Big stories

ക്രിസ്ത്യാനികളെ 'ജയ്ശ്രീറാം' വിളിപ്പിച്ച് വിഎച്ച്പി ആക്രമണം; പിന്നാലെ 'ലൗ ജിഹാദ്' നിയമപ്രകാരം കേസും

ക്രിസ്ത്യാനികളെ ജയ്ശ്രീറാം വിളിപ്പിച്ച് വിഎച്ച്പി ആക്രമണം;  പിന്നാലെ ലൗ ജിഹാദ് നിയമപ്രകാരം കേസും
X

ന്യൂഡല്‍ഹി: പ്രാര്‍ഥനയ്‌ക്കെത്തിയ പാതിരി ഉള്‍പ്പെടെയുള്ള ക്രിസ്തുമത വിശ്വാസികളെ 'ജയ് ശ്രീറാം' വിളിപ്പിച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇതിനുപിന്നാലെ പോലിസിനെ വിളിച്ചുവരുത്തി 'ലൗ ജിഹാദ്' നിയമത്തിലെ മതം മാറ്റ നിരോധന നിയമപ്രകാരം കേസെടുപ്പിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലെ കാന്‍ഷിറാം കോളനിയില്‍ ഞായറാഴ്ചയാണ് സംഭവം. 'സ്വര്‍ഗ് കാ ശുബ് സമാചാര്‍' എന്ന ക്രിസ്ത്യന്‍ സംഘടന സംഘടിപ്പിച്ച പ്രാര്‍ഥനാ യോഗത്തിനു നേരെയാണ് വിഎച്ച്പി പ്രാദേശിക നേതാവ് രാജേഷ് അവസ്തിയും സംഘവും ആക്രമിച്ച ശേഷം പോലിസിനു കൈമാറിയത്. വാഗ്ദാനം നല്‍കി മതപരിവര്‍ത്തനം നടത്തുകയാണെന്നാണ് വിഎച്ച്പി നേതാവിന്റെ ആരോപണം. പ്രാര്‍ഥനയ്‌ക്കെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികളെ ലാത്തി കൊണ്ടടിച്ച് തെരുവിലൂടെ വലിച്ചിഴച്ചെന്നും ആക്രമണത്തില്‍ നേഹ എന്ന സ്ത്രീക്കും നൈന എന്ന 14കാരിക്കും പരിക്കേല്‍ക്കുകയും ചെയ്തു. 'ജയ് ശ്രീറാം' എന്ന് വിളിക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി സംഘം യേശുക്രിസ്തുവിനെ നിന്ദിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതിനു ശേഷം ബജ്‌റംഗ്ദള്‍ സിറ്റി കണ്‍വീനര്‍ രാം ലഖന്‍ വര്‍മയുടെ പരാതിയിലാണ് പോലിസ് വിവാദ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. 15ഓളം പേര്‍ നടത്തുന്ന പ്രാര്‍ഥനാ സംഗമം മതം മാറ്റത്തിനു വേണ്ടിയാണെന്ന വര്‍മയുടെ പരാതിയില്‍ തമിഴ്‌നാട് സ്വദേശിയായ പാസ്റ്റര്‍ ഡേവിഡ്, കന്യാകുമാരിയില്‍ നിന്നെത്തിയ ജഗന്‍, ഇവര്‍ തമാസിച്ച കെട്ടിട ഉടമകള്‍ തുടങ്ങി അഞ്ചു പേര്‍ക്കെതിരേയാണ് കേസെടുത്തത്. എന്നാല്‍, മതംമാറ്റ ആരോപണം ഡേവിഡ് തള്ളി. സ്വന്തം ഇഷ്ടപ്രകാരം പ്രാര്‍ഥനയ്‌ക്കെത്തിയവരെയാണ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സമുദായംംഗങ്ങള്‍ ഷാജഹാന്‍പൂര്‍ ജില്ലാ പോലിസ് മേധാവി എസ് ആനന്ദിനു പരാതി നല്‍കി. പോലിസ് അന്വേഷിക്കുകയാണെന്നും വസ്തുതകളെ അടിസ്ഥാനമാക്കി നടപടിയെടുക്കുമെന്നും എസ്പി ആനന്ദ് പറഞ്ഞു. ക്രിസ്ത്യന്‍ സമൂഹം നല്‍കിയ പരാതിയും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'ലൗ ജിഹാദ്' നിയമപ്രകാരം മുസ് ലിംകള്‍ക്കെതിരേ രണ്ടു കേസ് ഉള്‍പ്പെടെ മൂന്നു കേസുകള്‍ ജില്ലയില്‍ റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രാര്‍ത്ഥന യോഗങ്ങളെക്കുറിച്ച് അന്വേഷണം നടത്താനും മതപരിവര്‍ത്തനം നടത്തുന്നതായി കണ്ടെത്തിയാല്‍ കര്‍ശനമായി നേരിടണമെന്നും പോലിസ് സ്‌റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Christians forced and attacked to chant jai sriram and booked anti convertion law

Next Story

RELATED STORIES

Share it