Big stories

ബിജെപി കുഴൽപ്പണ കേസിലെ കോടതി രേഖകൾ പുറത്ത്; പ്രതിരോധത്തിലായി ബിജെപി

ഇരിങ്ങാലക്കുട കോടതിയിലാണ് അന്വേഷണ സംഘം റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് റിപോര്‍ട്ട്.

ബിജെപി കുഴൽപ്പണ കേസിലെ കോടതി രേഖകൾ പുറത്ത്; പ്രതിരോധത്തിലായി ബിജെപി
X

തൃശൂർ: ബിജെപി കുഴൽപ്പണ കേസിലെ കോടതി രേഖകൾ ഒന്നൊന്നായി പുറത്തുവന്നതോടെ ബിജെപി സംസ്ഥാന നേതൃത്വം കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങുന്നു. സംസ്ഥാനത്ത് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപിക്ക് വേണ്ടി കേരളത്തില്‍ എത്തിച്ച് വിതരണം ചെയ്തത് 41.4 കോടി രൂപയെന്നാണ് കോടതിയിൽ പോലിസ് സമർപ്പിച്ച റിപോര്‍ട്ടിൽ പറയുന്നത്. കൊടകരയില്‍ പിടികൂടിയ പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം സാക്ഷി ധര്‍മ്മരാജന്‍ സമര്‍പ്പിച്ച ഹരജിക്കെതിരേ അന്വേഷണ സംഘം സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇരിങ്ങാലക്കുട കോടതിയിലാണ് അന്വേഷണ സംഘം റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് റിപോര്‍ട്ട്. പണം വാങ്ങിയവരും പണം നല്‍കിയവരും തമ്മില്‍ നടന്ന ഫോണ്‍വിളികളുടെ രേഖകളും ഇവര്‍ ഒരേ ലൊക്കേഷനില്‍ വന്നതിന്റെ തെളിവുകളും അന്വേഷണ സംഘം സമര്‍പ്പിച്ച റിപോര്‍ട്ടിലുണ്ട്.

മാര്‍ച്ച് അഞ്ച് മുതല്‍ കേരളത്തില്‍ വിതരണം ചെയ്ത കള്ളപ്പണത്തിന്റെ കണക്കുകൾ

മാര്‍ച്ച് 1ന് കര്‍ണാടകയില്‍ നിന്ന് 4.4 കോടി രൂപ കൊണ്ടുവന്നു. മാര്‍ച്ച് അഞ്ച് തിരുവനന്തപുരം ബിജെപി സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് രണ്ട് കോടി കൊടുത്തു. മാര്‍ച്ച് 6ന് 4.4 കോടി രൂപ പാലക്കാട്ടേക്ക് കൊണ്ടു പോകും വഴി കവര്‍ച്ച ചെയ്യപ്പെട്ടു. മാര്‍ച്ച് എട്ടിന് ബിജെപി സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് 3.5 കോടി കൊടുത്തു. മാര്‍ച്ച് 12- തൃശ്ശൂര്‍ ബി.ജെ.പി. ജില്ലാ ട്രഷറര്‍ സുജയ് സേനന് രണ്ടു കോടി കൊടുത്തു. മാര്‍ച്ച് 13 തൃശ്ശൂര്‍ ബി.ജെ.പി. ജില്ലാ ട്രഷറര്‍ സുജയ് സേനന് 1.5 കോടി കൊടുത്തു. മാര്‍ച്ച് 14 തൃശ്ശൂര്‍ ബിജെപി ജില്ലാ ട്രഷറര്‍ സുജയ് സേനന് 1.5 കോടി കൊടുത്തു.

മാര്‍ച്ച് 16 ന് ആലുവ സോമശേഖരന് 50 ലക്ഷം കൊടുത്തു. മാര്‍ച്ച് 18 ആലപ്പുഴ അരൂര്‍ ബിജെപി ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായര്‍ക്ക് 1.1 കോടി കൊടുത്തു. മാര്‍ച്ച് 20 കര്‍ണാടകയില്‍ നിന്ന് 3.5 കോടി കൊണ്ടുവന്നു. മാര്‍ച്ച് 20 കോഴിക്കോട്ടു നിന്ന് 3.5 കോടി ശേഖരിച്ചു. 21 മാര്‍ച്ച് കണ്ണൂര്‍ ബിജെപി ഓഫീസ് സ്റ്റാഫ് ശരത്തിന് 1.4 കോടി കൊടുത്തു. 21 മാര്‍ച്ച് കാസര്‍കോട് ബിജെപി കോഴിക്കോട് മേഖലാ സെക്രട്ടറി സുരേഷിന് 1.5 കോടി കാടുത്തു.

മാര്‍ച്ച് 22 ന് ബിജെപി കോഴിക്കോട് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന് ഒരു കോടി കൊടുത്തു.മാര്‍ച്ച് 23 ആലപ്പുഴ കുത്തിയതോട്- ബിജെപി എറണാകുളം മേഖലാ സെക്രട്ടറി പദ്മകുമാറിന് 1.5 കോടി കൊടുത്തു. മാര്‍ച്ച് 25 ആലപ്പുഴ- ബിജെപി എറണാകുളം മേഖലാ സെക്രട്ടറി പദ്മകുമാറിന് ഒരു കോടി കൊടുത്തു മാര്‍ച്ച് 25 തമ്പാനൂര്‍ സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് 1.1 കോടി കൊടുത്തു. മാര്‍ച്ച് 26 കര്‍ണാടകയില്‍ നിന്ന് പാഴ്സല്‍ ലോറിയില്‍ 6.5 കോടി കൊണ്ടുവന്നു. മാര്‍ച്ച് 27 കോഴിക്കോട് ബിജെപി. കോഴിക്കോട് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന് 1.5 കോടി കൊടുത്തു.

മാര്‍ച്ച് 27 ന് തൃശ്ശൂര്‍ ബിജെപി ജില്ലാ ട്രഷറര്‍ സുജയ് സേനന് ഒരു കോടി കൊടുത്തു. മാര്‍ച്ച് 29 തമ്പാനൂര്‍ സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് 1.1 കോടി കൊടുത്തു . മാര്‍ച്ച് 31 തമ്പാനൂര്‍ സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് 1.1 കോടി കൊടുത്തു. ഏപ്രില്‍ മൂന്ന് തൃശ്ശൂര്‍ ബിജെപി ജില്ലാ ട്രഷറര്‍ സുജയ് സേനന് 6.3 കോടി കൊടുത്തു. ഏപ്രില്‍ മൂന്ന് ആലപ്പുഴ ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണ കര്‍ത്തയെന്ന കെജി കര്‍ത്തയ്ക്ക് കൊണ്ടുപോയ 3.5 കോടി കൊടകരയില്‍ കവര്‍ന്നു.

ഏപ്രില്‍ നാലിന് പത്തനംതിട്ട ബിജെപി വൈസ് പ്രസിഡന്റ് എംഎസ് അനില്‍കുമാറിന് 1.4 കോടി കൊടുത്തു. ഏപ്രില്‍ മൂന്ന് കോഴിക്കോട് പ്രശാന്ത് വഴി ബിജെപി തൃശൂര്‍ ജില്ലാ ട്രഷറര്‍ സുജയ് സേനന് 1.5 കോടി കൊടുത്തു. കൊടകരയിൽ കവർച്ച നടന്ന അന്നുതന്നെ ബിജെപി നേതൃത്വത്തിന്റെ നിർദേശപ്രകാരം വീണ്ടും കുഴൽപ്പണമെത്തിച്ചുവെന്ന്‌ അന്വേഷണ സംഘം കണ്ടെത്തി. ഏപ്രിൽ മൂന്നിനും നാലിനുമായി മൂന്നുകോടിയോളം രൂപയാണ്‌ കൊണ്ടുവന്നത്‌. ഇതിൽ 1.4 കോടി പത്തനംതിട്ടയിലും 1.5 കോടി തൃശൂരിലും ഇറക്കി. തെരഞ്ഞെടുപ്പ്‌ കൊട്ടിക്കലാശ ദിവസമായ ഏപ്രിൽ നാലിനാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ മൽസരിച്ച പത്തനംതിട്ടയിൽ പണമെത്തിച്ചത്‌. ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച അധിക റിപോർട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌.

കവർച്ച ചെയ്യപ്പെട്ട പണവും ഇവിടേക്ക്‌ ഉള്ളതായിരുന്നെന്നാണ്‌ സൂചന. ഇതോടെ പണമിറക്കിയത്‌ തിരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനാണെന്ന സംശയവും ബലപ്പെട്ടു. കൊടകരയിൽ കവർന്ന 3.5 കോടി ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്‌ക്ക്‌ കൈമാറാനായിരുന്നു നിർദേശം. കർത്ത വഴി പത്തനംതിട്ടയിലേക്ക്‌ എത്തിക്കാനായിരുന്നു നീക്കം. എന്നാൽ, കവർച്ച ചെയ്യപ്പെട്ടതോടെ 'വീട്ടിലുള്ള പണമെല്ലാം കൊടുത്തയക്കൂ' എന്ന്‌ ഏജന്റ്‌ ധർമരാജനോട്‌ ബിജെപി സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ഗിരീശൻ നായർ നിർദേശിച്ചു. തുടർന്നാണ്‌ 1.4 കോടി പത്തനംതിട്ടയിൽ എത്തിച്ച്‌ ബിജെപി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം എസ്‌ അനിൽകുമാറിന്‌ കൈമാറിയത്‌.

കെ സുരേന്ദ്രന്റെ അറിവോടെയാണ്‌ ഇതെന്നാണ്‌ ധർമരാജന്റെ മൊഴി. ഇയാളുടെ കോൾ ലിസ്റ്റ്‌ പ്രകാരം പണമിടപാട്‌ സമയങ്ങളിലും സ്ഥലങ്ങളിലും ബിജെപി നേതാക്കളുടെ സാന്നിധ്യം വ്യക്തമാണ്‌. കാര്യങ്ങള്‍ ഇത്തരത്തില്‍ വെളിച്ചത്തു വന്ന സാഹചര്യത്തില്‍ ബിജെപി സംസ്ഥാന നേതത്വം പ്രത്യകിച്ചു കെ സുരന്ദ്രന്‍ കൂടുതല്‍ പ്രതിരോധത്തിലാകുകയാണ്.

Next Story

RELATED STORIES

Share it