Big stories

'വ്യാജവീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല, നിയമം നിയമത്തിന്റെ വഴിക്ക് പോവും'; ഏഷ്യാനെറ്റ് ന്യൂസിലെ എസ്എഫ്‌ഐ അതിക്രമത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി

വ്യാജവീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല, നിയമം നിയമത്തിന്റെ വഴിക്ക് പോവും; ഏഷ്യാനെറ്റ് ന്യൂസിലെ എസ്എഫ്‌ഐ അതിക്രമത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി
X

തിരുവനന്തപുരം: പ്രതിപക്ഷത്തിന് എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കാനുള്ള ഒരു കാരണം മാത്രമാണ് ഏഷ്യാനെറ്റിലെ എസ്എഫ്‌ഐ അതിക്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റ് ഓഫിസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്. ഏതെങ്കിലും തരത്തില്‍ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ പൊതുവിദ്യാലയങ്ങള്‍ മയക്കുമരുന്നിന്റെ പിടിയിലാണെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വീഡിയോ സംപ്രേഷണം ചെയ്യുകയാണുണ്ടായത്. 2022 ഓഗസ്റ്റില്‍ പ്രായപാര്‍ത്തിയാവാത്ത മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ സത്യവിരുദ്ധമാണെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജവീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തെറ്റായി ചിത്രീകരിച്ചിട്ട് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറയുന്നത് ശരിയല്ല.

ഏതെങ്കിലും തരത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിന് വിലക്കിടുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ബിബിസി റെയ്ഡുമായി ഇതിന് താരതമ്യം ഇല്ല. ബിബിസി ചെയ്തത് വര്‍ഗീയ കലാപത്തിലെ ഭരണാധികാരിയുടെ പങ്ക് തുറന്നുകാണിക്കുകയാണ്. വ്യാജ വീഡിയോ സര്‍ക്കാരിനെതിരായ വാര്‍ത്തയല്ല. പരാതി വന്നാല്‍ മാധ്യമമാണെന്ന് പറഞ്ഞ് പോലിസ് പരാതി കീറി കളയുന്നത് എങ്ങനെയാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. മാധ്യമപ്രവര്‍ത്തകരില്‍ മഹാഭൂരിഭാഗം ഇത്തരം ദുഷിപ്പുകള്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അത് അഭിമാനകരമാണ്. കുറ്റകൃത്യം ചെയ്താല്‍ മാധ്യമപ്രവര്‍ത്തകരായാല്‍ നടപടി വേണ്ടെന്നല്ല നിയമം പറയുന്നത്.

മാധ്യമപ്രവര്‍ത്തകരും ജനങ്ങളും എന്ന വേര്‍തിരിവില്ല. ഈശ്വരന്‍ തെറ്റുചെയ്താലും താന്‍ റിപോര്‍ട്ട് ചെയ്യുമെന്ന് പറഞ്ഞത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. പെണ്‍കുട്ടികളെ ഉപയോഗിച്ച് വ്യാജവാര്‍ത്ത സൃഷ്ടിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും സ്വദേശാഭിമാനി പോലും കരുതിയിട്ടുണ്ടാവില്ല. വ്യാജ വാര്‍ത്ത നിര്‍മിക്കുന്നവര്‍ക്ക് ആ പേര് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യം എന്നത് അസത്യം അറിയിക്കാനുള്ള സ്വാതന്ത്ര്യം അല്ല. എതിരഭിപ്രായം രേഖപ്പെടുത്തുന്ന മാധ്യമങ്ങള്‍ക്കെതിരേ ആക്രമണം നടത്തുന്നത് ഞങ്ങളുടെ രീതിയല്ല. പരാതി നല്‍കിയ ചാനലിന്റെ വീഡിയോ കണ്ടാല്‍ അക്രമം നടന്നിട്ടില്ലെന്ന് വ്യക്തമാവാം. മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയിട്ടുള്ളവരാണ് ഞങ്ങള്‍. ഇനിയും പോരാടുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുറ്റകൃത്യത്തെ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് പ്രതിപക്ഷം ന്യായീകരിക്കുകയാണ്. കുറ്റകൃത്യം നടന്നാല്‍ നിയമം അതിന്റെ വഴിക്ക് പോവും. മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷം എവിടെയോ ഇരട്ടത്താപ്പ് കാണിക്കുന്നു. പോലിസ് നോട്ടിസ് കൊടുക്കുന്നതിന് മുമ്പ് ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിക്കാറില്ല. പ്രതിപക്ഷത്തിന് എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കാന്‍ ഒരവസരം വേണം. മുഖ്യമന്ത്രി എന്ന നിലക്ക് തന്നെ പള്ളുപറയാന്‍ ഒരു അവസരം വേണം. മയക്കുമരുന്നിനെതിരെ നാടാകെ പ്രചാരണം നടത്തുന്നു.

എല്ലാ മാധ്യമങ്ങളും മയക്കുമരുന്നിനെതിരേ പ്രചാരണം നടത്തിയിട്ടുണ്ട്. അവരാരും വ്യാജ വീഡിയോ നിര്‍മിച്ചിട്ടില്ല. ഒരാള്‍ക്കും പ്രത്യേക അനുകൂല്യമോ പരിരക്ഷയും നല്‍കില്ല. വ്യാജനിര്‍മിതികളെ തടയാന്‍ നിയമങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം ഓഫിസില്‍ എസ്എഫ്‌ഐ പ്രതിഷേധ പ്രകടനം നടന്ന സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എട്ടുപേരെ അറസ്റ്റ് ചെയ്തു. തുടരന്വേഷണം നടന്നുവരികയാണ്. വ്യാജവീഡിയോ നിര്‍മാണവും അതിന്റെ സംപ്രേഷണവും മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അതില്‍പ്പെടുത്തിയിട്ട് അതിന് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് വാദിക്കുന്നത്. ഇത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ പരാതിക്ക് പിന്നില്‍ ആസൂത്രണമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മാധ്യമങ്ങള്‍ തെറ്റുചെയ്താല്‍ നടപടിയെടുക്കാനുള്ള അവകാശത്തെ വേട്ടയാടാന്‍ ഉപയോഗിക്കരുത്. മാധ്യമപ്രവര്‍ത്തകര്‍ ക്രിമിനല്‍ പ്രവര്‍ത്തനം ചെയ്താല്‍ നടപടിയെടുക്കണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

മാര്‍ച്ച് രണ്ടിനാണ് കണ്ണൂര്‍ പോലിസിന് പരാതി നല്‍കുന്നത്. മാര്‍ച്ച് മൂന്നിന് പരാതി അന്വേഷിക്കുന്നുവെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. വ്യാജവാര്‍ത്തയെന്നു പറയുന്നത് ശരിയല്ല. പ്രക്ഷേപണത്തിലെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ അവകാശമുണ്ട്. സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പരാതിയിലുള്ളത്. സര്‍ക്കാര്‍ കിട്ടിയ അവസരം മാധ്യമങ്ങളെ വേട്ടയാടാനുപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനിയുടേത് വ്യാജരേഖ ചമച്ച പാരമ്പര്യമാണ്. മോണ്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു രേഖ ഉദ്ധരിച്ച് ദേശാഭിമാനിയില്‍ ശബരിമലയെപ്പറ്റി വാര്‍ത്ത വന്നില്ലേ? മനോരമയുടെ ചീഫ് ആയിരുന്ന കെ എം മാത്യുവിന്റെ പേരില്‍ ഒരു ലെറ്റര്‍ ഹെഡ് ഉണ്ടാക്കി വ്യാജരേഖ ചമച്ച ആളുകളാണ് ദേശാഭിമാനി'. അതെല്ലാം എന്നെക്കൊണ്ടു പറയിപ്പിക്കരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Next Story

RELATED STORIES

Share it