Big stories

കാനഡയിലെ വംശഹത്യയുടെ നടുക്കുന്ന വിവരങ്ങള്‍ വീണ്ടും പുറത്ത്; റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വളപ്പില്‍ വീണ്ടും കൂട്ടക്കുഴിമാടം

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ മുന്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരിസരത്താണ് വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തിയത്.

കാനഡയിലെ വംശഹത്യയുടെ നടുക്കുന്ന വിവരങ്ങള്‍ വീണ്ടും പുറത്ത്; റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വളപ്പില്‍ വീണ്ടും കൂട്ടക്കുഴിമാടം
X

വാന്‍കൂവര്‍: ലോകചരിത്രത്തിലെ അതിനീചമായ ഒരു വംശഹത്യയുടെ നടുക്കമുളവാക്കുന്ന തെളിവുകള്‍ വീണ്ടും പുറത്ത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ മുന്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരിസരത്താണ് വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തിയത്. കാനഡയുടെ പൊതുസംസ്‌കാരത്തിന്റെ ഭാഗമാക്കാനെന്നു പറഞ്ഞ് ഗോത്രവര്‍ഗക്കാരായ കുരുന്നുകളെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുവന്ന് പാര്‍പ്പിച്ച റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരിസരത്താണ് വീണ്ടും 182 പേരുടെ കല്ലറ കണ്ടെത്തിയത്.

കുടുംബങ്ങളുടെ പ്രതിഷേധം അവഗണിച്ച് കൊണ്ടുവന്ന് ആവശ്യത്തിന് പോഷണവും ഭക്ഷണവുമില്ലാതെ പീഡിപ്പിച്ചതിനൊടുവില്‍ മരണപ്പെട്ട കുട്ടികളാണ് ഇങ്ങനെ ആരോരുമറിയാതെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരിസരങ്ങളില്‍ അടക്കപ്പെട്ടത്.

ബ്രിട്ടീഷ് കൊളംബിയയിലെ ക്രാന്‍ബ്രൂകിലെ സെന്റ് യൂജിന്‍ മിഷന്‍ സ്‌കൂള്‍ പരിസരത്ത് ഗോത്രവര്‍ഗ സംഘടനകളുടെ മേല്‍നോട്ടത്തിലാണ് പുതിയ സാങ്കേതികത ഉപയോഗിച്ച് ഖനനം നടത്തിയത്. 1912 മുതല്‍ 1970കള്‍ വരെ കത്തോലിക്ക സഭയായിരുന്നു സ്‌കൂള്‍ നടത്തിയിരുന്നത്. കാനഡ സര്‍ക്കാര്‍ ഫണ്ട് നല്‍കി നടന്ന 130ലേറെ നിര്‍ബന്ധിത ബോര്‍ഡിങ് സ്‌കൂളുകളിലൊന്നായിരുന്നു ഇത്.

കഴിഞ്ഞ മേയ് മാസത്തില്‍ ബ്രിട്ടീഷ് കൊളംബിയയിലെ കാംലൂപ്‌സില്‍ 215 പേരുടെ കൂട്ടക്കുഴിമാടം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച സാസ്‌കചെവാനില്‍ 751 പേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. ഏറെയും കുട്ടികളുടെയായിരുന്നു.

മൂന്ന് ബ്രിട്ടീഷ് കോളനികള്‍ ചേര്‍ത്ത് 1867ല്‍ കാനഡ ഡൊമിനിയന്‍ രൂപവത്കരിച്ചതിന്റെ വാര്‍ഷികമായ കാനഡ ദിനം ജൂലൈ ഒന്നിന് ആഘോഷമാക്കാനിരിക്കെയാണ് വീണ്ടും രാജ്യത്തെ ഞെട്ടിച്ച് പുതിയ കണ്ടെത്തല്‍. ഈ ആഘോഷം നിര്‍ത്തിവെക്കണമെന്ന് ഗോത്രവര്‍ഗ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതോടെ കാനഡയിലുടനീളം വിവിധ മുനിസിപ്പാലിറ്റികളില്‍ ഇത്തരം റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിച്ചവരുടെ പ്രതിമകള്‍ തകര്‍ത്തും ആഘോഷം പിന്‍വലിച്ചും ഐക്യദാര്‍ഢ്യ പ്രകടനം സജീവമാണ്.

1883ലാണ് കാനഡ പ്രധാനമന്ത്രി ജോണ്‍ മക്‌ഡൊണാള്‍ഡ് ഗോത്രവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി, സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന കത്തോലിക്ക പള്ളികള്‍ നടത്തുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നത്. അതിക്രൂരമായ രീതിയിലാണ് റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചത്. 2015ല്‍ പുറത്തുവന്ന കനേഡിയന്‍ ട്രൂത്ത് ആന്റ് റികണ്‍സിലിയേഷന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സ്‌കൂളുകളില്‍ ഗോത്രവിഭാഗക്കരായ കുട്ടികള്‍ക്ക് നേരിടേണ്ടി വന്ന ശാരീരികവും മാനസികവും ലൈംഗികവുമായ കൊടിയ പീഡനങ്ങളെ കുറിച്ച് വ്യക്തമാക്കിയിരുന്നു.

മിക്കപ്പോഴും മാതാപിതാക്കളുടെ അടുത്തു നിന്നും ബലമായിട്ടായിരുന്നു കുട്ടികളെ പിടിച്ചു കൊണ്ടുപോയിരുന്നത്. പലര്‍ക്കും പിന്നീടൊരിക്കലും തങ്ങളുടെ കുഞ്ഞുങ്ങളെ കാണാനായില്ല. സ്‌കൂളിലെത്തിയതും ഇവരുടെ നീണ്ട മുടി മുറിച്ചുകളഞ്ഞു. ജയില്‍പ്പുള്ളികളുടേതിന് സമാന നിലവാരമുള്ള പ്രത്യേക യൂണിഫോം നല്‍കി.

സ്വന്തം ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമായ എല്ലാ ശീലങ്ങളില്‍ നിന്നും കുട്ടികളെ പൂര്‍ണ്ണമായും വിലക്കി. ഗോത്രഭാഷ സംസാരിച്ചുപോയാല്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വന്നു.

ഗോത്രവര്‍ഗ സംസ്‌കാരത്തെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കാന്‍ നടത്തിയ ഇത്തരം നടപടികളുടെ പേരിലാണ് ഈ സ്‌കൂളുകള്‍ കള്‍ച്ചറല്‍ വംശഹത്യ നടത്തിയ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെന്ന് പില്‍ക്കാലത്ത് അറിയപ്പെടാന്‍ തുടങ്ങിയത്.

1,50,000 കുട്ടികളാണ് ഇത്തരം സ്‌കൂളുകളില്‍ അക്കാലത്ത് പഠിച്ചിരുന്നതെന്നാണ് കണക്കുകള്‍. ഇതില്‍ 4100 കുട്ടികള്‍ ഈ സ്‌കൂളുകളില്‍ വെച്ച് മരണപ്പെട്ടുവെന്നായിരുന്നു ഇതുവരെയുള്ള കണക്കുകള്‍. സ്‌കൂളുകളില്‍ വെച്ച് മരിച്ച കുട്ടികളുടെ കൃത്യമായ റെക്കോര്‍ഡുകള്‍ സൂക്ഷിക്കാന്‍ സഭയോ സ്‌കൂള്‍ അധികൃതരോ സര്‍ക്കാരോ ശ്രദ്ധ കാണിച്ചില്ലെന്ന് മാത്രമല്ല, വിദഗ്ധമായി പലതും മറച്ചുവെക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ സ്‌കൂളുകളില്‍ വെച്ച് ജീവന്‍ നഷ്ടപ്പെട്ട കുട്ടികളുടെ കൃത്യമായ എണ്ണം ഇന്നും വ്യക്തമല്ല.

റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് പോയി പിന്നീട് ഒരു വിവരവും ലഭിക്കാതിരുന്ന നിരവധി കുട്ടികള്‍ മിസിംഗ് ചില്‍ഡ്രന്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്.

സ്‌കൂളുകളില്‍ തികച്ചും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കഴിയേണ്ടി വന്നിരുന്ന കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിച്ചിരുന്നില്ല. ക്ഷയവും പോഷകാഹാരക്കുറവുമായിരുന്നു മിക്ക കുട്ടികളെയും മരണത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങള്‍.

അപകടമരണം എന്ന് രേഖകളില്‍ പറയുന്ന പലതും ആക്രമണത്തിന് വിധേയരായി കൊല്ലപ്പെട്ട കുട്ടികളാണെന്നും ഉപദ്രവം സഹിക്കാനാവാതെ നിരവധി പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും സ്‌കൂളുകളില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളിലെത്തിയിരുന്ന പുരോഹിതര്‍ പീഡിപ്പിച്ച് ഗര്‍ഭിണികളാക്കിയ പല പെണ്‍കുട്ടികളെയും ഇവരുടെ നവജാതശിശുക്കളെയും കൊന്നുകളഞ്ഞതായും ഈ റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവര്‍ പറയുന്നു.

സര്‍ക്കാര്‍ ഫണ്ടോട് കൂടിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് രേഖകളിലുണ്ടെങ്കിലും ഈ സ്‌കൂളുകള്‍ക്ക് വളരെ കുറഞ്ഞ തുകയാണ് ചെലവിന് ലഭിച്ചിരുന്നത്. പ്രദേശത്തെ പള്ളികളില്‍ നിന്നും ലഭിക്കുന്ന ചെറിയ സംഭാവനയായിരുന്നു സ്‌കൂളുകളുടെ പ്രധാന സാമ്പത്തിക സ്രോതസ്.

സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാനായും സ്‌കൂളുകള്‍ കുട്ടികളെ ഉപയോഗിച്ചു. കൃഷിക്കും മൃഗങ്ങളെ വളര്‍ത്താനും വസ്ത്രനിര്‍മ്മാണത്തിനുമായി കുട്ടികളെ കഠിനമായ ജോലിക്ക് വിധേയമാക്കിയിരുന്നു.

1840കള്‍ മുതല്‍ സജീവമയിരുന്ന ഈ സ്‌കൂളുകള്‍ 1970 വരെയാണ് പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. 1996ഓടെയാണ് ഇത്തരത്തിലുള്ള എല്ലാ സ്‌കൂളുകളും നിര്‍ത്തലാക്കുന്നത്.

Next Story

RELATED STORIES

Share it