Big stories

110 രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു;ജാഗ്രതാ നിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന

ജനസംഖ്യയുടെ 70 ശതമാനം പേരെയെങ്കിലും രാജ്യങ്ങള്‍ വാക്‌സിനേറ്റ് ചെയ്യേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചു

110 രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു;ജാഗ്രതാ നിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന
X

ജെനീവ:110 രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതായി ലോകാരോഗ്യ സംഘടന.കൊവിഡിന്റെ ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ ആഗോള തലത്തില്‍ വര്‍ധിച്ച് വരുന്നതായും,ഇത് കൊവിഡ് കേസുകള്‍ 20 ശതമാനം വര്‍ധിക്കാന്‍ കാരണമായതായും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗെബ്രിയോസിസ് പറഞ്ഞു.കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കൊവിഡ് കേസുകള്‍ കണ്ടെത്തുന്നതില്‍ ഇപ്പോള്‍ തടസങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 'ഈ മഹാമാരി മാറുകയാണ്, പക്ഷേ അത് അവസാനിച്ചിട്ടില്ല. കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത് കുറയുന്നതിനാല്‍ ലഭ്യമാകുന്ന ജീനോമിക് സീക്വന്‍സുകളും കുറവാണ്. ഇതുമൂലം ഒമിക്രോണിനെ ട്രാക്ക് ചെയ്യാനും പുതിയ വകഭേദങ്ങളെ വിശകലനം ചെയ്യാനുമുള്ള സാധ്യതകള്‍ കുറയുകയാണെന്ന് ' അദ്ദേഹം പറഞ്ഞു.ജനസംഖ്യയുടെ 70 ശതമാനം പേരെയെങ്കിലും രാജ്യങ്ങള്‍ വാക്‌സിനേറ്റ് ചെയ്യേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചു.ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളില്‍ മൂന്ന് എണ്ണത്തിലും മരണങ്ങള്‍ വര്‍ധിച്ച് വരുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.

'കഴിഞ്ഞ 18 മാസത്തിനിടെ 1200 കോടിയോളം വാക്‌സിനുകള്‍ ആഗോള തലത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. മറുവശത്ത്, അവികസിത രാജ്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരും പ്രായമായവരും ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് ആളുകള്‍ വാക്‌സിന്‍ എടുത്തിട്ടില്ല. അതിനര്‍ഥം വൈറസിന്റെ ഭാവി തരംഗങ്ങള്‍ അവരെ കൂടുതല്‍ ബാധിക്കുമെന്നാണ്.' രോഗസാധ്യത കൂടുതലുള്ളവര്‍ വാക്‌സിനുകള്‍ കൃത്യമായി സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.

2017 മുതല്‍ നൈജീരിയയില്‍ കുരങ്ങുപനി പടര്‍ന്നു പിടിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗെബ്രിയോസിസ് പറഞ്ഞു. ഈ വര്‍ഷമാണ് രാജ്യത്ത് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും,ഇപ്പോള്‍ 50ലധികം രാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപനം കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കുരങ്ങു പനി വ്യാപനം തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കി.

Next Story

RELATED STORIES

Share it