

സംസ്ഥാന സഹസംഘടന സെക്രട്ടറിയേയും വിളിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ പണമിടപാടുൾപ്പടെ പ്രത്യേക ചുമതലയുണ്ടായിരുന്ന സംയോജകരായ ആർഎസ്എസ് നേതാക്കളേയും വിളിപ്പിക്കാൻ സാധ്യതയുണ്ട്. ധർമരാജ് കുഴൽപണം ഇടപാടുകാരനാണെന്നാണ് പോലിസ് കോടതിയിൽ സമർപ്പിച്ച റിപോർട്ടിലുള്ളത്. ഇതോടെ തിരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണക്കാരനാണെന്ന സുരേന്ദ്രന്റെ വാദം പൊളിഞ്ഞു.

ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എൽ പത്മകുമാറിനെ വ്യാഴാഴ്ച്ച അന്വേഷണ സംഘം ചോദ്യം ചെയ്തു. തൃശൂർ പോലിസ് ക്ലബ്ലിൽ വച്ചാണ് ചോദ്യം ചെയ്തതത്. വ്യാഴാഴ്ച രാവിലെ പത്തോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രണ്ടുമണിക്കൂർ നീണ്ടു. പണം ആലപ്പുഴയിലേക്ക് കൈമാറാനാണ് നിർദേശിച്ചതെന്ന ധർമരാജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ സംഘടനാ ചുമതലയുള്ള പത്മകുമാറിനെ വിളിപ്പിച്ചത്. ധർമരാജിനെ കണ്ടിട്ടില്ലെന്നും സംഘടനാതലത്തിലുള്ള ബന്ധത്തിന്റെ പേരിൽ ഫോണിൽ വിളിച്ചതായും പണമിടപാട് അറിയില്ലെന്നുമാണ് മൊഴി നൽകിയത്. എന്നാൽ ഇത് വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

തുറവൂർ വളമംഗലം സ്വദേശിയായ പത്മകുമാർ മുമ്പ് ദക്ഷിണമേഖലാ സെക്രട്ടറിയായിരുന്നു. ധർമരാജന്റെ ഫോൺ വിളികൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പത്മകുമാറിന്റെ സ്വത്ത് സമ്പാദനം ബിജെപിക്കും ആർഎസ്എസിനും മുമ്പും സംസാര വിഷയമായിരുന്നു. ഇത് സംബന്ധിച്ച് പ്രവർത്തകർ നേതാക്കൾക്ക് പരാതിയും നൽകിയിട്ടുണ്ട്. നേരത്തെ ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയത്തിലെ പത്മകുമാറിന്റെ ഇടപെടൽ സംഘപരിവാറിൽ ചർച്ചയായിരുന്നു. കൊല്ലത്തും സമാന വിവാദങ്ങൾ ഉണ്ടാക്കിയത് ചൂണ്ടിക്കാട്ടി പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ പത്മകുമാറിനെതിരേ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനെ തുടർന്നാണ് പത്മകുമാറിനെ മധ്യമേഖലയുടെ ചുമതലയിലേക്ക് മാറ്റിയതെന്നാണ് സൂചന.

അതേസമയം കുഴൽപ്പണം കവർച്ച നടത്തിയതിൽ പങ്കാളിയായ ഒരാൾ കൂടി അറസ്റ്റിലായി. മലപ്പുറം മങ്കട സ്വദേശി കല്ലിങ്ങൽ വീട്ടിൽ സുൽഫിക്കർ ആണ് അറസ്റ്റിലായത്. പ്രതികളെ സഹായിച്ച പ്രതി രഞ്ജിത്തിന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും 12ാം പ്രതി ബഷീറിന്റെ രണ്ടാം ഭാര്യയിൽ നിന്നും പണവും കണ്ടെടുത്തു. ബഷീറിന്റെ സുഹൃത്തും സഹായിയുമാണ് സുൽഫിക്കർ. കവർച്ചയിലും ഗൂഢാലോചനയിലും, കവർച്ചാ മുതൽ ഒളിപ്പിച്ചതിലും സുൽഫിക്കറിന് പങ്കുണ്ടെന്ന് കണ്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കർണാടകയിൽ നിന്ന് പണമെത്തിച്ചതായാണ് പോലിസിന് ലഭിച്ചിട്ടുള്ള വിവരം. പത്തുകോടിയിലധികം ഹവാല പണവുമായി വയനാട്, കൊടുവള്ളി, കോഴിക്കോട് എന്നീ മണ്ഡലങ്ങളിലേക്കുള്ള തുക കൈമാറിയാണ് ധർമജനും സംഘവും തൃശൂരിലെത്തുന്നത്. തൃശൂരിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുംവഴി നടന്ന കവർച്ചയ്ക്ക് പിന്നാലെ 23 ലക്ഷം രൂപ കവർന്നെന്നായിരുന്നു ധർമരാജന്റെ പരാതി. എന്നാൽ ഇതുവരെ ഒന്നരക്കോടിയിലധികം രൂപ കണ്ടെടുത്തിട്ടുണ്ട്.

പിന്നീട് നടന്ന അന്വേഷണത്തിൽ ആർഎസ്എസ് പ്രവർത്തകനും യുവമോർച്ച മുൻ സംസ്ഥാന ട്രഷററുമായിരുന്ന സുനിൽ നായിക് ആണ് പണം തന്നെ ഏൽപ്പിച്ചതെന്ന് ധർമരാജൻ പോലിസിന് മൊഴി നൽകിയിരുന്നു. ധർമരാജനും സുനിൽ നായിക്കും കെ സുരേന്ദ്രന്റെ അടുപ്പക്കാരാണെന്നും സുരേന്ദ്രനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നവരുമാണെന്ന റിപോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ധർമരാജൻ നടത്തിയത് സാമ്പത്തിക കുറ്റകൃത്യമാണെന്ന് പോലിസ് കോടതിയിൽ റിപോർട്ട് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യാൻ പോലിസ് തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കെ സുരേന്ദ്രനെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യാനിരിക്കെ പ്രതിപക്ഷവും വിഷയത്തിൽ പ്രത്യക്ഷ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്.

അതേസമയം കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസില്‍ ഹൈക്കോടതി വിശദികരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പോലിസില്‍ നിന്നും എഫ്‌ഐആര്‍ ശേഖരിച്ചതായും. കേസിന്റെ അന്വേഷണ വിവരങ്ങള്‍ പരിശോധിച്ചതായും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി നേതാക്കളെ വെട്ടിലാക്കിയ കേസില്‍ അന്വേഷണത്തിനു തയ്യാറാവാതിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒടുവില്‍ കോടതി ഇടപെടലിനു പിന്നാലെയാണ് അന്വേഷണ നടപടികളിലേക്ക് കടക്കുന്നത്. ആദ്യഘട്ടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണ പരിധിയില്‍ വരുന്നതല്ലെന്നും പോലിസ് അന്വേഷണം തുടരട്ടെയെന്നുമുള്ള നിലപാടിലായിരുന്നു ഇഡി.

Next Story

RELATED STORIES

Share it