Big stories

യുഎപിഎ, എന്‍ഐഎ ദുരുപയോഗം; ചെന്നൈയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിഷേധകോട്ട തീര്‍ത്ത് വന്‍ ജനാവലി

യുഎപിഎ, എന്‍ഐഎ ദുരുപയോഗം; ചെന്നൈയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിഷേധകോട്ട തീര്‍ത്ത് വന്‍ ജനാവലി
X

ചെന്നൈ: യുഎപിഎയുടെ നഗ്നമായ ദുരുപയോഗത്തിനും ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്ന എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരേ ചെന്നൈയില്‍ വമ്പിച്ച ജനകീയ പ്രതിഷേധം. മണിതനേയ മക്കള്‍ കച്ചിയുടെ ആഭിമുഖ്യത്തില്‍ ചെന്നൈയിലും മധുരയിലും നടന്ന പ്രതിഷേധ പരിപാടിയില്‍ ആയിരക്കണക്കിനാളുകളാണ് അണിനിരന്നത്. ബിജെപി സര്‍ക്കാരുകളുടെ അനീതിക്കെതിരെയും അടിച്ചമര്‍ത്തലിനെതിരെയുമുള്ള ശക്തമായ താക്കീതായിരുന്നു പ്രതിഷേധം.


സിപിഎം, സിപിഐ, എംഡിഎംകെ, തമിഴഗ വാഴുരിമൈ, വിടുതലൈ ചിരുതൈകള്‍ കച്ചി, കോണ്‍ഗ്രസ്, പീപ്പിള്‍സ് വാച്ച്, വിസികെ തുടങ്ങിയ രാഷ്ട്രീയപ്പാര്‍ട്ടികളും ഐക്യദാര്‍ഢ്യവുമായി പങ്കെടുത്തു. പരിപാടിയിലെ സ്ത്രീകളുടെ വലിയ സാന്നിധ്യം ശ്രദ്ധേയമായി. ന്യൂനപക്ഷങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ തകര്‍ക്കുകയും തിരഞ്ഞെടുക്കപ്പെട്ട ഡിഎംകെ സര്‍ക്കാരിന്റെ ഭരണത്തില്‍ സമാന്തര ഭരണം സൃഷ്ടിക്കാന്‍ ഭരണഘടനാ വിരുദ്ധമായി ഇടപെടല്‍ നടത്തുന്ന ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരേയും പ്രതിഷേധമുയര്‍ന്നു.


ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട ഡിഎംകെ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ച സാമൂഹിക നീതിയായ ദ്രാവിഡ മാതൃകാ ഭരണത്തെ സമാന്തര ആര്യ മാതൃകാ ഭരണം പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ തമിഴ്‌നാട് ഗവര്‍ണര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു. സംസ്ഥാന നിയമസഭ പാസാക്കിയ നിരവധി നിയമനിര്‍മാണങ്ങള്‍ക്ക് വളരെക്കാലമായി അദ്ദേഹത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. രണ്ട് പതിറ്റാണ്ടിലേറെയായി ജയില്‍വാസം പൂര്‍ത്തിയാക്കിയ തടവുകാരെ മോചിപ്പിക്കുന്നതിന് ഗവര്‍ണറാണ് തടസ്സമായി പ്രവര്‍ത്തിക്കുന്നതെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. പ്രകടനത്തിന് പോലിസ് അനുമതി നല്‍കിയിരുന്നില്ല.


എന്നാല്‍, പ്രതിസന്ധികളെ അതിജീവിച്ച് ആയിരങ്ങളാണ് പ്രതിഷേധ പരിപാടിയില്‍ പങ്കാളികളായത്. ചെന്നൈയിലെ പ്രതിഷേധം മണിതനേയ മക്കള്‍ കച്ചി അധ്യക്ഷനും എംഎല്‍എയുമായ പ്രഫ.എം എച്ച് ജവാഹിറുല്ല നേതൃത്വം നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശന്‍, വിടുതലൈ ചിരുതൈകള്‍ കച്ചി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ് എസ് ബാലാജി എംഎല്‍എ, തമിഴഗ വാഴുരിമൈ കച്ചി പ്രസിഡന്റ് ടി വേല്‍മുരുകന്‍ എംഎല്‍എ, പ്രഫ. ശുഭ വീരപാണ്ഡ്യന്‍ എന്നിവര്‍ സംസാരിച്ചു.


മധുരയില്‍ നടന്ന സമരത്തിന് മണിതനേയ മക്കള്‍ കച്ചി ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ സമദ് എംഎല്‍എ നേതൃത്വം നല്‍കി. കോണ്‍ഗ്രസിലെ മാണിക്യം ടാഗോര്‍ എംപി, സിപിഎം എംപി സു വെങ്കിടേശന്‍, സിപിഐ എംപി കെ സുബ്ബരായന്‍, എംഡിഎംകെയിലെ എം പൂമിനാഥന്‍ എംഎല്‍എ, വിസികെയിലെ കണിയാമുത്തന്‍, പീപ്പിള്‍സ് വാച്ചിലെ ഹെന്റി ടിഫാഗ്‌നെ എന്നിവര്‍ സംസാരിച്ചു.


യുഎപിഎ നിയമം ഏതെങ്കിലും ജനാധിപത്യ രാഷ്ട്രത്തിന്റെ നിയമപുസ്തകങ്ങളില്‍ നിയമമായി ഉള്‍പ്പെടുത്താന്‍ യോഗ്യമല്ലെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തല്‍ അഭിപ്രായപ്പെട്ടു. നമ്മുടെ ഭരണഘടന ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ് ഉറപ്പുനല്‍കുന്നത്. അതില്‍ പൗരന്‍മാര്‍ക്ക് അവരുടെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാനും ആളുകളെ സേവിക്കാനും അസോസിയേഷനുകള്‍ രൂപീകരിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നുണ്ട്. ഭരണഘടനയുടെ ഈ മതേതര ജനാധിപത്യ ആശയങ്ങളെ ചവിട്ടിമെതിക്കാന്‍ യുഎപിഎ നിയമം ഉപയോഗിച്ച് ആദിവാസികള്‍ക്കും മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കെതിരേ എന്‍ഐഎ റെയ്ഡ് നടത്തുകയും നിരോധിക്കുകയും ചെയ്യുന്നു.

യുഎപിഎ നിയമം സ്വാഭാവിക നീതിയുടെ എല്ലാ മൂല്യങ്ങളെയും മറികടക്കുന്ന ക്രൂരമായ നിയമമാണ്. അറസ്റ്റിലായ വ്യക്തി ചെയ്ത കുറ്റമെന്താണെന്ന് പോലിസാണ് തെളിയിക്കേണ്ടതെന്നാണ് നിലവിലെ നിയമം. എന്നാല്‍, യുഎപിഎയില്‍ അസാധാരണമായ സവിശേഷതയാണ്. തടവിലാക്കപ്പെട്ട വ്യക്തി തന്റെ നിരപരാധിത്വം തെളിയിക്കണമെന്നത് ലോകത്ത് ഒരിടത്തും കാണാത്ത ഒരു സ്ഥിതിവിശേഷമാണ്. അതിനാല്‍, യുഎപിഎ അന്യായവും വിചിത്രവുമായ പ്രവൃത്തിയായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സര്‍ക്കാരിന് അനഭിമതരായ നിരവധി മുസ്‌ലിംകള്‍, ആദിവാസികള്‍, ദലിതര്‍, ബുദ്ധിജീവികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ട്രേഡ് യൂനിയനിസ്റ്റുകള്‍, അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെ ഭീകരവാദ നിയന്ത്രണത്തിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കുകയും തടവിലിടുകയും കൂടുതല്‍ കാലം ജാമ്യം നിഷേധിച്ച് പീഡിപ്പിക്കുകയും ചെയ്യുന്നു.

അവര്‍ക്കെതിരേ യുഎപിഎയും ചുമത്തുന്നു- പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഭീകരവാദ കേസുകള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായ എന്‍ഐഎ, മിശ്രമത- ജാതി വിവാഹങ്ങള്‍, പശു മോഷണക്കേസുകള്‍ തുടങ്ങിയ കേസുകള്‍ അന്വേഷിക്കാനുള്ളവരായി സ്വയം അധപ്പതിച്ചിരിക്കുകയാണെന്ന് പ്രതിഷേധ പരിപാടിയില്‍ സംസാരിച്ചവര്‍ കുറ്റപ്പെടുത്തി.

രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ബിജെപി ഭരണത്തിന് കീഴില്‍ ഏറ്റവും എന്‍ഐഎയുടെ വേട്ടയ്ക്ക് ഇരയായിട്ടുള്ളത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എന്‍ഐഎ സ്ഥാപിതമായ ആറ് വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 16 കേസുകള്‍ മാത്രമാണ് അന്വേഷിച്ചിരുന്നത്.

സംസ്ഥാന പോലിസ് അന്വേഷിക്കേണ്ട പല ചെറിയ കേസുകളും സംഘപരിവാര്‍ ഭരണകൂടത്തെ തൃപ്തിപ്പെടുത്താന്‍ എന്‍ഐഎ ഏറ്റെടുക്കുകയാണ്. 2019ല്‍ എന്‍ഐഎ നിയമത്തില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ പോലിസ് വകുപ്പിന്റെ ഭരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫെഡറല്‍ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതായിരുന്നുവെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it