Big stories

മുസ് ലികളെ പൂര്‍ണമായും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി എംപിയുടെ വിദ്വേഷപരാമര്‍ശം

മുസ് ലികളെ പൂര്‍ണമായും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി എംപിയുടെ വിദ്വേഷപരാമര്‍ശം
X

ന്യൂഡല്‍ഹി: മുസ് ലിംകളെ ലക്ഷ്യമിട്ട് സമ്പൂര്‍ണ ബഹിഷ്‌കരണാഹ്വാനവുമായി ബിജെപി എംപി പര്‍വേഷ് സാഹിബ് സിംഗ് വര്‍മ്മ. മുസ് ലികളെ പേരെടുത്തുപറയാതെ ഒരു സമുദായമെന്നുമാത്രമാണ് എംപി പരാമര്‍ശിച്ചതെങ്കിലും ഉദ്ദേശ്യം വ്യക്തമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് എംപി മുസ് ലിംസമൂഹത്തിനെതിരേ പ്രസംഗിച്ചത്.

'അവരുടെ തല ശരിയാക്കാനും അവരെ നേരെയാക്കാനും' എന്തുചെയ്യണമെന്ന് ശ്രോതാക്കളോട് എംപി ചോദിച്ചു.

മഴയ്ക്കിടയില്‍ തുറന്ന വേദിയിലാണ് പ്രസംഗം നടന്നത്. കാണികളില്‍ പലരും കുടകളുമായാണ് നില്‍ക്കുന്നത്. മുസ് ലിംവിരുദ്ധമായ ഏതാനും പ്രതിജ്ഞകള്‍ ചൊല്ലിയശേഷം അത് ശ്രോതാക്കളോട് ആവര്‍ത്തിക്കാനും പ്രാസംഗികര്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളില്‍ ഒരു ട്രേഡ് ഫെയര്‍ നടന്ന മൈതാനത്തായിരുന്നു പരിപാടി നടന്നത്.

'അവര്‍ കൈവണ്ടികളുമായി വരുന്നു. നിങ്ങള്‍ അവരില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങരുത്. അവര്‍ മത്സ്യമാംസ കടകള്‍ തുറക്കുന്നുണ്ട്. അവര്‍ക്ക് ലൈസന്‍സ് ഇല്ലെങ്കില്‍ അവ അടച്ചുപൂട്ടാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനോട് പറയണം'-വര്‍മ ശ്രോതാക്കളെ ഉപദേശിച്ചു.

'അവരുടെ തല ശരിയാക്കണമെങ്കില്‍, അവരെ നേരെയാക്കണമെങ്കില്‍, സമ്പൂര്‍ണ്ണ ബഹിഷ്‌കരണമാണ് ഏക പ്രതിവിധി. എന്റെ വാദം ശരിവയ്ക്കുന്നുണ്ടെങ്കില്‍ കൈ പൊക്കുക'. 'ഞങ്ങള്‍ അവരെ ബഹിഷ്‌കരിക്കും' എന്ന് പ്രതിജ്ഞയെടുക്കാനും ആ പ്രതിജ്ഞ ഉറക്കെ അതാവര്‍ത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

'ഞങ്ങള്‍ അവരുടെ കടകളില്‍ നിന്ന് ഒന്നും വാങ്ങില്ല, ഞങ്ങള്‍ അവര്‍ക്ക് ഒരു ജോലിയും നല്‍കില്ല,' വര്‍മ്മ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ നന്ദ് കിഷോര്‍ ഗുര്‍ജര്‍, വര്‍മ സംസാരിച്ച അതേ പരിപാടിയില്‍ സംസാരിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തു. മുസ് ലിംകളെക്കുറിച്ചുള്ള ഗുര്‍ജറിന്റെ പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെട്ടു. 'നമ്മുടെ മനോഹരമായ നഗരം പന്നികളുടെ നഗരമായി മാറിയിരിക്കുന്നു,' എന്നായിരുന്നു ബിജെപി എംഎല്‍എ പ്രസംഗിച്ചത്.

'ഒരു മതവിഭാഗത്തിന്റെയും പേര് താന്‍ എടുത്തു പറഞ്ഞിട്ടില്ലെന്ന് വര്‍മ്മ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

'ഞാന്‍ പറഞ്ഞത് ഇത്തരം കൊലപാതകങ്ങള്‍ നടത്തുന്ന കുടുംബങ്ങളെ ബഹിഷ്‌കരിക്കണം എന്നാണ്. അത്തരം കുടുംബങ്ങള്‍, അവര്‍ ഏതെങ്കിലും റസ്‌റ്റോറന്റും ബിസിനസ്സും നടത്തുന്നുണ്ടെങ്കില്‍, അവരെ ബഹിഷ്‌കരിക്കണം,' അദ്ദേഹം വിശദീകരിച്ചു.

വര്‍മയുടെ പ്രസംഗത്തെ എതിര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും ട്വിറ്ററില്‍ പലരും ടാഗ് ചെയ്തു. ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശത്തെ പിന്തുണച്ചും ട്വീറ്റുകളുണ്ടായിരുന്നു.

ഹൈദരാബാദ് എംപിയും ഓള്‍ ഇന്ത്യ മജ്‌ലിസ്ഇഇത്തെഹാദുല്‍ മുസ് ലിമീന്‍ (എഐഎംഐഎം) തലവനുമായ അസദുദ്ദീന്‍ ഉവൈസി പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ചു. ബിജെപി മുസ് ലിംകള്‍ക്കെതിരേ യുദ്ധം തുടങ്ങിയെന്നും ആഭ്യന്തരമന്ത്രി അമിത് ഷായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഭരണകക്ഷിയുടെ ഒരു എംപിക്ക് രാജ്യത്തിന്റെ തലസ്ഥാനത്ത് ഇതുപോലെ ഒരു പ്രവര്‍ത്തി ചെയ്യാന്‍ കഴിയുമെങ്കില്‍, ഭരണഘടനാമൂല്യമെന്നാല്‍ എന്താണ്?'-അദ്ദേഹം ചോദിച്ചു.

Next Story

RELATED STORIES

Share it