Big stories

കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കൊവിഡ് മരണം; മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രസര്‍ക്കാര്‍

ആര്‍ടിപിസിആര്‍, ആന്റിജന്‍, മോളിക്യുലാര്‍ ടെസ്റ്റുകളിലൂടെ കൊവിഡ് സ്ഥിരീകരിക്കണം. എന്നാല്‍, കൊവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകട മരണം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കൊവിഡ് മരണം; മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രസര്‍ക്കാര്‍
X

ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാല്‍ ഇനി മുതല്‍ അത് ഔദ്യോഗിക കൊവിഡ് മരണമായി കണക്കാക്കും. കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് സുപ്രിംകോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. ആര്‍ടിപിസിആര്‍, ആന്റിജന്‍, മോളിക്യുലാര്‍ ടെസ്റ്റുകളിലൂടെ കൊവിഡ് സ്ഥിരീകരിക്കണം. എന്നാല്‍, കൊവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകട മരണം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവുമാണ് പുതുക്കിയ മാര്‍ഗനിര്‍ദേശം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെയുള്ള മാര്‍ഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കൊവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളില്‍ മരണം സംഭവിച്ചാല്‍ മാത്രമേ ഇത്തരത്തില്‍ കൊവിഡ് മരണമായി പരിഗണിച്ചിരുന്നുള്ളൂ. ഇതാണ് ഇപ്പോള്‍ 30 ദിവസമായി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലോ വീട്ടിലോ മരിക്കുന്ന രോഗികളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെത്ത് (എംസിസിഡി) നല്‍കുമ്പോള്‍ അതില്‍ കൊവിഡ് മരണമായി കണക്കാക്കാന്‍ ജനന മരണ രജിസ്‌ട്രേഷന്‍ സെക്ഷന്‍ 10 പ്രകാരം രജിസ്ട്രിങ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എംസിസിഡി (മരണകാരണം സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍) ലഭ്യമല്ലാത്ത സന്ദര്‍ഭങ്ങളില്‍ അല്ലെങ്കില്‍ മരിച്ച വ്യക്തിയുടെ കുടുംബം എംസിസിഡിയില്‍ നല്‍കിയിരിക്കുന്ന മരണകാരണത്തില്‍ സംതൃപ്തരല്ലെങ്കില്‍ അവരുടെ പരാതി പരിശോധിക്കാന്‍ ഒരു സമിതിയുണ്ടാവും. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ജില്ലാതലത്തില്‍ ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കണം. കുടുംബാംഗങ്ങള്‍ നല്‍കുന്ന രേഖകള്‍ സമിതി തുടര്‍നടപടികള്‍ക്കായി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പരാമര്‍ശിക്കുന്നു. സമിതി കുടുംബത്തിന്റെ പരാതികള്‍ പരിശോധിക്കുകയും വസ്തുതകള്‍ പരിശോധിച്ച ശേഷം ഭേദഗതി വരുത്തിയ 'കൊവിഡ് 19 മരണത്തിനുള്ള ഔദ്യോഗിക രേഖ' ഉള്‍പ്പെടെയുള്ള പരിഹാര നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്യും.

രേഖകള്‍ നല്‍കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമുള്ള നിവേദനങ്ങള്‍ അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും. കൊവിഡ് മരണം മൂലം നാല് ലക്ഷം രൂപ അടിയന്തര സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയത്. കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ച് ഏകദേശം 10 ദിവസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it