Sub Lead

മണിപ്പൂരി യുവതിയെ കടയ്ക്കുള്ളില്‍ പീഡിപ്പിച്ച് സൈനികന്‍; സിസിടിവി ദൃശ്യം പുറത്തായതോടെ സസ്‌പെന്റ് ചെയ്തു

മണിപ്പൂരി യുവതിയെ കടയ്ക്കുള്ളില്‍ പീഡിപ്പിച്ച് സൈനികന്‍; സിസിടിവി ദൃശ്യം പുറത്തായതോടെ സസ്‌പെന്റ് ചെയ്തു
X

ന്യൂഡല്‍ഹി: മാസങ്ങളായി രൂക്ഷമായ സംഘര്‍ഷം അരങ്ങേറുന്ന മണിപ്പൂരില്‍ നിന്ന് വീണ്ടും നടുക്കുന്ന വീഡിയോ പുറത്ത്. മണിപ്പൂരിലെ പലചരക്ക് കടയ്ക്കുള്ളില്‍ ഒരു സ്ത്രീയെ സൈനികന്‍ ലൈംഗികമായി പീഡിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്തു വന്നു. ഇതിനു പിന്നാലെ അതിര്‍ത്തി സുരക്ഷാ സേനയിലെ(ബിഎസ്എഫ്) ഹെഡ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുത്തതായും എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. കടയ്ക്കുള്ളിലെ സിസിടിവി കാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടിയെടുത്തത്. യൂനിഫോമണിഞ്ഞ് തോക്കേന്തിയുള്ള സൈനികനാണ് യുവതിയെ പീഡിപ്പിക്കുന്നത്. ഹെഡ് കോണ്‍സ്റ്റബിള്‍ സതീഷ് പ്രസാദ് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായും വകുപ്പുതല അന്വേഷണം നടക്കുന്നതായും റിപോര്‍ട്ടിലുണ്ട്. 'ജൂലൈ 20ന് ഇംഫാലിലെ പെട്രോള്‍ പമ്പിന് സമീപമുള്ള കടയിലാണ് സംഭവം. ഹെഡ് കോണ്‍സ്റ്റബിള്‍ സതീഷ് പ്രസാദാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രതിക്കെതിരെ ബിഎസ്എഫ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും വകുപ്പുതല നടപടികള്‍ ആരംഭിക്കുകയും ചെയ്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ രണ്ട് കുക്കി സ്ത്രീകളെ നൂറോളം വരുന്ന മെയ്തി അക്രമിക്കൂട്ടം പൂര്‍ണ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും കൂട്ടബലാല്‍സംഗം ചെയ്യുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഒരു പ്രായപൂര്‍ത്തിയാവാത്തയാള്‍ ഉള്‍പ്പെടെ ഇതുവരെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്. 'തിരിച്ചറിഞ്ഞ പ്രതികളുടെ ഒളിത്താവളങ്ങള്‍ റെയ്ഡ് ചെയ്ത് ബാക്കിയുള്ള പ്രതികളെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും സംസ്ഥാന പോലിസ് നടത്തുന്നതായി അന്വേഷണ സംഘം പറഞ്ഞു.

അതേസമയം, ലൈംഗികാതിക്രമ കേസുകളില്‍ നിരവധി സീറോ എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും ഇരകളും അതിജീവിച്ചവരും എത്താത്തതിനാല്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് മണിപ്പൂര്‍ പോലിസ് പറഞ്ഞു. അതിനിടെ, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മ്യാന്‍മറില്‍ ആയുധധാരികളായ പുരുഷന്മാര്‍ ഒരു സ്ത്രീയെ ദാരുണമായി കൊലപ്പെടുത്തിയതിന്റെ വീഡിയോ മണിപ്പൂരിലേതെന്ന് ആരോപിച്ച് സംസ്ഥാനത്ത് അശാന്തി ഉണ്ടാക്കുന്നതിനായി പ്രചരിപ്പിച്ചെന്ന് ആരോപിച്ച് പോലിസ് കേസെടുത്തിട്ടുണ്ട്. സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷനില്‍(സിസിപിഎസ്) എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും വീഡിയോ പ്രചരിപ്പിച്ചവരുടെ ഐപി വിലാസങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. 'വ്യാജ വാര്‍ത്ത'ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യാനാണ് പോലിസ് തീരുമാനം.

Next Story

RELATED STORIES

Share it