Big stories

ബണ്ട്വാള്‍ നഗരസഭ: എസ്ഡിപിഐ പിന്തുണയില്‍ കോണ്‍ഗ്രസിന് ഭരണം, ബിജെപി പുറത്ത്

എസ്ഡിപിഐ കൗണ്‍സിലര്‍ മൂനിഷ് അലിക്ക് വൈസ് പ്രസിഡന്റ് പദവി

ബണ്ട്വാള്‍ നഗരസഭ: എസ്ഡിപിഐ പിന്തുണയില്‍ കോണ്‍ഗ്രസിന് ഭരണം, ബിജെപി പുറത്ത്
X

ബണ്ട്വാള്‍: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ നഗരസഭാ ഭരണം കോണ്‍ഗ്രസിന്. എസ് ഡിപി ഐ കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് ബിജെപിയെ ഭരണത്തില്‍നിന്ന് പുറത്താക്കിയത്. തിരഞ്ഞെടുപ്പില്‍ നഗരസഭാ പ്രസിഡന്റായി കോണ്‍ഗ്രസിലെ വാസു പൂജാരിയെയും വൈസ് പ്രസിഡന്റായി എസ്ഡിപിഐയിലെ മൂനിഷ് അലിയെയും തിരഞ്ഞെടുത്തു. ദക്ഷിണ കന്നഡ ജില്ലയിന്‍ നഗരസഭാ തലത്തില്‍ വൈസ് പ്രസിഡന്റാവുന്ന ആദ്യ എസ്ഡിപിഐ കൗണ്‍സിലര്‍ എന്ന ബഹുമതിയും മൂനിഷ് അലിക്കുണ്ട്.

കോണ്‍ഗ്രസിന്റെ വാസു പൂജാരി, ബിജെപിയുടെ എ ഗോവിന്ദ പ്രഭു, എസ്ഡിപിഐയുടെ പി ജെ മുഹമ്മദ് ഇദ്‌രീസ് എന്നിവരാണ് നഗരസഭാ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അവസാന നിമിഷം എസ് ഡിപി ഐ പ്രതിനിധി പി ജെ മുഹമ്മദ് ഇദ് രീസ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. കോണ്‍ഗ്രസുമായി നടത്തിയ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ നാല് കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണച്ചു. കോണ്‍ഗ്രസിലെ വാസു പൂജാരിക്ക് 15 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 13 വോട്ടുകളാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി 15 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി എ ഗോവിന്ദ പ്രഭുവിന് 13 വോട്ടുകളാണ് ലഭിച്ചത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപിയുടെ ഹരിപ്രസാദും എസ്ഡിപിഐയുടെ മൂനിഷ് അലിയുമാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ 11 അംഗങ്ങള്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പിന്തുണച്ചു. ഇതോടെയാണ് കോണ്‍ഗ്രസ്-എസ്ഡിപിഐ സഖ്യം ബണ്ട്വാള്‍ നഗരസഭാ ഭരണം പിടിച്ചത്. 27 അംഗ ബണ്ട്വാള്‍ നഗരസഭയില്‍ കോണ്‍ഗ്രസിന് 12 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ് അംഗം ഗംഗാധര പൂജാരി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിന്റെ അംഗബലം 11 ആയി കുറഞ്ഞു. ബിജെപിക്ക് 11 അംഗങ്ങളും പ്രാദേശിക എംഎല്‍എമാരുടെയും എംപിമാരുടെയും 13 വോട്ടുകളും ഉണ്ടായിരുന്നു. എസ്ഡിപിഐക്ക് നാല് കൗണ്‍സിലര്‍മാരാണുള്ളത്. മുഹമ്മദ് ഷെരീഫ് പ്രസിഡന്റും ജസീന്ത ഡിസൂസ വൈസ് പ്രസിഡന്റുമായി മുനിസിപ്പാലിറ്റിയുടെ ആദ്യ ടേമില്‍ എസ്ഡിപിഐ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയിരുന്നു. ഇത്തവണയും ഇതേ സഖ്യമാണ് ബിജെപിയെ അധികാരത്തിലെത്തുന്നതില്‍നിന്ന് തടഞ്ഞത്.

Next Story

RELATED STORIES

Share it