Big stories

മുസ്‌ലിംകളെ വിദ്യാഭ്യാസപരമായി കൂടുതല്‍ പുറന്തള്ളാന്‍ ആസൂത്രിത നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ (video)

മുസ്‌ലിംകളെ വിദ്യാഭ്യാസപരമായി കൂടുതല്‍ പുറന്തള്ളാന്‍ ആസൂത്രിത നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ (video)
X

മുസ്‌ലിംകളെ വിദ്യാഭ്യാസപരമായി കൂടുതല്‍ പുറന്തള്ളാന്‍ ആസൂത്രിത നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മുസ്‌ലിംകള്‍ക്കുള്ള വിദ്യാഭ്യാസ പദ്ധതികള്‍ക്കുള്ള വിഹിതം പൂര്‍ണമായും വെട്ടിക്കുറച്ചതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. മദ്‌റസകള്‍ക്കും വഖ്ഫ് പദ്ധതികള്‍ക്കുമുള്ള ബജറ്റ് വിഹിതവും ചെലവുകളും സംബന്ധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍

മദ്‌റസകളിലും ന്യൂനപക്ഷ സ്ഥാപനങ്ങളിലും വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പദ്ധതിക്കുള്ള (എസ്പിഇഎംഎം) വിഹിതം 2021-22ലെ 174 കോടി രൂപയില്‍നിന്ന് 2024-25 ല്‍ 0.01 കോടിയായി കുറഞ്ഞുവെന്ന് കേന്ദ്രം വെളിപ്പെടുത്തി. 2021-22 ഒഴികെ, അനുവദിച്ച ഫണ്ടുകള്‍ വിനിയോഗിക്കപ്പെടാതെ കിടക്കുകയായിരുന്നു.

''ന്യൂനപക്ഷകാര്യ മന്ത്രാലയം സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ വഴി ഖൗമി വഖ്ഫ് ബോര്‍ഡ് തരഖിയാത്തി സ്‌കീം (ക്യുഡബ്ല്യുബിടിഎസ്), ഷഹാരി വഖ്ഫ് സമ്പത്തി വികാസ് യോജന (എസ്ഡബ്ല്യുഎസ്‌വിവൈ) എന്നീ രണ്ട് വഖ്ഫ് പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ പൂര്‍ണമായി രൂപീകരിക്കാത്തതിനാല്‍ ചെലവ് കുറവാണ്.''-കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

കിരണ്‍ റിജിജു

മാത്രമല്ല, 2021ല്‍ എസ്പിഇഎംഎം പദ്ധതിയെ വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലേക്ക് മാറ്റി. ''2021-22 വരെ മാത്രമേ പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നുള്ളൂ എന്നതിനാല്‍, ന്യൂനപക്ഷകാര്യ മന്ത്രാലയം 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കിയത്.''-റിജിജു പറഞ്ഞു. 2021-22ല്‍ എസ്പിഇഎംഎം വിഹിതം 174 കോടി രൂപയായിരുന്നു, അതില്‍ 161.53 കോടി രൂപ ചെലവഴിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, വിഹിതം 2022-23ല്‍ 30 കോടി രൂപയായും 2023-24ല്‍ അഞ്ച് കോടി രൂപയായും 2024-25ല്‍ 0.01 കോടിയായും കുറഞ്ഞു. അതേസമയം ചെലവ് 2022-23ല്‍ 0.08 കോടി രൂപയായി കുറഞ്ഞ് 2024-25ല്‍ പൂജ്യമായി.

അതുപോലെ, ക്യുഡബ്ല്യുബിടിഎസിനുള്ള വിഹിതം 2021-22ല്‍ 10 കോടിയില്‍നിന്ന് 2024-25 ല്‍ 3.06 കോടിയായി കുറഞ്ഞു. അതില്‍ 2021-22ല്‍ 6.72 കോടിയും 2024-25ല്‍ 0.06 കോടിയും മാത്രമേ ചെലവഴിച്ചുള്ളൂ. എസ്ഡബ്ല്യുഎസ്‌വിവൈക്ക് 2021നും 2025നും ഇടയില്‍ വിഹിതം തന്നെ രണ്ടു മുതല്‍ അഞ്ചു കോടി വരെയായിരുന്നു, അതേസമയം ചെലവ് 2021-22ല്‍ ഒരു കോടിയില്‍നിന്ന് 2024-25ല്‍ പൂജ്യമായി.

എസ്പിഇഎംഎം പദ്ധതി

മുസ്‌ലിംകള്‍ക്കുള്ള വിദ്യാഭ്യാസ പദ്ധതികളില്‍ കൂടുതല്‍ ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തി പുനക്രമീകരിക്കാനെന്ന പേരില്‍ 2014-15ലാണ് മോദി സര്‍ക്കാര്‍ എസ്പിഇഎംഎം പദ്ധതി ആരംഭിക്കുന്നത്. മദ്‌റസകള്‍ പ്രധാനമായും മതപരമായ വിദ്യാഭ്യാസമാണ് നല്‍കുന്നതെന്നതിനാല്‍

കുട്ടികളെ ആധുനിക വിഷയങ്ങള്‍ പഠിപ്പിക്കണം, അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം, സര്‍ക്കാര്‍ നടത്തുന്ന മദ്‌റസ ബോര്‍ഡുകള്‍ ശക്തിപ്പെടുത്തണം, ന്യൂനപക്ഷ സ്ഥാപനങ്ങളിലെ സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണം, വിദ്യാഭ്യാസ പരിപാടികളെക്കുറിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ അവബോധം വളര്‍ത്തണം തുടങ്ങിയവയെല്ലാമാണ് പദ്ധതിയുടെ ലക്ഷ്യങ്ങളായി പറഞ്ഞിരുന്നത്.

എസ്പിഇഎംഎമ്മിനുള്ള ഫണ്ടിങ് രീതി മറ്റ് കേന്ദ്ര പദ്ധതികള്‍ക്ക് സമാനമായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ 90 ശതമാനം കേന്ദ്രവും ബാക്കി സംസ്ഥാനങ്ങളും വഹിക്കണം. നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങളില്‍ 100 ശതമാനവും കേന്ദ്രം വഹിക്കും. മറ്റു സംസ്ഥാനങ്ങളില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണം.

ഏതെങ്കിലും അംഗീകൃത സ്‌കൂള്‍ വിദ്യഭ്യാസ ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും UDISE കോഡ് (Unified Ditsrict Information System for Education) ഉള്ളതും ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (GIS) മാപ്പ് ചെയ്തതുമായ മദ്‌റസകള്‍ സാമ്പത്തിക സഹായത്തിന് അര്‍ഹരായിരുന്നു.

ആധുനിക വിഷയങ്ങള്‍ പഠിക്കുന്ന ബിരുദധാരികളായ അധ്യാപകര്‍ക്ക് പ്രതിമാസം 6,000 വരെയും ബിരുദാനന്തര ബിരുദധാരികള്‍ക്ക് പ്രതിമാസം 12,000 വരെയും ശമ്പളം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. സമഗ്ര ശിക്ഷയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് പരിശീലനം, അധ്യാപനം, വിലയിരുത്തല്‍, പഠന ഫലങ്ങളുടെ മെച്ചപ്പെടുത്തല്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു. പരിപാടിയുടെ ഭരണം, മേല്‍നോട്ടം, നിരീക്ഷണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി മദ്‌റസ ബോര്‍ഡുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ലഭിക്കുമെന്നും വാഗ്ദാനമുണ്ടായി.എസ്പിഇഎംഎമ്മിനുള്ള വിഹിതം 2014-15ല്‍ 194 കോടിയില്‍ ആരംഭിച്ചു. 2016-17ലും 2017-18ലും 120 കോടിയില്‍ സ്ഥിരമായി തുടര്‍ന്നു. എന്നാല്‍ 2024-25ല്‍ അത് പൂജ്യമായി.

മുസ്‌ലിംകളിലെ സാക്ഷരതാ നിരക്ക്

മുസ്‌ലിംകള്‍ക്കിടയിലെ സാക്ഷരതാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ താഴെയായിരിക്കുമ്പോഴാണ് മുസ്‌ലിം വിദ്യഭ്യാസപദ്ധതികള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ചിരിക്കുന്നത്. മുസ്‌ലിംകളിലെ ഏഴ് വയസ്സിന് മുകളില്‍ പ്രായമുള്ളവരിലെ സാക്ഷരതാ നിരക്ക് 79.5 ശതമാനം ആണെന്നാണ് 2025 മാര്‍ച്ച് 10ന് ന്യൂനപക്ഷ കാര്യ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചിരുന്നത്. അതേസമയം, രാജ്യത്തെ എല്ലാ മതവിഭാഗങ്ങളുടെയും ശരാശരി 80.9 ശതമാനമാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രത്തിന് എന്തെങ്കിലും പദ്ധതികളുണ്ടോ എന്ന് ചോദിച്ചപ്പോള്‍, വിശദാംശങ്ങളിലേക്ക് കടക്കാതെ, ''ബുദ്ധമതക്കാര്‍, ക്രിസ്ത്യാനികള്‍, ജൈനന്മാര്‍, മുസ്‌ലിംകള്‍, പാര്‍സികള്‍, സിഖുകാര്‍ എന്നീ ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിനും സാമൂഹികസാമ്പത്തിക വികസനത്തിനും നയങ്ങള്‍ രൂപീകരിക്കേണ്ടത് നിര്‍ബന്ധമാണ്''എന്ന് മാത്രമാണ് മന്ത്രാലയം അറിയിച്ചത്.

വാര്‍ഷിക പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുസ്‌ലിംകള്‍ക്കിടയിലെ സാക്ഷരതാ നിരക്ക് 2019-20ലെ 75.9% ല്‍നിന്ന് 2023-24ല്‍ 79.5% ആയി നേരിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷങ്ങളില്‍, മുസ്‌ലിംകളുടെ സാക്ഷരതാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ താഴെയായിരുന്നു എന്ന കാര്യവും മനസിലാക്കണം.

2001ലെ സെന്‍സസ് പ്രകാരം ഏഴ് വയസിന് മുകളില്‍ പ്രായമുള്ള മുസ്‌ലിംകള്‍ക്കിടയിലെ സാക്ഷരതാ നിരക്ക് 59.1% ആയിരുന്നു. അതേസമയം അഖിലേന്ത്യാ സാക്ഷരതാ നിരക്ക് 64.8% ആയിരുന്നു. 2011ലെ സെന്‍സസ് റിപോര്‍ട്ട് പ്രകാരം മുസ്‌ലിംകള്‍ക്കിടയിലെ സാക്ഷരതാ നിരക്ക് 68.5 ശതമാനം ആയി. അഖിലേന്ത്യാ സാക്ഷരതാ നിരക്ക് 73 ശതമാനമായിരുന്നു.

2020-21ലെ ആള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എഡ്യൂക്കേഷന്‍ (AISHE) സര്‍വേ പ്രകാരം ഉന്നത വിദ്യഭ്യാസ പ്രവേശനത്തില്‍ മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യം എട്ട് ശതമാനം കുറഞ്ഞു. AISHE സര്‍വേ പ്രകാരം ഉന്നത വിദ്യാഭ്യാസത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് താഴെയാണ് മുസ്‌ലിംകള്‍. 2020ല്‍ 1,79,000 പ്രവേശനം കുറഞ്ഞു. കൊവിഡ് മഹാമാരി, സമുദായത്തിന്റെ സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവയാണ് ഈ കുറവിന് കാരണമായി പറയുന്നത്.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷനിലെ പ്രഫസറായിരുന്ന അരുണ്‍ സി മേത്ത, 'ഇന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസത്തിന്റെ അവസ്ഥ' എന്ന പേരില്‍ ഒരു റിപോര്‍ട്ട് തയ്യാറാക്കിയിരുന്നു. പെണ്‍കുട്ടികളുടെ പ്രവേശനം 2016-17ല്‍ 4.8 ശതമാനവും 2019-20ല്‍ 5.33 ശതമാനവും വര്‍ധിച്ചുവെന്നാണ് റിപോര്‍ട്ട് പറയുന്നത്. എന്നാല്‍, 2020-21ല്‍ ഇത് 4.5 ശതമാനമായി കുറഞ്ഞു.

ആറാം ക്ലാസ് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ പ്രവേശനം ക്രമേണ കുറയുന്നുവെന്നാണ് റിപോര്‍ട്ട് പറയുന്നത്. ബീഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ പ്രവേശന അനുപാതം വളരെ കുറവാണ്. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് അസമില്‍ 29.52 ശതമാനവും പശ്ചിമ ബംഗാളില്‍ 23.22 ശതമാനവുമാണ്. സെക്കന്‍ഡറി തലത്തില്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് 18.64 ശതമാനമാണ്. ദേശീയനിരക്ക് 12.6 ശതമാനമാണ്.

ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചില ശുപാര്‍ശകളും റിപോര്‍ട്ടിലുണ്ട്. സ്‌കൂള്‍ വിട്ട കുട്ടികളെ പ്രായത്തിനനുസരിച്ചുള്ള ക്ലാസുകളില്‍ ഉള്‍പ്പെടുത്തുക, മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, സ്‌കോളര്‍ഷിപ്പുകളുടെയും ഗ്രാന്റുകളുടെയും എണ്ണം വര്‍ധിപ്പിക്കുക, സമുദായത്തിനായി സംവരണം ചെയ്ത സീറ്റുകളുടെയും എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ശുപാര്‍ശകള്‍.

മദ്‌റസകള്‍ക്കെതിരായ ആക്രമണം

മുസ്‌ലിംകള്‍ക്ക് വിദ്യഭ്യാസ മേഖലയില്‍ പലതരത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുമ്പോള്‍ തന്നെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മദ്‌റസകളെ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുകയാണ്.

മദ്‌റസ വിദ്യഭ്യാസവുമായി ബന്ധപ്പെട്ട 1995ലും 2018ലും പാസാക്കിയ രണ്ടുനിയമങ്ങളാണ് അസമിലെ ബിജെപി സര്‍ക്കാര്‍ 2021ല്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്‌റസകള്‍ അടച്ചുപൂട്ടാന്‍ ഇത് കാരണമായി. ഈ മദ്‌റസകളെ സംസ്ഥാന പ്രാഥമിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ മേല്‍നോട്ടത്തില്‍ ജനറല്‍ സ്‌കൂളുകളാക്കി മാറ്റി. പിന്നീട് 2023ല്‍ ഇവയെ 'മിഡില്‍ ഇംഗ്ലീഷ്' സ്‌കൂളുകളായി പുനര്‍നാമകരണം ചെയ്തു.

രാജ്യത്ത് ഏറ്റവുമധികം മുസ്‌ലിംകളുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരും 2004 ലെ ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് മദ്‌റസ വിദ്യാഭ്യാസ നിയമം ഭേദഗതി ചെയ്യാന്‍ പദ്ധതിയിടുകയാണ്. 2024 നവംബര്‍ 5ന് സുപ്രിംകോടതി ഈ നിയമത്തിന്റെ ഭരണഘടനാ സാധുത ശരിവച്ചിരുന്നു. മദ്‌റസ നിയമം, ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളെ ലംഘിക്കുന്നില്ലെന്നും വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതിന്റെ പേരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ഉള്ള അവകാശം നിഷേധിക്കരുതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. ഈ വിധി മറികടക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമഭേദഗതിക്ക് തയ്യാറെടുക്കുന്നത്.

ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരും മദ്‌റസകള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ നൂറോളം മദ്‌റസകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരിക്കുകയാണ്.

ഈ മദ്‌റസകള്‍ സംസ്ഥാന മദ്‌റസാ ബോര്‍ഡിലോ വിദ്യഭ്യാസ ബോര്‍ഡിലോ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ആരോപണം. എന്നാല്‍, ഇവയെല്ലാം സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബ്രിട്ടിഷുകാരുടെ കാലത്ത്, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും ഉത്തരാഖണ്ഡ് രൂപീകരിക്കുന്നതിനും മുമ്പ്, 1866ല്‍ സ്ഥാപിച്ച ദാറുല്‍ ഉലൂം ദയൂബന്ദിന്റെയും 1898ല്‍ സ്ഥാപിച്ച ലഖ്‌നോവിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയുടെയും കരിക്കുലമാണ് അവിടെയെല്ലാം പഠിപ്പിച്ചിരുന്നത്. അതേസമയം, സംസ്ഥാന വഖ്ഫ് ബോര്‍ഡിന് കീഴിലുള്ള മദ്‌റസകളില്‍ ഹിന്ദു ദൈവങ്ങളായ രാമന്റെയും കൃഷ്ണന്റെയും കഥകള്‍ പഠിപ്പിക്കാനും നിര്‍ദേശം ഇറങ്ങി.

കുട്ടികള്‍ക്ക് ''ശരിയായ വിദ്യാഭ്യാസം'' നല്‍കാന്‍ മദ്‌റസകള്‍ അനുയോജ്യമോ യോഗ്യമോ അല്ലെന്നാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (NCPCR) സുപ്രിംകോടതിയെ അറിയിച്ചിരിക്കുന്നത്. മദ്‌റസകളിലെ പാഠപുസ്തകങ്ങള്‍ 'ഇസ്‌ലാമിന്റെ മേധാവിത്വം പ്രഖ്യാപിക്കുന്നു' എന്നാണ് പറയുന്നത്. ബിഹാര്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മദ്‌റസകളില്‍ മറ്റ് മതങ്ങളില്‍നിന്നുള്ള കുട്ടികളും പഠിക്കുന്നുണ്ടെന്ന് NCPCR പറയുന്നു. ഇത് നിര്‍ബന്ധിച്ചുള്ള മതംപഠിപ്പിക്കലാണെന്നാണ് ആരോപണം. മദ്‌റസകള്‍ക്കെതിരേ നിരവധി ഗുരുതരമായ വ്യാജ ആരോപണങ്ങളും അവര്‍ ഉന്നയിക്കുന്നുണ്ട്.

വഖ്ഫ് സ്വത്തുക്കളുടെ മേല്‍ കേന്ദ്രത്തിന്റെ നിയന്ത്രണ അധികാരം വര്‍ധിപ്പിക്കാനും വഖ്ഫ് ബോര്‍ഡുകളില്‍ മുസ്‌ലിംകള്‍ അല്ലാത്ത അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ അനുവദിക്കുകയും ചെയ്യുന്ന വഖ്ഫ് (ഭേദഗതി) ബില്ല്, 2024 പാസാക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറെടുത്തിരിക്കുകയാണ്. മത ട്രസ്റ്റുകളും ചാരിറ്റബിള്‍ ട്രസ്റ്റുകളും ധനസഹായം നല്‍കുന്ന ബോര്‍ഡുകളാണ് രാജ്യത്തെ മദ്‌റസകളില്‍ ഭൂരിഭാഗവും നടത്തുന്നത്. വഖ്ഫ് ബോര്‍ഡുകളുടെ ഉടമസ്ഥതയിലുള്ള നിരവധി വഖ്ഫ് സ്വത്തുക്കളിലും മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ അവ ഇസ്‌ലാമിക ട്രസ്റ്റുകളുടെ നിയന്ത്രണത്തില്‍ നിന്നും മാറി കേന്ദ്രസര്‍ക്കാരിന് കീഴിലാവും.

പൗരത്വ നിയമഭേദഗതി, ഏക സിവില്‍ കോഡ്, ആരാധനാലയങ്ങള്‍ പിടിച്ചെടുക്കല്‍, ആരാധന തടയല്‍, മുസ് ലിം പ്രതീകങ്ങളെ തകര്‍ക്കല്‍, സ്ഥലങ്ങളുടെ പേരുമാറ്റം, മതപരിവര്‍ത്തന നിരോധന നിയമം, ബുള്‍ഡോസര്‍ രാജ് തുടങ്ങി നിരവധിയായ നടപടികളിലൂടെ വേട്ടയാടപ്പെടുന്ന മുസ്‌ലിംകളുടെ സ്ഥിതി കൂടുതല്‍ മോശമാവാന്‍ ഇത് കാരണമാവും. അത് തന്നെയാണ് അവര്‍ ഉദ്ദേശിക്കുന്നതും.



Next Story

RELATED STORIES

Share it