Big stories

ബ്രസീലില്‍ പ്രളയവും മണ്ണിടിച്ചിലും; മരണം 46 ആയി

ബ്രസീലില്‍ പ്രളയവും മണ്ണിടിച്ചിലും; മരണം 46 ആയി
X

സാവോ പോളോ: വടക്കന്‍ ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 46 ആയി ഉയര്‍ന്നു. സാവോ സെബാസ്റ്റിയോ, ബെര്‍ട്ടിയോഗ, ഗുവാരുജ, ഉബാടുബ മേഖലകളില്‍ പ്രളയം കനത്ത നാശനഷ്ടം വിതച്ചു. വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും നിരവധി വീടുകള്‍ തകര്‍ന്നു. ഒട്ടേറെ പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപോര്‍ട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കും. കാലാവസ്ഥ പ്രതികൂലമായതിനാല്‍ പ്രളയബാധിതമേഖലകളിലെ ബ്രസീലിയന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബ്രസീല്‍ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്.

കാണാതായ 40 ലേറെ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തകരും പ്രദേശവാസികളും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. തീര നഗരമായ സാവോ സെബാസ്ത്യോയില്‍ 50 വീടുകള്‍ തകര്‍ന്നുവെന്നു മേയര്‍ ഫെലിപ് അഗസ്‌തോ അറിയിച്ചു. സാവോ പോളോയുടെ കിഴക്കന്‍ തീരമേഖലയില്‍ 750 വീടുകളാണ് തകര്‍ന്നത്. ബെര്‍തിയോഗയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 627 മില്ലിമീറ്റര്‍ മഴയാണു പെയ്തത്. ഇതേത്തുടര്‍ന്നു സാവോ സെബാസ്ത്യോ, ഉബാതുബ, ഇല്‍ഹാബെല, ബെര്‍തിയോഗ എന്നിവിടങ്ങളിലെ കാര്‍ണിവല്‍ ആഘോഷങ്ങള്‍ റദ്ദാക്കി. ഏകദേശം 2,500 പേര്‍ ഇപ്പോഴും പലായനം ചെയ്യപ്പെടുകയോ ഭവനരഹിതരാകുകയോ ചെയ്യുന്നു, രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് സാവോ പോളോ സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ തിങ്കളാഴ്ച കാബിനറ്റ് മന്ത്രിമാര്‍ക്കൊപ്പം നഗരത്തിന് മുകളിലൂടെ വിമാനത്തില്‍ സഞ്ചരിച്ചു. സുരക്ഷിതമായ സ്ഥലങ്ങളില്‍ പുതിയ വീടുകള്‍ നിര്‍മിച്ച് ഏകദേശം 91,000 ആളുകള്‍ താമസിക്കുന്ന നഗരം പുനര്‍നിര്‍മിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ നഗരത്തില്‍ കൂടുതല്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. വെള്ളിയാഴ്ചയോടെ 200 മില്ലിമീറ്റര്‍ (ഏകദേശം 8 ഇഞ്ച്) മഴ ഈ മേഖലയില്‍ പെയ്‌തേക്കുമെന്നും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും സാവോ സെബാസ്റ്റ്യാവോ സര്‍ക്കാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it