Big stories

പഞ്ചാബിലും ബംഗാളിലും ബിഎസ്എഫ് അധികാര പരിധി 15 ല്‍ നിന്ന് 50 കിലോമീറ്ററിലേക്ക് വ്യാപിപ്പിക്കുമ്പോള്‍

ബിഎസ്എഫ് ആക്ട് പ്രകാരം, 'സെക്ഷന്‍ 139 (ii) ബിഎസ്എഫിന് ഏതെങ്കിലും സംഭവങ്ങളില്‍ അറസ്റ്റ് ചെയ്യാനുള്ള അധികാരങ്ങള്‍ നല്‍കുന്നു. സെക്ഷന്‍ 139 (1) പ്രകാരമുള്ള കരുതല്‍ അറസ്റ്റിനും അധികാരമുണ്ട്. ലോക്കല്‍ പോലിസുമായി കൂടിയാലോചിക്കുന്നതിനെക്കുറിച്ച് പരാമര്‍ശമില്ല

പഞ്ചാബിലും ബംഗാളിലും ബിഎസ്എഫ് അധികാര പരിധി 15 ല്‍ നിന്ന് 50 കിലോമീറ്ററിലേക്ക് വ്യാപിപ്പിക്കുമ്പോള്‍
X

ന്യൂഡല്‍ഹി: പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്കുള്ളില്‍ ബിഎസ്എഫിന്റെ അധികാരപരിധി 15 കിലോമീറ്ററില്‍ നിന്ന് 50 കിലോമീറ്റര്‍ വരെ നീട്ടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ഏറെ ആശങ്കയോടെയാണ് അതത് സംസ്ഥാന സര്‍ക്കാരുകള്‍ നോക്കിക്കാണുന്നത്. പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും കള്ളക്കടത്ത് റാക്കറ്റുകളെ നിയന്ത്രിക്കുന്നതിനുമാണ് പുതിയ നടപടി എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ നീക്കം പ്രതിപക്ഷം ഭരിക്കുന്ന പഞ്ചാബില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും കടുത്ത പ്രതികരണങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഇത് യുക്തിരഹിതമായ തീരുമാനമാണെന്നും ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണെന്നുമുള്ള പ്രതികരണങ്ങള്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

തിങ്കളാഴ്ച ( 2021 ഒക്ടോബര്‍ 11) പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍, അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന്റെ അധികാരപരിധി സംബന്ധിച്ചുള്ള 2014 ലെ മുന്‍ വിജ്ഞാപനം ഭേദഗതി ചെയ്യുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ അധികാരപരിധി പ്രകാരം മണിപ്പൂര്‍, മിസോറം, ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളും ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന മുഴുവന്‍ സ്ഥലങ്ങളും അതിര്‍ത്തിയില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ പരിധിയിലാണ്. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും ഇന്ത്യയുടെ അതിര്‍ത്തികളില്‍ നിന്ന് 50 കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ ഇനി കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലായിരിക്കും.

2014 ജൂലൈ 3 ലെ നേരത്തെയുള്ള വിജ്ഞാപനത്തില്‍, ബിഎസ്എഫിന്റെ അധികാരപരിധി 'മണിപ്പൂര്‍, മിസോറാം, ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു. പുതിയ ഭേദഗതിയിലൂടെ ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ പ്രദേശം കേന്ദ്ര ഭരണത്തിന്‍ കീഴിലായി.

അതേസമയം, ഗുജറാത്തിനടുത്തുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലെ ബിഎസ്എഫിന്റെ അധികാരപരിധി 80 കിലോമീറ്ററില്‍ നിന്ന് 50 കിലോമീറ്ററായി കുറഞ്ഞു. ബിഎസ്എഫിന്റെ നിര്‍ദേശങ്ങളെ തുടര്‍ന്ന് 1968 ലെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ആക്ട് പ്രകാരമാണ് ഈ മാറ്റങ്ങള്‍ വരുത്തിയതെന്നും ഈ സംസ്ഥാനങ്ങളില്‍ അതിര്‍ത്തി സുരക്ഷ സേനയുടെ പ്രവര്‍ത്തന അധികാരപരിധി ഏകീകൃതമായി നിലനിര്‍ത്തുക കൂടിയാണ് ലക്ഷ്യമെന്നും ഒരു കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര അതിര്‍ത്തികളിലൂടെ 50 കിലോമീറ്റര്‍ പരിധിയില്‍ ബിഎസ്എഫിന് അധിക അധികാരം നല്‍കാനുള്ള ഗവണ്‍മെന്റിന്റെ ഏകപക്ഷീയ തീരുമാനത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു, ഇത് ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണ്. യുക്തിരഹിതമായ ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ഞാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്് ചന്നി ട്വീറ്റ് ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ ഘടന ലംഘിക്കുകയാണ്. ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികള്‍ വഴി ഇടപെടാന്‍ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ ഗതാഗത മന്ത്രിയും ടിഎംസി നേതാവുമായ ഫിര്‍ഹാദ് ഹക്കിം പറഞ്ഞു.

കേന്ദ്രത്തിന്റെ തീരുമാനം ഭരണഘടനാപരമായ പൊതു ക്രമത്തിനും സംസ്ഥാനങ്ങളുടെ പോലിസിങ്ങിനുമെതിരാണെന്നും പഞ്ചാബിന്റെ പകുതിയും ഇപ്പോള്‍ ബിഎസ്എഫ് അധികാരപരിധിയില്‍ വരുമെന്നും കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ട്വീറ്റ് ചെയ്തു. ബിഎസ്എഫ് ആക്ട് പ്രകാരം, 'സെക്ഷന്‍ 139 (ii) ബിഎസ്എഫിന് ഏതെങ്കിലും സംഭവങ്ങളില്‍ അറസ്റ്റ് ചെയ്യാനുള്ള അധികാരങ്ങള്‍ നല്‍കുന്നു. സെക്ഷന്‍ 139 (1) പ്രകാരമുള്ള കരുതല്‍ അറസ്റ്റിനും അധികാരമുണ്ട്. ലോക്കല്‍ പോലിസുമായി കൂടിയാലോചിക്കുന്നതിനെക്കുറിച്ച് പരാമര്‍ശമില്ലെന്ന് തിവാരി ചൂണ്ടിക്കാട്ടി.

ഈ നീക്കം ആഭ്യന്തര അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുന്നതും പഞ്ചാബികളുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുന്നതാണെന്നും പഞ്ചാബ് ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയതിന് പഞ്ചാബിനെ ഒരു പാഠം പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നു എന്ന തോന്നലുണ്ട്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ അനുവദിക്കരുതെന്ന് ഞാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നു, തീരുമാനം പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ചതായും രണ്‍ധാവ പറഞ്ഞു.

മയക്കുമരുന്നും ആയുധക്കടത്തും പഞ്ചാബിന് പ്രശ്‌നമാണെങ്കില്‍, അസമും പശ്ചിമ ബംഗാളും കന്നുകാലികളുടെയും വ്യാജ കറന്‍സി കള്ളക്കടത്തിന്റെയും രൂപത്തില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഈ അതിര്‍ത്തികള്‍ അനധികൃത കുടിയേറ്റത്തിനും സാധ്യതയുണ്ട്. ഉള്‍പ്രദേശങ്ങളില്‍ ആഴത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ അധികാരപരിധി 15 കിലോമീറ്ററായി പരിമിതപ്പെടുത്തുന്നത് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന ഈ കേന്ദ്ര നീക്കത്തെ പിന്തുണച്ച് മുന്‍ പഞ്ചാബ് മുഖ്യന്ത്രി രംഗത്ത് വന്നിട്ടുണ്ട്. സിപിഎം ഈ വിഷയത്തില്‍ ഇതുവരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭൂരിഭാഗവും ഇതോടെ കേന്ദ്രഭരണത്തിന് കീഴിലാവുകയും സൈനികവല്‍കരണം ശക്തമാവുകയും ചെയ്യുന്നത് കൂടുതല്‍ അരക്ഷിതാവസ്തയിലേക്ക് ഈ മേഖലകള്‍ എത്തിപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Next Story

RELATED STORIES

Share it