Big stories

'ഹിന്ദു ദൈവങ്ങളെ കളിയാക്കിയെന്ന് തെളിയിക്കാമോ?': വിശ്വഹിന്ദു പരിഷത്തിനെ വെല്ലുവിളിച്ച് കൊമേഡിയന്‍ കുനാല്‍ കമ്ര

ഹിന്ദു ദൈവങ്ങളെ കളിയാക്കിയെന്ന് തെളിയിക്കാമോ?: വിശ്വഹിന്ദു പരിഷത്തിനെ വെല്ലുവിളിച്ച് കൊമേഡിയന്‍ കുനാല്‍ കമ്ര
X

ന്യൂഡല്‍ഹി: താന്‍ ഹിന്ദു ദൈവങ്ങളെ കളിയാക്കിയെന്ന് തെളിയിക്കാന്‍ വിശ്വഹിന്ദു പരിഷത്തിനോട് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ വെല്ലുവിളി. വിശ്വഹിന്ദു പരിഷത്തിന്റെ പേരില്‍ അയച്ച കത്തിലൂടെയാണ് കുനാല്‍ നിലപാട് വ്യക്തമാക്കാനും തെളിവ് നല്‍കാനും ആവശ്യപ്പെട്ടത്.

കുനാലിന്റെ ഷോയുടെ ഉള്ളടക്കം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്‌രംഗ് ദളും വെള്ളിയാഴ്ച ഗുരുഗ്രാം ഭരണകൂടത്തിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, സെപ്തംബര്‍ 17, 18 തിയ്യതികളില്‍ സ്റ്റുഡിയോ സോ ബാറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കമ്രയുടെ ഷോകള്‍ റദ്ദാക്കി.

കുനാലിന്റെ മുന്‍കാല ഷോകള്‍ ജില്ലാ ഭരണകൂടത്തെ കാണിച്ചെന്നും ഹിന്ദു വിശ്വാസത്തെ പരിഹസിക്കുന്നവരെ ഗുരുഗ്രാമില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ബജ്‌റംഗ്ദള്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പ്രവീണ്‍ സൈനി പറഞ്ഞു.

ഹിന്ദുത്വ സംഘടനകള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും അതിനാല്‍ ഷോ ആതിഥേയത്വം വഹിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്‍മാറികയാണെന്നും സ്റ്റുഡിയോ സോ ബാറിന്റെ മാനേജര്‍ സഹില്‍ ദവ്‌റ പറഞ്ഞു.

തന്റെ ഷോയില്‍ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ക്ലിപ്പുകള്‍ കാണിക്കാനാണ് കമ്ര വിശ്വഹിന്ദു പരിഷത്തിനോട് ആവശ്യപ്പെട്ടത്.

'ഞാന്‍ സര്‍ക്കാരിനെ പരിഹസിക്കുക മാത്രമാണ് ചെയ്യുന്നത്,' അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ സര്‍ക്കാരിന്റെ വളര്‍ത്തുമൃഗമാണെങ്കില്‍, നിങ്ങള്‍ക്ക് വ്രണപ്പെടാം. ഹിന്ദുക്കള്‍ ഇതിലേക്ക് എങ്ങനെ കടന്നുവന്നു? ദൈവവുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് ഒരു പരീക്ഷണം നടത്തേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ ഹിന്ദു മതത്തെ പ്രതിനിധീകരിക്കാത്തതിനാല്‍ സംഘടനയുടെ പേരിന് മുന്നില്‍ 'വിശ്വ' എന്ന വാക്ക് ചേര്‍ക്കാന്‍ വിസമ്മതിച്ചതായി കുനാല്‍ തന്റെ കത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര ഹിന്ദുവിഭാഗത്തെ വിശ്വഹിന്ദു പരിഷത്ത് പ്രതിനിധീകരിക്കുന്നില്ലെന്നായിരുന്നു കുനാലിന്റെ ന്യായം.

സംഘടന സ്വയം ഇന്ത്യക്കാരാണെന്ന് കരുതുന്നുവെങ്കില്‍ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it