Big stories

പൗരത്വ കേസ്, വഖ്ഫ് ബോര്‍ഡ്, 80:20 വിധി.. ജലരേഖയായി പിണറായിയുടെ ഉറപ്പുകള്‍..!

പൗരത്വ കേസ്, വഖ്ഫ് ബോര്‍ഡ്, 80:20 വിധി.. ജലരേഖയായി പിണറായിയുടെ ഉറപ്പുകള്‍..!
X

പി സി അബ്ദുല്ല

കോഴിക്കോട്: മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളില്‍ ഒളിച്ചുകളി തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സര്‍ക്കാരും. പൗരത്വ വിവേചനത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി. വഖ്ഫ് ബോര്‍ഡ് നിയമന വിവാദം കൂടിയാലോചനയിലൂടെ പരിഹരിക്കുമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പും ജലരേഖയായി. മുസ്‌ലിംകള്‍ക്ക് മാത്രമായി ആവിഷ്‌കരിക്കപ്പെട്ട സച്ചാര്‍ ക്ഷേമ പദ്ധതികള്‍ കോടതി വിധിയിലൂടെ അട്ടിമറിക്കപ്പെട്ടതിന് ബദല്‍ സാധ്യതകള്‍ കണ്ടെത്തുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും നടപ്പായില്ല.

വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ നടപടി മുസ്‌ലിം സമുദായത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതെത്തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 20ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ വഖ്ഫ് നിയമനങ്ങള്‍ കൂടിയാലോചനയിലൂടെ പരിഹരിക്കുമെന്ന് മുസ്‌ലിം നേതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കി. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയൊന്നുമില്ല. നിയമനം പിഎസ്എസിക്ക് വിട്ടതോടെ വഖ്ഫ് വരുമാനം മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ മുസ്‌ലിംകളല്ലാത്തവര്‍ നിയമിതരാവുമെന്നാണ് മുസ്‌ലിം സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. ഇത്തരം ആശങ്കകള്‍ ശരിവയ്ക്കും വിധം വഖ്ഫ് ബോര്‍ഡ് സിഇഒയുടെ ഓഫിസില്‍ അമുസ്‌ലിം ജീവനക്കാരനെ ഇതിനിടയില്‍ നിയമിക്കുകയും ചെയ്തു.

സച്ചാര്‍-പാലൊളി ശുപാര്‍ശ പ്രകാരമുള്ള ക്ഷേമപദ്ധതികള്‍ 80:20 കോടതി വിധിയോടെയാണ് പൂര്‍ണമായും അട്ടിമറിഞ്ഞത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിംകളുടെ ഉന്നമനത്തിന് ഭരണഘടനാപരമായി പ്രത്യേകം ആവിഷ്‌കരിച്ചതാണ് പദ്ധതിയെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരിനു സംഭവിച്ച ഗുരുതരവീഴ്ചയാണ് ഹൈക്കോടതിയുടെ 80:20 അനുപാതം റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍ കലാശിച്ചത്. ഇതോടെ സ്‌കോളര്‍ഷിപ്പടക്കമുള്ള പദ്ധതികളും ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്റെ ആനുകൂല്യങ്ങളും മുസ്‌ലിം സമുദായത്തിന് ഗണമായ തോതില്‍ നഷ്ടമായി.

ക്രൈസ്തവ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ന്യൂനപക്ഷ വകുപ്പ് വി അബ്ദുറഹ്മാനില്‍ നിന്ന് മുഖ്യമന്ത്രി ഏറ്റെടുത്തു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ ചരിത്രത്തിലാദ്യമായി ചെയര്‍മാന്‍, എംഡി പദവികളില്‍ നിന്നും മറ്റ് സുപ്രധാന തസ്തികകളില്‍ നിന്നും മുസ്‌ലിംകള്‍ പുറന്തള്ളപ്പെട്ടു. ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ സംവരണ അട്ടിമറിക്ക് പിന്നാലെയാണ് സച്ചാര്‍ പദ്ധതി പ്രകാരമുള്ള പ്രത്യേക പദ്ധതികളും സമുദായത്തിന് നിഷേധിക്കപ്പെട്ടത്. സച്ചാര്‍ ക്ഷേമ പദ്ധതി അട്ടിമറി സംബന്ധിച്ച് മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായി ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നാല്‍, കോടതി വിധിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തന്നെ

ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിന്റെ 80:20 എന്ന അനുപാതം സര്‍ക്കാര്‍ മാറ്റിനിശ്ചയിക്കുകയാണ് ചെയ്തത്. 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിലാണ് മാറ്റം വരുത്തിയത്. ഇതുപ്രകാരം മുസ്‌ലിംകള്‍ക്കുള്ള പദ്ധതികള്‍ 51 ശതമനത്തോളമായി കുറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാനത്ത് നടന്ന സമരങ്ങളില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചതും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നയാണ്. എന്നാല്‍, 835 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ വിരലിലെണ്ണാവുന്ന ഏതാനും കേസുകള്‍ മാത്രമാണ് പിന്‍വലിക്കപ്പെട്ടത്. സമാധാനപരമായി നടന്ന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്‍ പി ചെക്കുട്ടിയടക്കമുള്ള പ്രമുഖര്‍ പോലും നിയമനടപടികള്‍ നേരിടുകയാണ്.

Next Story

RELATED STORIES

Share it