- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പശുക്കശാപ്പ് നിയമം മുസ്ലിംകള്ക്കും ഹിന്ദുക്കള്‍ക്കും വ്യത്യസ്തമായി നടപ്പാക്കി മധ്യപ്രദേശ് സര്‍ക്കാര്‍; കൈ കൊടുത്ത് കോണ്‍ഗ്രസും
'നേരത്തെ, ഒരു വ്യക്തിയുടെ കുറ്റകൃത്യത്തിന് മുഴുവന്‍ സമൂഹത്തെയും അവര്‍ കുറ്റപ്പെടുത്തുമായിരുന്നു. ഇപ്പോള്‍ ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യത്തിന് മുഴുവന്‍ സമുദായത്തെയും ശിക്ഷിക്കുകയാണ്.''-

കാശിഫ് കാക്വി
ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഉജ്ജൈനിലും ദാമോയിലും പശുക്കശാപ്പ് ആരോപണ വിധേയരായ മുസ്ലിംകളെ നടുറോഡില്‍ പരേഡ് ചെയ്യിക്കുകയും ചാട്ടവാറിനടിക്കുകയും 'പശു നമ്മുടെ അമ്മയാണ്', 'പോലിസ് നമ്മുടെ അച്ഛനാണ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഭരിക്കുന്ന ദാമോയിലെ മുനിസിപ്പല്‍ കൗണ്‍സില്‍ ആരോപണ വിധേയരുടെ വീടുകള്‍ പൊളിച്ചുകളയാന്‍ ഉത്തരവിട്ടു. എന്നാല്‍, മധ്യപ്രദേശിലെ തന്നെ ചിന്ദ്വാരയില് അടുത്തിടെ രജിസ്റ്റര്‍ ചെയ്ത പശുക്കശാപ്പിലെ പ്രതികളായ ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരെ അറസ്റ്റ് ചെയ്തപ്പോള്‍ കോലാഹലങ്ങളൊന്നുമുണ്ടായില്ല. മാധ്യമങ്ങളില്‍ വിശദമായ വാര്‍ത്തകള്‍ വന്നില്ലെന്നും പറയാം. മുസ്ലിംകളെ പൈശാചികവല്‍ക്കരിക്കുന്ന ഹിന്ദുത്വ കാഴ്ച്ചപാടുകള്‍ക്ക് ഭരണകൂട പിന്തുണ ലഭിക്കുമ്പോള്‍, ജനസംഖ്യയുടെ ഏഴു ശതമാനത്തില്‍ താഴെ മാത്രം വരുന്ന മുസ്ലിംകള് ആരോപണ വിധേയരാവുമ്പോള്‍, മാത്രമാണ് നിങ്ങള്‍ കോലാഹലങ്ങളും പ്രദര്‍ശനങ്ങളും പരേഡുകളും മുദ്രാവാക്യം വിളിപ്പിക്കലുകളുമെല്ലാം കാണുക.
' ഗായ് ഹമാരീ മാതാ ഹൈ, പോലിസ് ഹമാരാ ബാപ് ഹൈ ' .'പശു നമ്മുടെ അമ്മയാണ്, പോലിസ് നമ്മുടെ അച്ഛനാണ്'. 'ഗോമാതാ കീ ജയ്!'

2025 മാര്‍ച്ച് 7ന് മധ്യ മധ്യപ്രദേശിലെ ദാമോയില്‍ പശുക്കശാപ്പ് കേസില്‍ കുറ്റാരോപിതരായ അഞ്ച് മുസ്ലിംകളെ പോലിസ് നിര്‍ബന്ധിച്ച് വിളിപ്പിച്ച മുദ്രാവാക്യങ്ങളായിരുന്നു ഇവ. സംഭവം നടന്ന് 12 മണിക്കൂറിനുള്ളില്‍ തന്നെ അവരുടെ വീടുകള്‍ 'നിയമവിരുദ്ധം' എന്ന് പ്രഖ്യാപിച്ച് പൊളിച്ചുകളഞ്ഞു.
ദാമോയില്‍ നിന്ന് ഏകദേശം 320 കിലോമീറ്റര്‍ തെക്കുള്ള സ്ഥലത്ത് നിന്ന് 65 കിലോഗ്രാം ബീഫുമായി 2025 ജനുവരി 31ന്, ബല്ലു പഹാഡെ (60), മകന് വീരേന്ദ്ര പഹാഡെ (35) എന്നീ രണ്ട് ഹിന്ദുക്കളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ, പോലിസ് ഇവരെ പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചില്ല. 35 ദിവസം കഴിഞ്ഞപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടി പ്രതികള്‍ പുറത്തിറങ്ങി.
2004ലെ പശുഹത്യ നിരോധന നിയമം നടപ്പാക്കുന്നതില്‍ മധ്യപ്രദേശ് പോലിസ് സ്വീകരിക്കുന്ന ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് രണ്ടു സംഭവങ്ങളും. ഒരേ കുറ്റം ആരോപിക്കപ്പെട്ട ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കും എതിരെ വ്യത്യസ്ഥമായ നടപടികളാണ് പോലിസ് സ്വീകരിച്ചത്. കോണ്‍ഗ്രസോ ?. അവരുടെ നേതാവ് മഞ്ജു വീരേന്ദ്ര റായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭാകൗണ്‍സില്‍, ഒരു നൂറ്റാണ്ടിലേറെയായി നഗരത്തിലെ ഖസായ് മണ്ടി പ്രദേശത്ത് താമസിക്കുന്ന മാംസവ്യാപാരികളായ 300 ഖുറേഷികള്‍ക്ക് കുടിയൊഴിപ്പിക്കല്‍ നോട്ടിസ് നല്കി.
''15 മാസത്തെ കോണ്‍ഗ്രസ് ഭരണം ഒഴിച്ചു നിര്‍ത്തിയാല്‍ ഏകദേശം രണ്ട് പതിറ്റാണ്ടായി ബിജെപിയാണ് മധ്യപ്രദേശ് ഭരിക്കുന്നത്. ദാമോയിലെ കോണ്‍ഗ്രസ് ഭരിക്കുന്ന മുനിസിപ്പല്‍ കൗണ്‍സിലാണ് മുസ്ലിം വീടുകള്‍ പൊളിച്ചുമാറ്റാന്‍ ആഹ്വാനം ചെയ്തത്.''
കുറ്റകൃത്യങ്ങള്‍ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന മുസ്ലിംകളെ മധ്യപ്രദേശ് പോലിസ് പൊതുവില്‍ നിയമബാഹ്യമായി ശിക്ഷിക്കാറുണ്ട്. 2023 ജൂലൈയില്‍ ഉജ്ജയിനില്‍ ഉണ്ടായ ഒരു സംഭവം ഇതിന് തെളിവാണ്. മതപരമായ ഘോഷയാത്രയ്ക്ക് നേരെ തുപ്പിയെന്നാരോപിച്ച് ഉജ്ജയിനില്‍ കട നടത്തുന്ന അഷ്റഫ് ഹുസൈന്റെ രണ്ട് ആണ്മക്കളില് ഒരാളെ പോലിസ് അറസ്റ്റ് ചെയ്യുകയുണ്ടായി. തുടര്‍ന്ന് ആഘോഷങ്ങള്‍ക്കിടയില്‍ തന്നെ ഹുസൈന്റെ മുന്നുനില കെട്ടിടം പോലിസ് പൊളിച്ചു.
അതുപോലെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, സംസ്ഥാനത്തെ രത്ലം , സിയോണി , മൊറീന , മാണ്ട്ല ജില്ലകളിലെ ബിജെപി സര്‍ക്കാര്‍ പശുക്കളെ കടത്തുകയോ കശാപ്പ് ചെയ്യുകയോ ചെയ്തതായി ആരോപിച്ച് മുസ്ലിംകളുടെ വസ്തുവകകള്‍ പൊളിച്ചുമാറ്റി. 1980ലെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) പ്രകാരം കേസെടുക്കുകയും ചെയ്തു. വിചാരണ കൂടാതെ ഒരു വര്‍ഷം വരെ വ്യക്തികളെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് ഈ നിയമം. പശു സംരക്ഷണ നിയമങ്ങള്‍ പ്രകാരവും അവര്‍ക്കെതിരേ കേസെടുത്തു.
2024 ജൂണില്‍ തെക്ക്പടിഞ്ഞാറന്‍ മധ്യപ്രദേശിലെ മാണ്ട്ലയില്‍, പശുക്കളെ നിയമവിരുദ്ധമായി കടത്തുകയും കശാപ്പ് ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് 11 വീടുകള്‍ ബലി പെരുന്നാളിന് ഒരു ദിവസം മുമ്പ് പൊളിച്ചുമാറ്റി. 'ബുള്‍ഡോസര്‍ രാജ്' ശരിയല്ലെന്നാണ് തന്റെ നിലപാടെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് നിരവധി തവണ പൊതുവേദികളില്‍ പറയുകയുണ്ടായി. പക്ഷേ, വീടുകള്‍ പൊളിച്ചത് പ്രധാന നേട്ടമായി സര്‍ക്കാര്‍ ആഘോഷിക്കുകയുണ്ടായി.
ദാമോയിലെ മുസ്ലിംകളായ ആരോപണവിധേയര്‍ക്കെതിരെ പോലിസും ജില്ലാ ഭരണകൂടവും നടത്തിയ അതിക്രമങ്ങള്‍ വിവിധ നിയമങ്ങളുടെയും വ്യവസ്ഥകളുടെയും ഉത്തരവുകളുടെയും ലംഘനമാണ്. 2020 നവംബറില്‍ അന്നത്തെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് (സിഐഡി) കൈലാഷ് മക്വാന, ഇപ്പോള്‍ മധ്യപ്രദേശിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ഡിജിപി) പുറപ്പെടുവിച്ച സര്‍ക്കുലര്‍, കേസുകളില്‍ സംശയിക്കുന്നവരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. കുറ്റാരോപിതരെ പൊതുസ്ഥലത്ത് നടത്തി പ്രദര്‍ശിപ്പിക്കുന്നത് അവരുടെ അന്തസിനും കുറ്റം തെളിയുന്നത് വരെ നിരപരാധിയാണെന്ന അനുമാനത്തിനും എതിരാണെന്ന 2014ലെ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ സര്‍ക്കുലര്‍ ഇറക്കിയിരുന്നത്.
പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കുലര്‍ വീണ്ടും ഇറക്കാന്‍ ഡിജിപി കൈലാഷ് മക്വാന തീരുമാനിച്ചതായി റിപോര്‍ട്ടുണ്ട്. കുറ്റാരോപിതരെ പരേഡ് ചെയ്യിക്കുന്നതും അടിക്കുന്നതും തെറ്റാണെന്ന സര്‍ക്കുലര്‍ ഇറക്കാനാണ് ആലോചന. മുന്‍ സര്‍ക്കുലര്‍ ലംഘിച്ച പോലിസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നും ഡിജിപിയുടെ ഓഫിസ് പറയുന്നുണ്ട്.
പശു സംരക്ഷണ ഗ്രൂപ്പുകള്‍
പശുക്കളെ സംരക്ഷിക്കാനെന്ന പേരില്‍ കന്നുകാലികളെ കൊണ്ടുപോവുന്നവരെ ആക്രമിക്കുന്ന ബജ്റങ് ദള്‍, വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി), പശു രക്ഷാ സേന തുടങ്ങിയ സംഘങ്ങള്‍ രണ്ടു പതിറ്റാണ്ടില്‍ അധികമായി മധ്യപ്രദേശില്‍ സജീവമാണ്. ദാമോയില്‍ ബജ്റംഗ് ദളും വിഎച്ച്പിയുമാണ് 'പശുക്കശാപ്പ് വിവരം' പോലിസിനെ അറിയിച്ചത്. ഇത് 10 മുസ്ലിം പുരുഷന്മാരും രേഖ എന്ന ദലിത് സ്ത്രീയും അറസ്റ്റ് ചെയ്യപ്പെടാന്‍ കാരണമായി.
മാര്‍ച്ച് ഏഴിന് ദാമോയില്‍ ഒരു പശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഈ പശു ഗര്‍ഭിണിയായിരുന്നുവെന്ന് പറഞ്ഞ് ബജ്റംഗ് ദളും വിഎച്ച്പിയും ദാമോയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. ഇതോടെ കുറ്റാരോപിതരായ മുസ്ലിംകളെ പോലിസ് റോഡിലൂടെ കൊണ്ടുനടന്നു പ്രദര്‍ശിപ്പിച്ചു. അവരെ ലാത്തി കൊണ്ട് അടിച്ചു. അവരെ കൊണ്ട് ഹിന്ദുത്വരുടെ മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുകയും ചെയ്തു.

'ഹിന്ദുത്വ ഒരു രാഷ്ട്രീയ പദ്ധതിയാണ്. പശുക്കശാപ്പിന്റെ പേരില്‍ മുസ്ലിംകളെ മര്‍ദ്ദിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്തിട്ട് അത് കാണിച്ച് ഹിന്ദു വോട്ടര്‍മാരെ ഏകീകരിക്കുകയാണ് പ്രവര്‍ത്തനരീതി.'' -കോമണ്‍ കോസ് സന്നദ്ധ സംഘടനയുടെ മേധാവിയായ വിപുല്‍ മുദ്ഗല്‍ പറഞ്ഞു. '' നിങ്ങള്‍ കാണുന്ന സംഭവങ്ങളൊന്നും വെറുതെ നടക്കുന്നതല്ല. പശുക്കളുടെ പേരില്‍ അക്രമം സൃഷ്ടിക്കാനുള്ള ഒരു മെക്കാനിസം ഉണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ഇതെല്ലാം നടക്കുന്നത്.''
പശുക്കശാപ്പുമായി ബന്ധപ്പെട്ട 2004ലെ നിയമപ്രകാരവും കൊലപാതക ശ്രമം സംബന്ധിച്ച ഭാരതീയ ന്യായ സംഹിതയിലെ 109ാം വകുപ്പ് പ്രകാരവും 10 മുസ്ലിംകള്ക്കും ഒരു ദലിത് സ്ത്രീക്കും എതിരെ രണ്ടു കേസുകള്‍ എടുത്തതായി പോലിസ് പറഞ്ഞു. പശുക്കശാപ്പ് തടയാന്‍ എത്തിയ കാവിവസ്ത്രധാരികളെ മുസ്ലിംകള് വെടിവെച്ചു എന്നാരോപിച്ചാണ് കൊലപാതകശ്രമം ചുമത്തിയത്.
ദാമോയിലെ സീത ബൗളിയില്‍ പശുവിന്റെ ശവം കണ്ടെത്തിയതിനെ തുടര്‍ന്ന് 20ല്‍ അധികം കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 40 അംഗ മുനിസിപ്പല്‍ കൗണ്‍സില്‍ ഉത്തരവിട്ടത്.

കശാപ്പു തൊഴില്‍ ചെയ്യുന്ന മുസ്ലിംകള് തലമുറകളായി താമസിച്ചിരുന്ന, ഖസായ് മണ്ഡിയില്‍നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തും പരിസരത്തും താമസിക്കുന്ന 300ലധികം പേര്‍ക്ക് കുടിയൊഴിപ്പിക്കല്‍ നോട്ടിസും നല്കി.
''ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ദാമോയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം മാര്‍ച്ച് 7 ന് സീത ബൗളി പ്രദേശത്ത് പശുക്കശാപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ 20 ലധികം 'അനധികൃത' വീടുകളും കടകളും താല്‍ക്കാലിക നിര്‍മിതികളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി.''
'നേരത്തെ, ഒരു വ്യക്തിയുടെ കുറ്റകൃത്യത്തിന് മുഴുവന്‍ സമൂഹത്തെയും അവര്‍ കുറ്റപ്പെടുത്തുമായിരുന്നു. ഇപ്പോള്‍ ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യത്തിന് മുഴുവന്‍ സമുദായത്തെയും ശിക്ഷിക്കുകയാണ്.''-വിപുല്‍ മുദ്ഗല്‍ ചൂണ്ടിക്കാട്ടി. പശുക്കശാപ്പ് കേസിലെ ആരോപണവിധേയര്‍ക്ക് വേണ്ടി ഹാജരാവില്ലെന്ന് ദാമോയിലെ ബാര്‍ അസോസിയേഷന് നിലപാട് എടുത്തതോടെ ആരോപണവിധേയര്‍ക്ക് നിയമസഹായവും ലഭിച്ചില്ല.
ബാര്‍ അസോസിയേഷനുകളുടെ ഇത്തരത്തിലുള്ള ബഹിഷ്കരണം നിയമസമൂഹത്തിന് അപമാനമാണെന്ന് 2010ലെ എ എസ് മുഹമ്മദ് റാഫി കേസില്‍ സുപ്രിംകോടതി വിധിച്ചിരുന്നു. രാജ്യത്തെ ബാര്‍ അസോസിയേഷനുകളുടെ ഇത്തരം പ്രമേയങ്ങളെല്ലാം അസാധുവാണെന്നും ജനാധിപത്യവും നിയമവാഴ്ച്ചയും ഉയര്‍ത്തിപിടിക്കാന്‍ അഭിഭാഷകര്‍ ഇത്തരം പ്രമേയങ്ങളെ അവഗണിക്കുകയും ധിക്കരിക്കുകയും ചെയ്യണമെന്ന് സുപ്രിംകോടതി ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, ദാമോ കേസിലെ ആരോപണവിധേയരെ കോടതി പരിസരത്ത് വച്ച് ആക്രമിക്കുകയാണ് അഭിഭാഷകര്‍ ചെയ്തത്.
അടുത്തകാലത്തായി കോടതി പരിസരത്ത് മുസ് ലിംകള്‍ക്കെതിരായ ആക്രമണം സാധാരണസംഭവമായി മാറിയെന്നാണ് ദാമോ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന മുതിര്‍ന്ന അഭിഭാഷകനായ അനുനയ് ശ്രീവാസ്തവ പറയുന്നത്. മിശ്രവിവാഹം രജിസ്റ്റര്‍ ചെയ്യുന്നതായി ബന്ധപ്പെട്ട് മുസ്ലിം പുരുഷന്മാര് ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ നിരവധിയാണെന്നും അദ്ദേഹം പറഞ്ഞു.
'ഒരു കേസ് വാദിക്കേണ്ടതില്ലെന്ന് അഭിഭാഷക സമൂഹമോ ബാര്‍ അസോസിയേഷനോ തീരുമാനിച്ചാല്‍ താല്പര്യമുള്ള അഭിഭാഷകന് പോലും കുറ്റാരോപിതര്‍ക്കായി ഹാജരാവാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ അയാളെ മറ്റുള്ളവര്‍ ബഹിഷ്കരിക്കും. കുറ്റാരോപിതര്‍ക്ക് ജാമ്യം കിട്ടുന്നതിനുള്ള് ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യമാണത്.''- ദാമോ ജില്ലാ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന മുതിര്‍ന്ന അഭിഭാഷകനായ അനുനയ് ശ്രീവാസ്തവ പറഞ്ഞു.
നിയമങ്ങളെ വെല്ലുവിളിച്ച് സര്‍ക്കാരും ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുമ്പോള്‍ സാധാരണക്കാരുടെ ഏക ആശ്രയകേന്ദ്രം കോടതികളാണെന്ന് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെ പറഞ്ഞു. '' എന്നാല്‍, കോടതികള്‍ എല്ലായ്പ്പോഴും സമയബന്ധിതമായോ ശക്തമായ രീതിയിലോ പ്രവര്‍ത്തിക്കുന്നില്ല. അത് ജനങ്ങളെ നിരാശരാക്കുന്നു.''-സഞ്ജയ് ഹെഗ്ഡെ പറഞ്ഞു.
''നിലവിലെ ഭരണകൂടം ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കം നില്ക്കുന്ന സമൂഹങ്ങള്‍ക്കും അനുകൂലമല്ലെന്നതും നിയമങ്ങളും ശിക്ഷകളും തുല്യമായി നടപ്പിലാക്കുന്നില്ലെന്നതും രഹസ്യമല്ല''-സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് സഞ്ജയ് ആര് ഹെഗ്ഡെ പറഞ്ഞു. 'പോലിസും വലതുപക്ഷ ഗ്രൂപ്പുകളും തമ്മിലുള്ള അവിശുദ്ധ ബന്ധം സ്ഥിതി കൂടുതല്‍ വഷളാക്കുന്നു'.
പശുസംരക്ഷണത്തിലെ ബിജെപിയുടെ അജണ്ട
പശുക്കളുടെ സംരക്ഷണവും മുസ്ലിം പശുക്കച്ചവടക്കാര്ക്കെതിരായ നടപടിയും മധ്യപ്രദേശ് ബിജെപിയുടെ പ്രധാന അജണ്ഡകളാണ്. 2003ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്ന ബിജെപി 2004ല്‍ പശുക്കശാപ്പ് നിരോധിക്കുന്ന നിയമം പാസാക്കി. 2017ല്‍ നിയമത്തെ കൂടുതല്‍ കര്‍ശനമാക്കി. പശുക്കളുടെ ക്ഷേമം ഉറപ്പാക്കാന്‍ 2020ല്‍ ഒരു പശുമന്ത്രിസഭയും രൂപീകരിച്ചു. കാബിനറ്റ് റാങ്കുള്ള മന്ത്രിമാരുടെ ഒരു സംഘത്തെ സംസ്ഥാനത്തെ പശുക്ഷേമം നിരീക്ഷിക്കാന്‍ നിയമിക്കുകയാണ് ചെയ്തത്. മുന്‍കൂര്‍ അനുമതിയില്ലാതെ പശുക്കള്‍, കാളകള്‍ എന്നിവയെ കൊല്ലുന്നതും ഇവകളെയും ബീഫും കൊണ്ടുപോകുന്നതും 2004ലെ നിയമം പ്രകാരം കുറ്റകരമായിരുന്നു.
മുന്‍കൂര്‍ അനുമതിയില്ലാതെ കന്നുകാലികളെ വണ്ടികളില്‍ കയറ്റി കൊണ്ടുപോവാമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ല് 2019 ജൂലൈയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയില്ല. 2020 മാര്‍ച്ചില്‍ 20 എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണു. 2023 ഡിസംബറില്‍ അധികാരത്തില്‍ എത്തിയ ബിജെപി സര്‍ക്കാര്‍ 2024 പശുസംരക്ഷ വര്‍ഷമാണെന്ന് പ്രഖ്യാപിച്ചു. 2024-25 ബജറ്റില്‍ പശു സംരക്ഷണത്തിനുള്ള വിഹിതം മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് 250 കോടി രൂപയാക്കി. പശുത്തൊഴുത്തുകള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന പ്രതിദിന കാലിത്തീറ്റ അലവന്‍സ് ഇരട്ടിയാക്കി. അതായത്, പശുവൊന്നിന് 20 രൂപ അലവന്‍സ് നല്കിരുന്നത് 40 രൂപയായി വര്‍ധിപ്പിച്ചു. പശുക്കളെ ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരം നല്കുന്ന രീതിയില്‍ നിയമഭേദഗതി കൊണ്ടുവരുകയുമുണ്ടായി.
മുഖ്യമന്ത്രിയുടെ ആഗ്രഹങ്ങളും നിയമങ്ങളുടെ നടപ്പാക്കാന്‍ മധ്യപ്രദേശ് പോലിസും ജില്ലാ ഭരണകൂടങ്ങളും അസാധാരണമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കുറ്റാരോപിതര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തല്‍, പരസ്യമായി ലാത്തി കൊണ്ടടിക്കല്‍, വാഹനങ്ങള്‍ കണ്ടുകെട്ടല്‍, വീടുകളും കടകളും പൊളിക്കല്‍ എന്നിവ ഇതിന്റെ ഭാഗമാണ്. ദാമോയില്‍ ഇങ്ങനെയൊക്കെയാണ് നടന്നതെങ്കിലും പ്രതികള്‍ ഹിന്ദുക്കളായിരുന്ന ചിന്ദ്വാരയില് ഇത്തരം ക്രൂരതകള്‍ കണ്ടില്ല.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, 2025 ജനുവരി 31ന് ചിന്ദ്വാര ജില്ലാ ആസ്ഥാനത്തുനിന്ന് 43 കിലോമീറ്റര്‍ അകലെയുള്ള സമര്ബോ ഗ്രാമത്തിലെ താമസക്കാരനായ ബല്ലു പഹാഡെയുടെ വീട്ടില്‍ റെയ്ഡ് നടത്തിയെന്നാണ് എഫ്ഐആര്‍ പറയുന്നത്. ഇയാളുടെ കൈവശം 33 കിലോ ബീഫും ഒരു കത്തിയും പശുവിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും കണ്ടെത്തിയതായി എഫ്ഐആര്‍ പറയുന്നു. ബല്ലു പഹാഡെയുടെ വീടിന് തൊട്ടടുത്തുള്ള വീട്ടില്‍ താമസിക്കുന്ന മകന് വീരേന്ദ്ര പഹാഡെയുടെ വീട്ടിലും പോലിസ് റെയ്ഡ് നടത്തി. അവിടെ നിന്ന് 35 കിലോഗ്രാം ബീഫും കത്തികളും പിടിച്ചെടുത്തു. ഈ മാംസത്തില്‍ നിന്ന് സാമ്പിളുകള്‍ എടുത്ത് ലാബിലേക്ക് അയച്ചു. രണ്ടു ദൃക്സാക്ഷികളുടെ സാന്നിധ്യത്തില്‍ ബാക്കി മാംസം കുഴിച്ചിട്ടു. പ്രതികള്‍ നല്കിയ ജാമ്യാപേക്ഷ ഫെബ്രുവരി ഏഴിന് ജില്ലാ കോടതി തള്ളി. പക്ഷെ, മാര്‍ച്ച് ഏഴിന് ഹൈക്കോടതി ബല്ലു പഹാഡെക്ക് ജാമ്യം നല്കി. വീരേന്ദ്ര പഹാഡെയുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
വ്യത്യസ്ഥമായ നടപ്പാക്കലുകള്‍
മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലെ ഘടിയയില്നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ജയ്താല് ഗ്രാമത്തില്‍ പശുവിനെ അറുക്കാന്‍ പദ്ധതിയിട്ടുവെന്നാരോപിച്ച് സലിം (45), ആഖിബ് മേവതി (22) എന്നീ രണ്ട് മുസ്ലിംകളെ 2025 മാര്‍ച്ച് 3ന് പോലിസ് അറസ്റ്റ് ചെയ്തപ്പോള്‍, അവരെ പൊതുജനത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. ഘടിയ പോലിസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഡി എല്‍ ദസോരിയയും സഹ പോലിസുകാരനും കുറ്റാരോപിതരെ റോഡിലൂടെ നടത്തിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. പശുക്കളെ കശാപ്പ് ചെയ്തതായി പോലിസിന് സൂചന നല്കിയ ബജ്റങ് ദളും വിഎച്ച്പിയും 'ബഹുമാനപ്പെട്ട' ഇന്‍സ്പെക്ടര്‍ ദസോരിയയുടെ 'വേഗത്തിലുള്ളതും കര്‍ശനവുമായ നടപടിക്ക്' നന്ദി പറഞ്ഞുകൊണ്ട് മധുരപലഹാരങ്ങള്‍ നല്‍കുകയും ഫോട്ടോകള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു.

പശുക്കശാപ്പ് കേസുകളില്‍ മധ്യപ്രദേശ് പോലിസ് വിവേചനം കാണിക്കുന്നത് പുതിയ കാര്യമല്ല. പശുവിനെ കശാപ്പ് ചെയ്തുവെന്ന് പറഞ്ഞ് ബാലാഘട്ട് ജില്ലയിലെ സിയോണിയില്‍ രണ്ട് ആദിവാസി പുരുഷന്മാരെ 2022 മെയ് മാസത്തില്‍ ബജ്റംഗ്ദളുകാര്‍ തല്ലിക്കൊന്നിരുന്നു. കൊലപാതകത്തില്‍ കേസെടുക്കാന്‍ ലോക്കല്‍ പോലിസിന് നിര്‍ദേശം നല്കിയ എസ്പി പ്രതീകിനെ സ്ഥാനം മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ അപ്രധാനമായ ഏതോ പദവിയില്‍ അദ്ദേഹം ഇരിപ്പുണ്ട്. മഹാരാഷ്ട്രയിലെ അറവുശാലകളിലേക്ക് 165 പശുക്കളെയും കാളകളെയും കൊണ്ടുപോയ യുവമോര്‍ച്ച നേതാവിനെതിരെ കേസെടുത്തെങ്കിലും അറസ്റ്റും മറ്റുമുണ്ടായില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എന്നതുമാത്രമായിരുന്നു ശിക്ഷ.
പശു സംരക്ഷണ വര്‍ഷം
പശുസംരക്ഷണ വര്‍ഷമായ 2024ല്‍ പശുക്കശാപ്പ് ആരോപിച്ച് 575 കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളില്‍ 1,121 കുറ്റവാളികളെ പിടികൂടിയെന്നും 342 വാഹനങ്ങള്‍ പിടിച്ചെടുത്തെന്നും 7,524 കന്നുകാലികളെ മോചിപ്പിച്ചുവെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.
രത്നം ജില്ലയിലെ ജൗറയില്‍ പശുക്കളുടെ ശരീര അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് ക്ഷേത്രം അശുദ്ധമാക്കിയ നാലു പേരുടെ വീട് പൊളിച്ച് മാറ്റിയെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. സിയോണിയില്‍ പശുക്കളെ കൊന്നെന്നാരോപിച്ച കേസിലെ മൂന്നു പേരുടെ വീടുകള്‍ പൊളിക്കാന്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചു. മൊറീനയിലെ നൂറാബാദില്‍ പശുക്കളെ കൊന്ന കേസിലെ രണ്ട് പ്രതികളുടെ വീടുകള്‍ പൊളിച്ചു മാറ്റി. വീടുകള്‍ പൊളിച്ചുമാറ്റിയ ഈ കേസുകളിലെ കുറ്റാരോപിതരെല്ലാം മുസ്ലിംകളായിരുന്നു.
പശുസംരക്ഷണത്തിന് 95.76 കോടി അധികമായി നല്കാന് എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് എസ്.സി-എസ്.ടി വിഭാഗങ്ങളുടെ പ്രതിഷേധത്തിന് കാരണമായി.
പോലിസ് മേധാവിയുടെ സര്‍ക്കുലര്‍ ലംഘിച്ചതിനും കുറ്റാരോപിതരുടെ അവകാശങ്ങള്‍ ലംഘിച്ചതിനും പോലിസുകാര്‍ക്കെതിരെ നടപടിയുണ്ടാവില്ലെന്നാണ് മധ്യപ്രദേശ് ഹൈക്കോടതിയിലെ അഭിഭാഷകനായ പ്രത്യൂഷ് മിശ്ര പറയുന്നത്. മൂന്നു മുസ്ലിം കുറ്റാരോപിതരെ പരസ്യമായി മര്‍ദ്ദിച്ച നാലു പോലിസുകാരെ ഗുജറാത്ത് ഹൈക്കോടതി പതിനാല് ദിവസത്തേക്ക് തടവിലാക്കിയിരുന്നു. ഇത് സുപ്രിംകോടതി ശരിവയ്ക്കുകയുമുണ്ടായി. 'ആളുകളെ പൊതുസ്ഥലത്ത് തൂണുകളില്‍ കെട്ടിയിട്ട് തല്ലാന്‍ നിങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടോ?' എന്ന് 2023 ജനുവരിയില്‍ സുപ്രിംകോടതി പോലിസിനോട് ചോദിച്ചു. 'നിങ്ങള്‍ അതിന്റെ വീഡിയോ എടുക്കുമോ? ഇതെന്തു തരം ക്രൂരതയാണ്..''-സുപ്രിംകോടതി രോഷം കൊണ്ടു.
കടപ്പാട്: ആര്‍ട്ടിക്ക്ള്‍ 14
RELATED STORIES
വീണ്ടും നിപ; പാലക്കാട് സ്വദേശിനിയുടെ പരിശോധനാഫലം പോസിറ്റീവ്
4 July 2025 6:00 AM GMTമാംസം പച്ചയ്ക്ക് തിന്നുന്ന ഈച്ചകള്‍ പെരുകുന്നു; ബീഫ് വ്യവസായത്തെ...
4 July 2025 5:54 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം; നേരത്തെ തിരച്ചിൽ നടത്താത്തത് ബിന്ദു...
4 July 2025 5:45 AM GMTമുഹര്‍റം ആഘോഷത്തില്‍ ഫലസ്തീന് പതാക വീശിയതിന് കേസ് (വീഡിയോ)
4 July 2025 5:07 AM GMTകന്‍വാര്‍ യാത്ര; ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് മതം പരിശോധിച്ച്...
4 July 2025 4:39 AM GMT''ഗസയില്‍ യാസറിന്റെ സംഘം പരാജയപ്പെട്ടു'': പുതിയ സംഘങ്ങള്‍ക്ക്...
4 July 2025 4:26 AM GMT