Big stories

പശു ഇറച്ചിയില്ലാതെ പന്നിയും ബീഫും വിളമ്പി ഡിവൈഎഫ്‌ഐ 'ഫുഡ് സ്ട്രീറ്റ്'; അഭിനന്ദനവും പിന്തുണയുമായി സംഘപരിവാരം

സംഘപരിവാര നേതാക്കള്‍ ഉയര്‍ത്തിയ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ ജില്ലാകേന്ദ്രങ്ങളില്‍ ബീഫ്,ചിക്കന്‍,ബിരിയാണി,പന്നിയിറച്ചി എന്നിവ വിളമ്പിയാണ് ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത്

പശു ഇറച്ചിയില്ലാതെ പന്നിയും ബീഫും വിളമ്പി ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ്; അഭിനന്ദനവും പിന്തുണയുമായി സംഘപരിവാരം
X
കോഴിക്കോട്: 'ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന സംഘപരിവാര രാഷ്ട്രീയത്തിനെതിരേ' എന്ന ബാനര്‍ തൂക്കി പശു ഇറച്ചിയില്ലാതെ പന്നിയും ബീഫും വിളമ്പി ഡിവൈഎഫ്‌ഐയുടെ 'ഫുഡ് സ്ട്രീറ്റ്'. പരിപാടിക്ക് അഭിനന്ദനവും പിന്തുണയുമര്‍പ്പിച്ച് സംഘപരിവാരനേതാക്കളും സഹയാത്രികരും. വിശ്വ ഹിന്ദു പരിഷത്ത് മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്, നിയമസഭാ തിതരഞ്ഞെടുപ്പില്‍ തൃത്താലയില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ശങ്കു ടി ദാസ്, വലതുപക്ഷ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍,ശശികല ടീച്ചര്‍,ക്രിസ്ത്യന്‍ വലതുപക്ഷ സംഘടനയായ 'കാസ' തുടങ്ങിയവയാണ് ഫുഡ് സ്ട്രീറ്റിന് പിന്തുണയര്‍പ്പിച്ച് സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നത്. സംഘപരിവാരത്തിന്റെ വിദ്വേഷ പ്രചാരണത്തിനെതിരെയാണ് പരിപാടിയെങ്കിലും മെനുവില്‍ പശുവിറച്ചി ഉള്‍പ്പെടുത്താന്‍ ഡിവൈഎഫ്‌ഐക്കാര്‍ മടിച്ചു. സംഘപരിവാര നേതാക്കള്‍ ഉയര്‍ത്തിയ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ ജില്ലാകേന്ദ്രങ്ങളില്‍ ബീഫ്,ചിക്കന്‍,ബിരിയാണി,പന്നിയിറച്ചി എന്നിവ വിളമ്പിയാണ് ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത്.'ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന സംഘപരിവാര രാഷ്ട്രീയത്തിനെതിരെ' എന്ന ടാഗ് ലൈനില്‍ ജില്ലാകേന്ദ്രങ്ങളിലാണ് ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് ഇന്ന് സംഘടിപ്പിച്ചത്. ഹലാല്‍ ഭക്ഷ്യ വ്യവസായത്തിനെതിരേ സംഘപരിവാര വിദ്വേഷപ്രചരണം നടത്തുന്നതിനിടെയാണ് ഡിവൈഎഫ്‌ഐയുടെ പരിപാടി. ഇതിനിടെയാണ് അവരെ പിന്തുണച്ചുകൊണ്ട് സംഘപരിവാര പ്രവര്‍ത്തകരും സഹയാത്രികരും രംഗത്ത് വന്നിരിക്കുന്നത്.'ചിക്കനും ബീഫും പന്നിയും ബിരിയാണിയും വിളമ്പി, ഭക്ഷണത്തിന് മതമില്ലെന്ന് തെളിയിച്ച ഡിവൈഎഫ്‌ഐ സമരസഖാക്കള്‍ക്ക് ഹൃദയത്തില്‍ നിന്നും അഭിവാദ്യങ്ങള്‍!' എന്നാണ് ചാനല്‍ ചര്‍ച്ചകളിലെ സംഘപരിവാര്‍ മുഖമായ ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ എഴുതിയത്. നേരത്തെ ഫുഡ് സ്ട്രീറ്റില്‍ നോണ്‍ ഹലാല്‍ പോര്‍ക്ക് വിന്താലു ഉള്‍പ്പെടുത്തണമെന്ന് ശ്രീജിത്ത് ആക്ഷേപസ്വരത്തില്‍ പോസ്റ്റിട്ടിരുന്നു.'ഭക്ഷണത്തില്‍ ഹലാലും, ഹലാലില്‍ തുപ്പലും കലര്‍ത്തുന്നത് ആധുനിക സമൂഹത്തിന് ഉള്‍ക്കൊള്ളാനാവാത്തതാണ്. ഭക്ഷണത്തില്‍ മതം കൊണ്ട് വന്ന് ജനങ്ങളെ കൊണ്ട് കഫവും തുപ്പലും തീറ്റിക്കുന്ന മത ജീവികള്‍ക്കെതിരായി ഡിവൈഎഫ്‌ഐ പൊതു ബോധത്തെ ഉണര്‍ത്തുന്നത് തീര്‍ത്തും അഭിനന്ദനാര്‍ഹമാണ്...' എന്നാണ് വിഎച്ച്പി പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു ഹിന്ദുവോ ക്രൈസ്തവനോ അറുത്ത ഇറച്ചി കഴിച്ച് റഹീമും റിയാസും ഷംസീറും ഒക്കെ ഹലാല്‍ എന്ന അയിത്താചരണത്തിനെതിരേ രംഗത്തുവരിക തന്നെ വേണമെന്നും പ്രതീഷ് എഴുതിയിട്ടുണ്ട്.

ബജ്‌റംഗ്ദളോ ഹനുമാന്‍ സേനയോ എങ്കിലും ചെയ്യണമെന്ന് താനുള്‍പ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഡിവൈഎഫ്‌ഐ ചെയ്തിരിക്കുന്നത് എന്ന് ശങ്കു ടി ദാസും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 'നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്നാണ്. ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന ഹലാല്‍ വര്‍ഗ്ഗീയതക്ക് എതിരെ പോര്‍ക്ക് വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നോണ്‍ ഹലാല്‍ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡിവൈഎഫ്‌ഐയുടെ നടപടി ധീരമാണ്, മാതൃകാപരമാണ്, സ്വാഗതാര്‍ഹവുമാണ്. ബജരംഗ് ദളോ ഹനുമാന്‍ സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുള്‍പ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡിവൈഎഫ്‌ഐ ചെയ്തിരിക്കുന്നത്. അഭിവാദ്യങ്ങള്‍...' എന്നാണ് ശങ്കു ടി ദാസിന്റെ പോസ്റ്റില്‍ പറയുന്നത്.സംഘപരിവാര സഹയാത്രികരായ 'ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍' (കാസ) എന്ന വിധ്വേഷ പ്രചാരകരായ ക്രിസംഘി സംഘടനയും ഡിവൈഎഫ്‌ഐക്ക് പിന്തുണ അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. 'നമ്മുടെ മതേതര കേരളത്തില്‍ ഭക്ഷണത്തില്‍ മതം കലര്‍ത്തി അന്യമതസ്ഥര്‍ അറുത്തത് അല്ല എന്നുറപ്പുവരുത്തുന്ന തരത്തില്‍ 'ഹലാല്‍ ' സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് വെച്ച് അയിത്തം സൃഷ്ടിക്കുന്ന, പന്നിയിറച്ചിക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്ന, മത വിശ്വാസത്തിന്റെ പേരില്‍ ഭക്ഷണത്തില്‍ തുപ്പുന്ന സംഘപരിവാര രാഷ്ട്രീയത്തിനെതിരെയുള്ള ഡിവൈഎഫ്‌ഐയുടെ സമരത്തിന് ഐക്യദാര്‍ഢ്യം. വര്‍ഗ്ഗീയത വേണ്ട, രുചി മതി...' എന്നാണ് കാസ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.


തിരുവനന്തപുരത്ത് ഫുഡ്‌സ്ട്രീറ്റ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം ആണ് ഉദ്ഘാടനം ചെയ്തത്. കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രമുള്ള, സാമുദായിക ഐക്യത്തിന്റെ നാടാണ് കേരളമെന്നും സമീപകാലത്ത് നമുക്ക് പരിചിതമല്ലാത്ത വിദ്വേഷ കാംപയിന്‍ സംഘപരിവാര്‍ അഴിച്ചുവിടുകയാണെന്നും എ എ റഹീം പറഞ്ഞു. ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഹലാല്‍ വിവാദത്തില്‍ എത്തിയിരിക്കുന്നു. മുസ് ലിം നാമധാരികള്‍ നടത്തുന്ന ഹോട്ടലുകള്‍ക്കെതിരെ, ഹലാല്‍ ബോര്‍ഡുകളുള്ള ഹോട്ടലുകള്‍ക്കെതിരെ ആസൂത്രിത വിദ്വേഷ പ്രചാരണം ആര്‍എസ്എസ് അഴിച്ചുവിടുകയാണ്. കേരളത്തിലെ ബിജെപി അധ്യക്ഷന്‍ തന്നെ പ്രചാരണത്തിന് നേതൃത്വം നല്‍കിയെന്നും എ എ റഹീം വിമര്‍ശിച്ചു. ഡിവൈഎഫ്‌ഐയുടേത് സംഘപരിവാര വിരുദ്ധതയല്ലെന്നും രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കിയാണ് അവനരടെ പരിപാടിയെന്നും ഇതിനിടെവിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഡിവൈഎഫ്‌ഐയുടെ വിശ്വാസികള്‍ക്കെതിരായ നീക്കത്തിനെതിരേ യൂത്ത് കോണ്‍ഗ്രസും രംഗത്ത് വന്നു. ഹലാല്‍ ഫുഡ് ഫെസ്റ്റുമായാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് കൈപമംഗലം നിയോജകമണ്ഡലം കമ്മിറ്റി ഇന്നു വൈകീട്ട് അഞ്ചു മണിക്ക് എറിയാട് ചന്തയില്‍ ഹലാല്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഹലാല്‍ ഭക്ഷണത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പരാമര്‍ശത്തിനു വിരുദ്ധമായി പാര്‍ട്ടി വക്താവ് സന്ദീപ് വാര്യര്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് വാര്യര്‍ മുങ്ങുകയായിരുന്നു.

Next Story

RELATED STORIES

Share it