Big stories

ബലിയുടെ മന്ത്രം...

ബലിയുടെ മന്ത്രം...
X

-ഡോ. സി കെ അബ്ദുല്ല

ഇബ്രാഹിമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉറപ്പായും നിങ്ങള്‍ക്ക് ഉത്തമ മാതൃക കടന്നു പോയിട്ടുണ്ട്. 'നിങ്ങളെയും അല്ലാഹുവിനപ്പുറം നിങ്ങള്‍ ആരാധിക്കുന്ന സകലതിനെയും ഞങ്ങള്‍ നിരാകരിക്കുന്നു. ഞങ്ങള്‍ നിങ്ങളെ തന്നെ നിഷേധിക്കുകയാണ്. നിങ്ങള്‍ ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുവോളം ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവാതിരിക്കില്ല' എന്ന് സ്വന്തം ജനതയോട് അവര്‍ നടത്തിയ ആ പ്രഖ്യാപനത്തില്‍.


ഇബ്രാഹിമിന്റെ ഒരു പ്രയോഗം ഈ മാതൃകയില്‍ നിന്നൊഴിവാണ്. (വിഗ്രഹാരാധകനായിരുന്ന പിതാവിന് വേണ്ടി) 'ഞാന്‍ നിങ്ങള്‍ക്ക് പാപമോചനം തേടും, അല്ലാഹുവില്‍ നിന്നും നിങ്ങള്‍ക്ക് വേറൊന്നും എന്റെ പക്കലില്ല' എന്ന പ്രയോഗം.

ഞങ്ങളുടെ നാഥാ, എല്ലാം ഞങ്ങള്‍ നിന്നില്‍ ഭരമേല്‍പിക്കുന്നു. ചെയ്തികളെല്ലാം നിന്നിലേക്ക് മടക്കുന്നു. ഞങ്ങള്‍ തന്നെയും നിന്നിലേക്ക് മടങ്ങി വരാനുള്ളതാണ് (ഖു 60:4).


ഒരേയൊരു അല്ലാഹുവില്‍ വിശ്വസിച്ചു ജീവിക്കുന്നത് കാരണം വിശ്വാസികളോടു ശത്രുത പുലര്‍ത്തുന്ന ബന്ധു മിത്രാദികളോട് എന്തു നിലപാട് എടുക്കണം എന്ന് വിശദീകരിക്കുന്നിടത്താണ് ഇത് പറയുന്നത്.

'സത്യവിശ്വാസികളെ, എന്റെയും നിങ്ങളുടെയും ശത്രുക്കളോട് മമത പുലര്‍ത്തിക്കൊണ്ട് നിങ്ങള്‍ അവരെ മിത്രങ്ങളും രക്ഷകരുമായി പരിഗണിക്കരുത്...' എന്ന പൊതു നിര്‍ദേശവുമായാണ് ആ അധ്യായം ആരംഭിക്കുന്നത്.

ഹിന്ദുത്വ മൂര്‍ത്തികള്‍ക്ക് ജയ് വിളിക്കാന്‍ നിര്‍ബന്ധിച്ചാല്‍ പാര്‍ട്ടി നേതാവിന് ജയ് വിളിക്കുന്ന ലാഘവത്തില്‍ അങ്ങ് വിളിക്കുകയാണ് വേണ്ടത് എന്നൊരു പുതിയ വയള് കേട്ടു. അങ്ങനെ വിളിക്കാന്‍ സമ്മതിക്കാതെ അടിച്ചുകൊലക്കിരയായി മൃത്യു വരിച്ചവരോട് ഈ സാരോപദേശകന് സഹതാപമാണ് പോലും.


ആ ലൈനില്‍ നാം ചരിത്രം വായിച്ചാല്‍, ബഹുദൈവാരാധകരായിരുന്ന ഖുറൈശി പ്രമാണിമാരുടെ ആജ്ഞക്ക് വഴങ്ങി ജയ് ലാത്ത, ജയ് ഉസ്സ എന്നൊക്കെ വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ സുമയ്യയും(റ) യാസിറും(റ) കൊല്ലപ്പെടില്ലായിരുന്നു.

വിവരവും വേഷവുമാണ് സമൂഹത്തില്‍ സ്വീകാര്യതയുടെ മാനദണ്ഡമെങ്കില്‍ പിശാചുക്കളുടെ തലതൊട്ടപ്പന്‍ ഇബ്‌ലീസ് എമ്മാതിരി പണ്ഡിതനും മാന്യനുമായിരുന്നു! അതും മാലാഖാമാര്‍ക്കിടയില്‍.

ഐതിഹ്യങ്ങളിലും ചരിത്രത്തിലും തിളങ്ങി നിന്നിരുന്നവര്‍ തന്നെയാണ് പിന്നീട് മൂര്‍ത്തികളായി ആരാധിക്കപ്പെട്ടത്. ഇസ്‌ലാം ശക്തമായി വിലക്കുന്നതും ഫാഷിസം മുസ്‌ലിംകളെ നിര്‍ബന്ധിക്കുന്നതും ആ ശിര്‍ക്കില്‍ രാജിയാവുന്നതിനാണ്. ഒന്ന് ഏറ്റുവിളിക്കാന്‍ തയ്യാറായാല്‍ അതിനേക്കാള്‍ വലുത് അവരിറക്കും.

ഫാഷിസം ആഗ്രഹിക്കുന്നിടത്തേക്ക് ഇസ്‌ലാമിനെ ചരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണവും തരവും കൂടിവരികയാണ്. പ്രവാചകരുടെ ഒരു മുന്നറിയിപ്പ് ഘട്ടത്തിലൂടെ നാം കടന്നു പോവുകയാണെന്ന് തോന്നുന്നു. 'ജനങ്ങളില്‍ ഒരു കാലം വരും, അവരില്‍ സ്വന്തം ദീനില്‍ ഉറച്ചു നില്‍ക്കുന്നവരുടെ അവസ്ഥ തീക്കട്ട കയ്യില്‍ പിടിച്ചവനെ പോലെയായിരിക്കും' (തിര്‍മിദി).

ഏകദൈവ വിശ്വാസം അതിന്റെ ഏതു എതിര്‍വശങ്ങളുമായി മാറ്റുരക്കുമ്പോഴും നമുക്ക് വിളിക്കാന്‍ ഒരൊറ്റ മുദ്രാവാക്യമേ ഉള്ളൂ. വിശ്വാസികളുടെ പിതാവ് ഇബ്രാഹിം(അ) പിശാചുക്കളുടെ തലതൊട്ടപ്പന് മുന്നില്‍ ഉയര്‍ത്തിയ സമര്‍പ്പണത്തിന്റെ, ആത്മബലിയുടെ മുദ്രാവാക്യം. അതുമാത്രം ഉയര്‍ത്താന്‍ തയ്യാറായാല്‍ ആത്മവഞ്ചനയില്‍ നിന്ന് രക്ഷ നേടാം.

ലാ ഇലാഹ ഇല്ലല്ലാഹ്.. അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.

ഉയരട്ടെ ബലി പെരുന്നാള്‍ തക്ബീറുകള്‍!.

Next Story

RELATED STORIES

Share it