Big stories

അടിയന്തര സംരക്ഷണ നടപടിയില്ലെങ്കിൽ പശ്ചിമഘട്ടം ഇല്ലാതാകുമെന്ന് യുനസ്‌കോ

ജൈവ വൈവിധ്യത്തിന്റെ ലോകത്തിൽ ഏറ്റവും ചൂടേറിയ എട്ട് സ്ഥലങ്ങളിലൊന്നായി പശ്ചിമഘട്ട മലനിരകൾ മാറി.

അടിയന്തര സംരക്ഷണ നടപടിയില്ലെങ്കിൽ പശ്ചിമഘട്ടം ഇല്ലാതാകുമെന്ന് യുനസ്‌കോ
X

കൊച്ചി: കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളുടെ ജീവനാഡിയായ പശ്ചിമഘട്ടം അപായ മുനമ്പിലെന്ന് യുനസ്കോയുടെ പരിസ്ഥിതി റിപോർട്ട്. അടിയന്തര സംരക്ഷണ നടപടികളുണ്ടായില്ലെങ്കിൽ ജൈവ വൈവിധ്യങ്ങൾക്കൊപ്പം പശ്ചിമഘട്ടത്തെ ആശ്രയിക്കുന്ന ജനതയുടെ ജീവിതം ദുരിതപൂർണമാകുമെന്നും റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പ്രകൃതിസംരക്ഷണത്തിൽ യുനസ്കോയുടെ ഔദ്യോഗിക ഉപദേശകസമിതിയായ ഇന്റർനാഷണൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) ആണ് അവലോകന റിപോർട്ട് തയാറാക്കിയിരിക്കുന്നത്. ഇതിൽ, 'ഗൗരവതരമായ ഉത്കണ്ഠ'വേണ്ട ഇടമായാണ് പശ്ചിമഘട്ടത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽനിന്ന് ഈ പട്ടികയിലുള്ള മറ്റൊരിടം അസമിലെ മനാസ് വന്യജീവി സങ്കേതമാണ്.

ലോകത്തെ പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങളിൽ അതിപ്രാധാന്യമുള്ളതാണ് പശ്ചിമഘട്ടം. ഇതാദ്യമായാണ് പശ്ചിമഘട്ടമെന്ന അപൂർവ ജൈവവൈവിധ്യ മണ്ഡലത്തിന്റെ സംരക്ഷണത്തിൽ യുനെസ്കോ ആശങ്ക പ്രകടിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഐ‌യു‌സി‌എൻ വേൾഡ് ഹെറിറ്റേജ് ഔട്ട്‌ലുക്ക് 3 എന്ന റിപോർട്ടിൽ ലോകത്തെ 252 പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം ദീർഘകാലത്തേക്ക് പര്യാപ്തമാണോ എന്ന് കണ്ടെത്തുന്നതിന് 2014 മുതൽ റിപോർട്ടുകൾ തയാറാക്കുന്നുണ്ട്.

2020 ലെ റിപോർട്ട് അനുസരിച്ച്, ജൈവ വൈവിധ്യത്തിന്റെ ലോകത്തിൽ ഏറ്റവും ചൂടേറിയ എട്ട് സ്ഥലങ്ങളിലൊന്നായി പശ്ചിമഘട്ട മലനിരകൾ മാറി. പശ്ചിമഘട്ടത്തിൽ വളരെയധികം ജൈവവൈവിധ്യങ്ങൾ നിലനിൽക്കുന്നുവെന്നത് പശ്ചിമഘട്ടത്തിന് അകത്തും പുറത്തും വൻ ജനസംഖ്യാ സമ്മർദ്ദം കണക്കിലെടുക്കുമ്പോൾ അസാധാരണമാണ്. ലോക പൈതൃക സ്വത്തായ പശ്ചിമഘട്ടത്തിന് ധാരാളം ഭീഷണികൾ നിലവിലുണ്ട്, ഏകോപിത സംരക്ഷണം ആവശ്യമായ ഘട്ടമാണെന്ന് റിപോർട്ടിൽ പറയുന്നു.

പുതിയ റോഡ് നിർമാണം, നിലവിലുള്ള റോഡുകൾ വിശാലമാക്കുക തുടങ്ങിയ വികസനത്തിനായുള്ള നിരന്തരമായ സമ്മർദ്ദം, ഊർജ്ജ ഉൽപാദനത്തിനായുള്ള ഡാം നിർമാണം, നഗരവത്കരണം, കാർഷിക വികസനം എന്നിവ പശ്ചിമഘട്ടത്തിലെ ജീവജാലങ്ങൾക്കും ആവാസ വ്യവസ്ഥകൾക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നു. കാലാവസ്ഥാ വ്യതിയാനം ഇതിനകം സമ്മർദ്ദത്തിലായ ഒരു വ്യവസ്ഥയെ കൂടുതൽ വഷളാക്കുകയും വലിയ തോതിലുള്ള മൺസൂൺ വ്യതിയാനത്തിനും സാധ്യതയുണ്ട്. യഥാർത്ഥ വനങ്ങളിൽ 40 ശതമാനം ഇതിനകം നശിപ്പിക്കപ്പെട്ടുവെന്നും റിപോർട്ട് അടിവരയിടുന്നു.

Next Story

RELATED STORIES

Share it